December 22, 2024 7:50 am

തോക്കുകൾ കഥ പറയുന്ന റൈഫിൾ ക്ലബ്ബ് 

 ഡോ ജോസ് ജോസഫ്
 നീലവെളിച്ചത്തിനു ശേഷം ആഷിഖ് അബു സംവിധാനം ചെയ്ത റൈഫിൾ ക്ലബ്ബ് മേക്കിംഗിൽ മികവു പുലർത്തുന്ന റെട്രോ സ്റ്റൈൽ ആക്ഷൻ ചിത്രമാണ്.
തുടക്കം മുതൽ വെടിയൊച്ച മുഴങ്ങുന്ന  റൈഫിൾ ക്ലബ്ബിൽ തോക്കുകളാണ് കഥ പറയുന്നത്.റൈഫിൾ ക്ലബ്ബിൻ്റെ  ക്ലൈമാക്സിൽ അനുരാഗ് കശ്യപ് അവതരിപ്പിക്കുന്ന വില്ലൻ ദയാനന്ദ് ബാരെ ക്ലബ് സെക്രട്ടറി അവറാനോട് ( ദിലീഷ് പോത്തൻ) നമുക്ക് ‘വൈൽഡ്‌ വൈൽഡ് വെസ്റ്റ് ‘ സ്റ്റൈലിൽ പൊരുതാം എന്ന് വെല്ലുവിളിക്കുന്നുണ്ട്.
Rifle Club trailer out: Aashiq Abu's film with Anurag Kashyap and Dileesh Pothan promises a riveting watch as the hunt begins
തോക്കുകളിലൂടെ അതിജീവനത്തിൻ്റെയും പോരാട്ടത്തിൻ്റെയും സൗഹൃദത്തിൻ്റെയും കഥ പറയുന്ന  റൈഫിൾ ക്ലബ്ബിൽ സംവിധായകൻ ആഷിഖ് അബു വൈൽഡ് വെസ്റ്റ് സിനിമകളിലെ വന്യതയും  പ്രതികാരവും  നിയമരാഹിത്യവും  റെട്രോ സ്റ്റൈലിൽ  പശ്ചിമഘട്ടത്തിൻ്റെ പശ്ചാത്തലത്തിലേക്ക് പറിച്ചു നട്ടിരിക്കുകയാണ്.ഒ പി.എം സിനിമാസിന്റെ ബാനറില്‍ ആഷിക്ക് അബു, വിന്‍സന്റ് വടക്കന്‍, വിശാല്‍ വിന്‍സന്റ് ടോണി എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിർമിച്ചത്.115 മിനിറ്റാണ് ചിത്രത്തിൻ്റെ ദൈർഘ്യം.
         
ആദ്യ പകുതി കഥാപരിസരത്തെയും. കഥാപാത്രങ്ങളെയും പരിചയപ്പെടുത്തുമ്പോൾ രണ്ടാം പകുതിയിൽ അടിയും തിരച്ചടിയുമായി നിരന്തരം വെടി പൊട്ടുന്നു.1991 ൽ മംഗലാപുരത്ത് ദയാനന്ദ് ബാരെ എന്ന ബിസിനസ് ഐക്കൺ സംഘടിപ്പിച്ച മകൻ്റെ ബർത്ത് ഡേ പാർട്ടിയോടെയാണ് ചിത്രത്തിൻ്റെ തുടക്കം. ആയുധ വ്യാപാരിയായ ദയാനന്ദ് ബാരെയ്ക്ക് താന്തോന്നികളായ രണ്ട് ആൺമക്കളാണുള്ളത് . അവിടെ ബർത്തേ പാർട്ടിയിൽ ഡാൻസർമാരുമായി ചില പ്രശ്നങ്ങളുണ്ടാകുന്നു. അത് പിന്നീട് സുൽത്താൻ ബത്തേരിയിലെ റൈഫിൾ ക്ലബ്ബിലേക്ക് നീളുന്നു.
 സുൽത്താൻ ബത്തേരിയിലെ റൈഫിൾ ക്ലബ്ബിൻ്റെ ചരിത്രം   ബ്രിട്ടീഷുകാരുടെ കാലത്തോളം നീളുന്നു. ബ്രീട്ടിഷുകാരിൽ നിന്നും അത് പിന്നീട് ടിപ്പു പിടിച്ചെടുത്തു ആയുധപ്പുരയാക്കി.കാലക്രമേണ സ്ഥലം  കുടിയേറ്റക്കാരായ നസ്രാണികളുടെ കൈകളിലെത്തി റൈഫിൾ ക്ലബ്ബായി മാറി .ക്ലബ്ബിൻ്റെ സ്ഥാപകരിലൊരാളായ കുഴിവേലിൽ ലോനപ്പൻ ( വിജയരാഘവൻ)ഇപ്പോഴും ജീവിച്ചിരിപ്പുണ്ട്. അവറാനാണ് ക്ലബ്ബിൻ്റെ ഇപ്പോഴത്തെ സെക്രട്ടറി.അവറാൻ്റെ ഭാര്യ സിസിലിയും (ഉണ്ണിമായ) ക്ലബ്ബിൻ്റെ നേതൃത്വത്തിലുണ്ട്. പരസ്പരം ബന്ധപ്പെട്ടുകിടക്കുന്ന, കെട്ടുപാടുകളുള്ള ഒരു വലിയ കൂട്ടുകുടുംബം പോലെയാണ് റൈഫിൾ ക്ലബ്ബ്. 
Rifle Club movie review: Aashiq Abu returns all guns blazing in this eclectic, explosive, and entertaining hunt | Movie-review News - The Indian Express
 
