January 2, 2025 8:01 pm

വയലൻസിൻ്റെ പരകോടിയിൽ മാർക്കോ,,,,,,,,,,,,,,

ഡോ ജോസ് ജോസഫ് 
  ഉണ്ണി മുകുന്ദന് ഇന്ത്യൻ സിനിമയിലെ ജോൺ വിക്ക് ,മലയാളത്തിലെ റിബൽ സ്റ്റാർ എന്നീ വിശേഷണങ്ങൾ നേടിക്കൊടുത്ത മാർക്കോ, മോസ്റ്റ് വയലൻ്റ് മലയാളം മൂവി എന്ന അണിയറ പ്രവർത്തകരുടെ അവകാശ വാദത്തോട് നൂറു ശതമാനവും നീതി പുലർത്തുന്നു.
Unni mukundan new movie – What the fuss !
അക്രമത്തെ മഹത്വവൽക്കരിക്കുന്നില്ല എന്ന് എഴുതിക്കാണിച്ചു കൊണ്ടാണ് ചിത്രം തുടങ്ങുന്നതെങ്കിലും ഇന്ത്യൻ സിനിമയിലെ തന്നെ ഏറ്റവും വയലൻ്റായ ചിത്രങ്ങളിലൊന്നാണ് ഹനീഫ് അദേനി തിരക്കഥയെഴുതി സംവിധാനം ചെയ്ത മാർക്കോ.
ആനിമൽ, കെ ജി എഫ്,കിൽ തുടങ്ങിയ സമീപകാല ഇന്ത്യൻ ചിത്രങ്ങളിലെ കൊടും നിഷ്ഠൂരമായ അക്രമ രംഗങ്ങളെ മറികടക്കുന്നതാണ് മർക്കോയിലെ വയലയൻസ്.ഒരു മനുഷ്യ ശരീരത്തോട് കാണിക്കാവുന്ന സങ്കൽപ്പാതീതമായ എല്ലാ കൊടും ക്രൂരതകളും അപമാനവും ആദ്യന്തം രക്തത്തിൽ മുങ്ങിക്കുളിച്ച മാർക്കോയിൽ കാണാം.
  സിൻഡിക്കേറ്റിൻ്റെ അധോലോക പ്രവർത്തനങ്ങൾ, അവർക്കിടയിലെ കുടിപ്പക, വിശ്വാസ വഞ്ചന, ചതി, പ്രതികാരം, തിരിച്ചടി എന്നിങ്ങനെയുള്ള പതിവ് ഫോർമുലയ്ക്ക്  അങ്ങേയറ്റത്തെ വയലൻസ് കൊണ്ട് പുതുമ പകരാനാണ് ഈ ചിത്രത്തിൽ സംവിധായകൻ ശ്രമിച്ചിരിക്കുന്നത്.നിവിൻ പോളി ചിത്രം മിഖായേലിൻ്റെ സ്പിൻ ഓഫാണ് മാർക്കോ.കഥാപാത്രത്തിന് മാർക്കോ എന്ന പേരുണ്ടെന്നല്ലാതെ മിഖായേലിൻ്റെ കഥയുമായി ബന്ധമൊന്നുമില്ല.
Marco first look: Unni Mukundan stuns in a ruthless avatar in the Mikhael spin-off
കർശനമായും പ്രായപൂർത്തിയായവർക്കു വേണ്ടി മാത്രമുള്ള ചിത്രം  അഞ്ചു ഭാഷകളിലാണ്  റിലീസ് ചെയ്തിരിക്കുന്നത്. ക്യൂബ്സ് എൻ്റർടെയ്ൻമെൻ്റ്സിൻ്റെ ബാനറിൽ ഷെറീഫ് മുഹമ്മദാണ് ചിത്രം നിർമ്മിച്ചത്.145 മിനിറ്റാണ് ചിത്രത്തിൻ്റെ ദൈർഘ്യം.
  അല്ലു അർജുൻ ചിത്രം പുഷ്പയിൽ ചന്ദനക്കടത്ത് സിൻഡിക്കേറ്റാണ് കഥയെ മുന്നോട്ടു കൊണ്ടു പോകുന്നതെങ്കിൽ മാർക്കോയിൽ ആ സ്ഥാനത്ത് സ്വർണ്ണക്കടത്ത് സിൻഡിക്കേറ്റാണ്.അടാട്ട് ജോർജ്ജും
 ( സിദ്ദിഖ് ) ടോണി ഐസക്കുമാണ് (ജഗദീഷ്) സിൻഡിക്കേറ്റിലെ പ്രമുഖർ.
സ്വന്തം ശത്രുക്കളെ ജോർജ്ജിനെതിരെ തിരിച്ചു വിട്ട് ജോർജ്ജിനെ കൊണ്ട് അവരെ വക വരുത്തിക്കുന്നതാണ് ടോണിയുടെ തന്ത്രം.വലിയ പാരമ്പര്യമുള്ള കുടുംബമാണ് അടാട്ട് ജോർജ്ജിൻ്റേത്.അടാട്ടു കാരണവർ എവിടുന്നോ കൂട്ടിക്കൊണ്ടു വന്ന മാർക്കോ (ഉണ്ണി മുകുന്ദൻ ) അടാട്ടെ ദത്തു പുത്രനാണ്. കുടുംബമാണ് മാർക്കോയുടെ ഏറ്റവും വലിയ ദൌർബ്ബല്യം.മാർക്കോ എന്ന വളർത്തു സഹോദരൻ കുടുംബത്തിനു വേണ്ടി എന്തും ചെയ്യും. ഏതറ്റം വരെയും പോകും. കുടുംബത്തിലെ കുട്ടികൾക്ക് മാർക്കോ ഡെയർ ഡെവിൾ മാത്രമല്ല സൂപ്പർ ഹീറോ കൂടിയാണ്.
 ഒരു പ്രത്യേക സാഹചര്യത്തിൽ അടാട്ട് കുടുംബത്തിലെ ഇളയ സഹോദരൻ വിക്ടർ കൊല്ലപ്പെടുന്നു. എന്തും മണത്തു കണ്ടു പിടിക്കാൻ കഴിവുള്ള വിക്ടർ ജന്മനാ അന്ധനാണ്.ഹൈഡ്രോഫ്ലുഓറിക് ആസിഡിൽ  മുക്കി കൊല്ലപ്പെട്ട വിക്ടറിൻ്റെ ഉരുകിയ ഉടലിൻ്റെ ഒരു ഭാഗം മാത്രമാണ് കണ്ടു കിട്ടിയത്.മനസ്സമ്മതം കഴിഞ്ഞ് ഇറ്റലിയിലായിരുന്ന മാർക്കോയെ  സഹോദരൻ്റെ മരണം കുടുംബം  അറിയിച്ചിരുന്നില്ല. എങ്കിലും മാർക്കോ  വിവരമറിഞ്ഞ് തിരിച്ചെത്തുന്നു.പുറത്തു നിന്നുള്ള ആരോ ആണ് വിക്ടറിനെ കൊന്നതെന്ന നിഗമനത്തിൽ അന്വേഷണത്തിന് സിൻഡിക്കേറ്റ് എല്ലാ സഹായവും വാഗ്ദാനം ചെയ്യുന്നു.
ആക്ഷന്‍ രംഗങ്ങള്‍ക്ക് ചിത്രീകരിച്ചത് 60 ദിവസംകൊണ്ട്; ഉണ്ണി മുകുന്ദന്‍ ചിത്രം 'മാര്‍ക്കോ' പൂര്‍ത്തിയായി | Unni mukundan Movie Marco Warpped | Madhyamam
 വിക്ടറിൻ്റെ മരണമന്വേഷിക്കാൻ  ടോണിയുടെ മകൻ റസ്സലും (അഭിമന്യു ഷമ്മി തിലകൻ) സിൻഡിക്കേറ്റ് അംഗം ദേവ് രാജും (ആൻസൺ പോൾ ) മാർക്കോയുടെ കൂടെയുണ്ട്. വിക്ടറിൻ്റെ യഥാർത്ഥ കൊലപാതകികളെ തിരിച്ചറിയുന്ന മാർക്കോ വയലിൻസിൻ്റെ മൂർദ്ധന്യ ഭാവത്തിലേക്കു മാറുന്നു. അടിയും തിരിച്ചടിയുമായി മുന്നേറുമ്പോൾ സ്ക്രീനിൽ രക്തപ്പുഴയൊഴുകുന്നു.ശരീരഭാഗങ്ങൾ ചിതറിത്തെറിച്ചു വീഴുന്നു.
ക്ലൈമാക്സിന് അര മണിക്കൂർ മുമ്പ് വയലൻസിൽ മാർക്കോയ്ക്ക് ഒത്ത എതിരാളിയായി സൈറസ് (കബീർ ദുൽഹൻ സിംഗ്) എത്തുന്നതോടെ നാരകീയമായ  കൊടും ക്രൂരതകളാണ് പ്രേക്ഷകരെ കാത്തിരിക്കുന്നത്. അങ്ങേയറ്റത്തെ വയലൻസ് ഇഷ്ടപ്പെടുന്ന പ്രേക്ഷകർക്കുള്ള ദൃശ്യവിരുന്നാണ് അവസാനത്തെ 20 മിനിറ്റിൽ വില്ലന്മാരും മാർക്കോയും തമ്മിൽ നടക്കുന്നപൈശാചികമായ ഏറ്റുമുട്ടൽ. കലൈ കിങ്സണാണ് ആക്ഷൻ കൊറിയോഗ്രാഫി ഒരുക്കിയിരിക്കുന്നത്. കൃത്യമായ ഇടവേളകളിൽ ഗംഭീരമായ ഫൈറ്റ് സീക്വൻസുകൾ ചിത്രത്തിൽ ഇടം പിടിച്ചിട്ടുണ്ട്.
ശരീര ഭാഷയിലും ആകാരത്തിലും ഫൈറ്റിലുമെല്ലാം ” മോസ്റ്റ് വയലൻ്റ് ” മാർക്കോയായി ഗംഭീര പ്രകടനമാണ് ഉണ്ണി മുകുന്ദൻ നടത്തിയിരിക്കുന്നത്. അതി കഠിനമായ പരിശീലനം വേണ്ട ജോൺ വിക്ക് സ്റ്റൈൽ ഫൈറ്റിലും ഉണ്ണി മുകുന്ദൻ തിളങ്ങി.ഡയലോഗ് ഡെലിവറിയിൽ ഇനിയും മെച്ചപ്പെടാനുണ്ട്. ജഗദീഷിൻ്റെ വ്യത്യസ്തമായ വേഷമാണ് വില്ലൻ ടോണി.അടാട്ട് കുടുംബത്തിലെ മൂത്ത സഹോദരൻ ജോർജ്ജിൻ്റെ വേഷം  സിദ്ദിഖും മികച്ചതാക്കി.
നായികമാരായെത്തിയ യുക്തി തരേജ, ധുർവ താക്കർ എന്നിവർക്ക് കാര്യമായൊന്നും ചെയ്യാനില്ല.ടർബോയിലൂടെ ശ്രദ്ധേയനായ കബീർ ദുൽഹൻ സിംഗ്, അഭിമന്യു ഷമ്മി തിലകൻ, ആൻസൺ പോൾ എന്നിവർ വില്ലന്മാരുടെ വേഷത്തിൽ ശ്രദ്ധേയമായ പ്രകടനമാണ് നടത്തിയിരിക്കുന്നത്.ദിനേഷ് പ്രഭാകർ, അർജുൻ നന്ദകുമാർ, അജിത് കോശി, ലിഷോയി, ശ്രീജിത്ത് രവി തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കൾ.
MARCO Teaser hindi : Release date | Unni mukundan | Marco teaser trailer | Marco trailer hindi
  ഹനീഫ് അദേനിയുടെ തിരക്കഥ തരക്കേടില്ല.എന്നാൽ സംഭാഷണങ്ങൾ ദുർബ്ബലമാണ്.ജഗദീഷ്, സിദ്ദിഖ് എന്നിവരുടേതൊഴികെയുള്ള കഥാപാത്രങ്ങളുടെ ഡയലോഗ് ഡെലിവറിയിൽ പോരായ്മകളുണ്ട്. കെ ജി എഫ് ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ രവി ബസ്റൂറാണ് മാർക്കോയുടെ സംഗീത സംവിധായകൻ.രവിയുടെ സംഗീതം മാർക്കോയെ ഒരു മാസ്സീവ് വയലൻ്റ് ചിത്രത്തിൻ്റെ തലത്തിലേക്കുയർത്തി. ചന്ദ്രു സെൽവരാജിൻ്റെ ഛായാഗ്രഹണവും ഗംഭീരമാണ്.
ഫൈറ്റ് സീനുകൾക്ക് കൃത്യമായ പ്ലേസിംഗ് നൽകുന്നതിൽ എഡിറ്റർ ഷമീർ മുഹമ്മദും വിജയിച്ചു.മലയാള സിനിമയിൽ വയലൻസ് ഏതറ്റം വരെ പോകാമെന്ന് കൃത്യമായി അടയാളപ്പെടുത്തുന്ന സിനിമയാണ് മാർക്കോ.വയലൻ്റ് ആക്ഷൻ ചിത്രങ്ങളുടെ ആരാധകരെ തൃപ്തിപ്പെടുത്തും.എന്നാൽ മനക്കട്ടിയില്ലാത്തവർക്ക് കണ്ടിരിക്കാനാവില്ല. ശരീര ഭാഗങ്ങൾ ചിതറിത്തെറിക്കുന്ന രക്തരൂഷിതമായ ദൃശ്യങ്ങൾ ചിലരിൽ അസ്വസ്ഥതകൾ സൃഷ്ടിച്ചേക്കാം.
Marco Official Hindi Teaser | Unni Mukundan | Haneef Adeni | Ravi Basrur | Shareef Muhammed
——————————————————-

 (കേരള കാർഷിക സർവ്വകലാശാലയുടെ തൃശൂർ വെളളാനിക്കര കാർഷിക കോളേജ് മുൻ പ്രൊഫസറാണ് ലേഖകൻ)

——————————————————————-
കൂടുതല്‍ വാര്‍ത്തകള്‍ക്കായി
http://www.newsboardindia.com
സന്ദര്‍ശിക്കുക

Leave a Reply

Your email address will not be published. Required fields are marked *

Related News

Latest News