December 18, 2024 1:38 pm

പൂരം ഇനി സുപ്രിം കോടതിയിലേക്ക് …..

ന്യൂഡൽഹി: തൃശ്ശൂർ പൂരം സുപ്രിംകോടതി കയറുന്നു. ആന എഴുന്നള്ളിപ്പിലെ നിയന്ത്രണം റദ്ദാക്കണമെന്നാവശ്യപ്പെട്ട് പൂരത്തിലെ പ്രധാന പങ്കാളികളായ പാറമേക്കാവ്, തിരുവമ്പാടി ദേവസ്വങ്ങൾ സുപ്രീംകോടതിലെത്തി.

കേരള ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഉത്തരവ് റദ്ദാക്കണമെന്നാണ് ആവശ്യം. ഉത്തരവ് അനുസരിച്ച് പൂരം നടത്താനാവില്ലെന്ന് ദേവസ്വങ്ങൾ ഹർജിയിൽ ബോധിപ്പിക്കുന്നു.

എഴുന്നള്ളിപ്പിൽ ആനകൾ തമ്മിൽ മൂന്നു മീറ്റർ അകലം, പൊതുവഴിയിൽ രാവിലെ 9നും വൈകിട്ട് 5നും ഇടയിൽ ആനകളെ ഉപയോഗിച്ചുള്ള പരിപാടികൾ പാടില്ല, രാത്രി പത്തുമണിക്കും രാവിലെ നാലിനും ഇടയിൽ ആനകളെ യാത്ര ചെയ്യിക്കരുത്, ദിവസത്തിൽ 8 മണിക്കൂർ വിശ്രമം, തുടർച്ചയായി 3 മണിക്കൂറിൽ കൂടുതൽ ആനകളെ എഴുന്നള്ളിക്കരുത്, ദിവസം 30 കിലോമീറ്ററിൽ കൂടുതൽ നടത്തുകയോ 125 കി.മീയിൽ കൂടുതൽ വാഹനത്തിൽ കൊണ്ടുപോകരുത് തുടങ്ങി ആന എഴുന്നള്ളിപ്പുമായി ബന്ധപ്പെട്ട മാർഗരേഖ ഹൈക്കോടതി നവംബറിൽ പുറത്തിറക്കിയിരുന്നു.

തീവെട്ടികളിൽനിന്ന് 5 മീറ്റർ ദൂരപരിധി ഉറപ്പാക്കണമെന്നും ആനകളുടെ 8 മീറ്റർ അകലെ മാത്രമേ ജനങ്ങളെ നിർത്താവൂ, വെടിക്കെട്ട് സ്ഥലത്തുനിന്നും 100 മീറ്റർ മാറിയേ ആനയെ നിർത്താവൂ തുടങ്ങിയ നിർദേശങ്ങളും മാർഗരേഖയിലുണ്ട്. വർഷത്തിൽ 1600ലേറെ ഉൽസവങ്ങൾ നടക്കുന്ന ജില്ലയിൽ ഈ നിർദേശങ്ങൾ പ്രായോഗികമല്ലെന്ന് ദേവസ്വങ്ങൾ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Related News

Latest News