മുംബൈ: കണ്ടുകെട്ടിയത് ബിനാമി ആണെന്ന് തെളിയിക്കൻ ആയില്ലെന്ന കാരണത്താൽ, വീണ്ടും ഉപമുഖ്യമന്ത്രിയായി മഹാരാഷ്ട്രയിൽ അധികാരമേറ്റ എൻ.സി.പി നേതാവ് അജിത് പവാറിന് 1000 കോടിയുടെ സ്വത്തുക്കൾ തിരിച്ചു നൽകി ആദായ നികുതി വകുപ്പ്.
2021ൽ ബിനാമി കേസുമായി ബന്ധപ്പെട്ട് കണ്ടുകെട്ടിയത്താണ് ഈ സ്വത്ത്. കേസ് ചാർജ് ചെയ്യുമ്പോൾ അജിത് പവാർ മഹാവികാസ് അഘാഡി പക്ഷത്തായിരുന്നു. പിന്നീടാണ് പാർട്ടി പിളർത്തി ബി.ജെ.പിക്കും ഷിൻഡെയുടെ ശിവസേനയ്ക്കും ഒപ്പം ചേർന്ന് മഹായുതി സഖ്യത്തിൻ്റെ ഭാഗമായി സർക്കാരിൽ പങ്കാളിയായത്.
അജിത് പവാറിന്റെ കുടുംബം ബിനാമി സ്വത്ത് കൈവശം വെക്കുന്നതായുള്ള വാദം അപ്പലേറ്റ് ട്രൈബ്യൂണൽ തള്ളിയതിന്റെ പശ്ചാത്തലത്തിലാണ് ഈ നടപടിയെന്ന് ആദായ നികുതി വകുപ്പ് പറയുന്നു. കണ്ടുകെട്ടിയതൊന്നും ബിനാമി സ്വത്തുക്കളാണെന്ന് കണ്ടെത്താനായില്ലെന്നും നേരായ വഴിയിലാണ് ധനസമാഹരണമെന്നും ട്രൈബ്യൂണൽ വ്യക്തമാക്കി.
2021 ഒക്ടോബറിലാണ് ബിനാമി കേസുമായി ബന്ധപ്പെട്ട് അജിത് പവാറിന്റെയും കുടുംബത്തിന്റെയും കൈവശമുള്ള വിവിധ സ്ഥാപനങ്ങളിൽ ആദായനികുതി വകുപ്പ് പരിശോധന നടത്തിയത്. പിന്നാലെ സത്താറയിലെ പഞ്ചസാര ഫാക്ടറി, ഡൽഹിയിലെ ഫ്ലാറ്റ്, ഗോവയിലെ റിസോർട്ട് എന്നിവ കണ്ടുകെട്ടിയിരുന്നു.