ബന്ദികളെ വിട്ടില്ലെങ്കിൽ കടുത്ത തിരിച്ചടി എന്ന് ട്രംപിൻ്റെ ഭീഷണി

ന്യൂയോർക്ക് : ഇസ്രായേലിൽ നിന്ന് തട്ടികൊണ്ടു പോയ നൂറോളം പേരെ താൻ ഭരണത്തിലേറുന്ന ജനുവരി 20 ന് മുൻപ് മോചിപ്പിച്ചില്ലെങ്കിൽ പശ്ചിമേഷ്യ വലിയ വിലകൊടുക്കേണ്ടി വരുമെന്ന് നിയുക്ത അമേരിക്കൻ പ്രസിഡണ്ട് ഡോണാൾഡ് ട്രംപ് ഹമാസിന് മുന്നറിയിപ്പ് നൽകി.

തെക്കൻ ഇസ്രായേലിൽ കഴിഞ്ഞ വർഷം ഒക്ടോബർ 7 ന് ഹമാസ് നടത്തിയ അപ്രതീക്ഷിത ആക്രമണത്തിൽ 1200 ഓളം പേരാണ് കൊല്ലപ്പെട്ടത് . 250 പേരെ തട്ടിക്കൊണ്ടുപോകുകയും ചെയ്തിരുന്നു. ഇതിൽ 100 ഓളം പേർ ