December 18, 2024 12:07 pm

അസദ് റഷ്യയിലേക്ക് കടത്തിയത് 2120 കോടി രൂപ

മോസ്‌കോ: സിറിയയിലെ മുൻ പ്രസിഡണ്ട് ബാഷര്‍ അല്‍ അസദ്, ഏകദേശം 2120 കോടി രൂപ പണമായി റഷ്യയിലേക്ക് കടത്തിയിരുന്നതായി ഫിനാന്‍ഷ്യന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. വിമതർ നടത്തിയ കലാപത്തെ തുടർന്ന് സുഹൃദ് രാജ്യമായ റഷ്യയിലേക്ക് മുങ്ങുകയായിരുന്നു അദ്ദേഹം.

വിമതസംഘമായ ഹയാത്ത് തഹ്രീര്‍ അല്‍ ഷാം (എച്ച്.ടി.എസ്.) തലസ്ഥാനഗരമായ ഡമാസ്‌കസ് പിടിച്ചെടുത്തതിന് പിന്നാലെ അസദിനെ രാജ്യം വിടാന്‍ റഷ്യയാണ് സഹായിച്ചത്.ആഭ്യന്തര യുദ്ധത്തില്‍ അസദിന്റെ പ്രധാന സഖ്യകക്ഷിയായിരുന്നു റഷ്യ. 2011 മുതല്‍ 2016 വരെയുള്ള ആഭ്യന്തരയുദ്ധകാലത്തും അതിനുശേഷവും അസദിന്റെ പ്രധാനസംരക്ഷകരായിരുന്നു അവർ.

ഏകദേശം രണ്ട് ടണ്ണോളം ഭാരംവരുന്ന നോട്ടുകളാണ് സിറിയന്‍ സെന്‍ട്രല്‍ ബാങ്ക് മോസ്‌കോയിലെ നുകോവോ വിമാനത്താവളത്തിലേക്ക് അയച്ചത്. നൂറിന്റെ ഡോളര്‍ നോട്ടുകളും അഞ്ഞൂറിന്റെ യൂറോ നോട്ടുകളുമായിരുന്നു ഇതില്‍.2018- 19 കാലത്തായിരുന്നു ഈ കടത്ത്.

ബാഷര്‍ അല്‍ അസദിന് റഷ്യ രാഷ്ട്രീയാഭയം നല്‍കിയിട്ടുണ്ട്.50 വര്‍ഷത്തിലേറെയായി സിറിയ ഭരിച്ചിരുന്ന അദ്ദേഹത്തിന്റെ കുടുംബത്തിന്റെ ഭരണം നിലനിര്‍ത്താന്‍ അവര്‍ സഹായിച്ചിരുന്നു.

സിറിയയിൽ 2011 മുതൽ തുടരുന്ന ജനകീയ പ്രതിഷേധമാണ് വിജയം കണ്ടത്.ഇതിൽ അഞ്ചുലക്ഷം പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *

Related News

Latest News