ഭോപ്പാല്‍ :യാചകര്‍ക്ക് പണം നല്‍കുന്നവര്‍ക്കെതിരെ കേസെടുക്കാൻ രാജ്യത്തെ ഏറ്റവും ശുചിത്വമുള്ള നഗരമായ ഇന്ദോര്‍ നടപടി സ്വീകരിക്കുന്നു. ജനുവരി ഒന്നുമുതല്‍ കേസെടുത്ത് തുടങ്ങുമെന്ന് ജില്ലാ ഭരണകൂടം വ്യക്തമാക്കി.
മധ്യപ്രദേശിലെ ഇന്ദോറിലെ നിരത്തുകളിൽ നിന്ന് യാചകരെ പൂര്‍ണമായും ഒഴിവാക്കാനാണ് ഈ നീക്കം. ഇന്ദോറില്‍ ഭിക്ഷാടനം നിരോധിച്ചുകൊണ്ടുള്ള ഉത്തരവ് നിലവിലുണ്ട്.
യാചകര്‍ക്ക് ആരെങ്കിലും പണം നല്‍കുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍ അവര്‍ക്കെതിരെ പ്രഥമവിവര റിപ്പോര്‍ട്ട് (എഫ്.ഐ.ആര്‍) രജിസ്റ്റര്‍ചെയ്ത് അന്വേഷണം തുടങ്ങും. ജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന പ്രവര്‍ത്തനങ്ങളില്‍നിന്ന് എല്ലാവരും വിട്ടുനില്‍ക്കണമെന്ന് അഭ്യര്‍ഥിക്കുന്നതായി ജില്ലാ കളക്ടര്‍ ആശിഷ് സിങ് പറഞ്ഞു.
കേന്ദ്ര സര്‍ക്കാര്‍ പദ്ധതിയുടെ തുടക്കമെന്ന നിലയിലാണ് കടുത്ത നടപടികള്‍ക്ക് ഇന്ദോറില്‍ തുടക്കം കുറിക്കുന്നത്. ഡല്‍ഹി, ബെംഗളൂരു, ചെന്നൈ, ഹൈദരാബാദ്, ഇന്ദോര്‍, ലഖ്‌നൗ, മുംബൈ, നാഗ്പുര്‍, പട്‌ന, അഹമ്മദാബാദ് നഗരങ്ങള്‍ ഉള്‍പ്പെടുന്നതാണ് കേന്ദ്ര സര്‍ക്കാരിന്റെ പദ്ധതി.
ഇന്ദോര്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സന്നദ്ധ സംഘടനയുടെ സഹകരണത്തോടെയാണ് ഭിക്ഷാടനം പൂര്‍ണമായും ഇല്ലാതാക്കാനുള്ള നീക്കം നടത്തുന്നതെന്ന് മധ്യപ്രദേശ് സാമൂഹികക്ഷേമ മന്ത്രി നാരായണ്‍ സിങ് കുശ്വാഹ പറയുന്നു.