ശിക്കാരി ശംഭുവെന്ന് കുടുംബക്കാർ കളിയാക്കുന്നുണ്ടെങ്കിലും ഗംഭീര ഷൂട്ടറാണ് അവറാൻ. ക്ലബ്ബിലെ ആണുങ്ങൾ മാത്രമല്ല പെണ്ണുങ്ങളും ഉന്നം പിഴക്കാത്ത ഷൂട്ടർമാരാണ്. ഇട്ടിയാനമാണ് (വാണി വിശ്വനാഥ് ) അതിൽ ഏറ്റവും കേമി. സൂസൻ (സുരഭി ലക്ഷ്മി, ട്രീസ എന്ന കുഞ്ഞുമോൾ (ദർശന രാജേന്ദ്രൻ) ശോശാമ്മ (പൊന്നമ്മ ബാബു) തുടങ്ങിയ ക്ലബ്ബിലെ വനിതാ അംഗങ്ങളെല്ലാം മികച്ച ഷാർപ്പ്  ഷൂട്ടർമാരാണ്. “കൊന്നാൽ തിന്നോണം. ഇല്ലെങ്കിൽ കൊല്ലരുത് ” എന്നാണ് ക്ലബ്ബിൻ്റെ പ്രമാണം.
ഉണ്ടയെത്തുന്നതിനു മുമ്പെ മണ്ടയെത്തണം. വിശപ്പിനു വേണ്ടിയും ആത്മരക്ഷയ്ക്കു വേണ്ടിയും കൊല്ലാം എന്ന് ക്ലബ്ബിലെ അംഗം കൂടിയായ ഫാദർ ജോഷി ( പ്രശാന്ത് മുരളി) ന്യായപ്രമാണം നൽകുന്നുമുണ്ട്. “മഹത്തായ തോക്കുകൾക്ക് ഉടമസ്ഥരില്ല. പിൻഗാമിയെയുള്ളു. ” റൈഫിൾ ക്ലബ്ബിലെ ഓരോ തോക്കിനും വീരകഥകൾ പലതും പറയാനുണ്ട്.
Anurag Kashyap & Rapper Hanumankind's Malayalam Debut Film Rifle Club To Hit Theatres On THIS Date Ahead Of Christmas 2024
  മൃഗയായിലെ മമ്മൂട്ടിയുടെ വേട്ടക്കാരൻ വാറുണ്ണി തിയേറ്ററുകളിൽ നിറഞ്ഞു നിൽക്കുന്ന കാലം. രാപ്പാടി മൂവീസ് എന്ന നിർമ്മാണ കമ്പനിയ്ക്ക് ചോക്ലേറ്റ് നായകനും റൊമാൻ്റിക് ഹീറോയുമായ ഷാജഹാനെ (വിനീത് കുമാർ)  വെച്ച് മൃഗയാ സ്റ്റൈൽ സിനിമ പിടിക്കണമെന്ന് ആഗ്രഹം.ഷാജഹാന് പരുക്കൻ നായകനായി മാറണമെങ്കിൽ റോസാപ്പൂ പിടിച്ച കൈകളിൽ റൈഫിൾ വിളയാടണം. സ്വയം ഉടച്ചു വാർക്കണം.വേട്ടക്കാരോടൊപ്പം താമസിച്ച് കാട്ടിൽ വേട്ടയാടി മെത്തേഡ് ആക്ടിംഗ് പഠിക്കുക എന്ന ലക്ഷ്യം ഷാജഹാനെയും കൂട്ടുകാരെയും പശ്ചിമഘട്ടത്തിൻ്റെ നിറുകയിലുള്ള റൈഫിൾ ക്ലബ്ബിൽ എത്തിക്കുന്നു.
  മംഗലാപുരത്തു നിന്നും രക്ഷപെട്ടോടിയ ഡാൻസറും ( റംസാൻ ) കാമുകിയും അഭയം തേടി സുൽത്താൻ ബത്തേരിയിലെ റൈഫിൾ ക്ലബ്ബിലെത്തുന്നതാണ് കഥയിലെ വഴിത്തിരിവ്.ഷാജഹാൻ്റെ കസിനാണ് ഡാൻസർ. ഷാജഹാൻ അവറാനൊപ്പം കാട്ടിൽ വേട്ടയാടാൻ പോയ സമയത്ത്  ദയാനന്ദ് ബാരെയുടെ മകൻ ബീര ( ഹനുമാൻ കൈൻഡ്) ഡാൻസറെ പിന്തുടർന്ന്  ക്ലബ്ബിലെത്തുന്നു.തുടർന്നു പൊട്ടുന്ന വെടി ക്ലൈമാക്സ് വരെ നീളുന്നു.
ക്ലബ്ബ് അംഗങ്ങൾ ഒറ്റക്കെട്ടായി തിരിച്ചടിക്കുന്നു. മെഷീൻ ഗണ്ണുമായി എത്തുന്ന ദയാനന്ദ് ബാരെയെ ക്ലബ്ബ് നേരിടുന്നത് നാടൻ തോക്കുകൾ കൊണ്ടാണ്. ക്ലൈമാക്സ് എത്തും വരെ  ചിത്രം നന്നായി ബിൽഡ് അപ്പ് ചെയ്തെങ്കിലും ക്ലൈമാക്സ് വേണ്ട വിധം ഏശിയില്ലെന്നത് ചെറിയ ന്യൂനതയാണ്.
ആക്ഷനിലും ഒരു കൈ നോക്കാന്‍ സുരഭി; പിറന്നാള്‍ ദിനത്തില്‍ തോക്കുമേന്തി സര്‍പ്രൈസ് പോസ്റ്റര്‍, Surabhi Lakshmi. Rifle Club. Ashiq Abu. Action Movie. Malayalam Movie
 മുതിർന്ന തലമുറയിലെയും യുവതലമുറയിലെയും ഒരു നീണ്ട താരനിര തന്നെ റൈഫിൾ ക്ലബ്ബിൽ അഭിനയിക്കുന്നുണ്ട്. എല്ലാവർക്കും ചെറുതെങ്കിലും കൃത്യമായ സ്ക്രീൻ സ്പേസ്  സംവിധായകൻ നൽകി.അഭിനേതാക്കളിൽ ക്ലബ്  സെക്രട്ടറി അവറാൻ്റെ വേഷത്തിലെത്തിയ ദിലീഷ് പോത്തൻ തന്നെ മുന്നിൽ.
അനുരാഗ് കശ്യപിൻ്റെ വില്ലൻ മാനറിസങ്ങൾ മുമ്പ് പല ബോളിവുഡ്  ചിത്രങ്ങളിലും കണ്ട് . പരിചിതമാണ്. വാണി വിശ്വനാഥിൻ്റെ ശക്തമായ തിരിച്ചു വരവാണ് ഇട്ടിയാനം. ഇട്ടിയാനത്തിൻ്റെ മുൻ ഭർത്താവ് ഡോ. ലാസറിൻ്റെ വേഷത്തിൽ സുരേഷ് കൃഷ്ണയും കുഴിവേലിൽ ലോനപ്പനായി വിജയരാഘവനും തിളങ്ങി.വിഷ്ണു അഗസ്ത്യ, ഹനുമാൻ കൈൻഡ് ,റാഫി, രാമു, പ്രശാന്ത് മുരളി, റംസാൻ ,സെന്ന ഹെഗ്ഡേ തുടങ്ങിയവരും വേഷങ്ങൾ ഭംഗിയാക്കി.
വലിച്ചു നീട്ടലുകൾ ഇല്ലാതെ ഭംഗിയായി ഒതുക്കത്തിൽ സസ്പെൻസ് വിടാതെ കഥ പറയുന്നതിൽ സംവിധായകൻ ആഷിഖ് അബുവും തിരക്കഥാകൃത്തുക്കളും വിജയിച്ചിട്ടുണ്ട്. ദിലീഷ് നായര്‍, ശ്യാം പുഷ്‌കരന്‍, ഷറഫു, സുഹാസ് എന്നിവര്‍ ചേര്‍ന്നാണ്  തിരക്കഥ രചിച്ചിരിക്കുന്നത്. വൈൽഡ്‌ വൈൽഡ് വെസ്റ്റ് മാതൃകയിലാണ് കഥ പറഞ്ഞിരിക്കുന്നതെങ്കിലും അടുത്ത കാലത്തിറങ്ങിയ പണി, ബൊഗെയ്ൻവില്ല തുടങ്ങിയ ചിത്രങ്ങളിലേതു പോലെ അതി ക്രൂരമായ വയലൻസ് റൈഫിൾ ക്ലബ്ബിൽ ഇല്ല.
സംവിധായകൻ ആഷിഖ് അബു തന്നെയാണ് ഛായാഗ്രാഹകനും. അജയൻ ചാലിശ്ശേരിയുടെ പ്രൊഡക്ഷൻ ഡിസൈനും ഉയർന്ന നിലവാരം പുലർത്തുന്നു. റെക്സ് വിജയൻ്റെ സംഗീതവും വി സാജൻ്റെ എഡിറ്റിംഗും മികച്ചതാണ് –
Convincing star' Suresh Krishna's poster from 'Rifle Club' takes the internet by storm | - Times of India
——————————————————-

(കേരള കാർഷിക സർവ്വകലാശാലയുടെ തൃശൂർ വെളളാനിക്കര കാർഷിക കോളേജ് മുൻ പ്രൊഫസറാണ് ലേഖകൻ)

——————————————————————-
കൂടുതല്‍ വാര്‍ത്തകള്‍ക്കായി
http://www.newsboardindia.com
സന്ദര്‍ശിക്കുക

Leave a Reply

Your email address will not be published. Required fields are marked *

Related News

Latest News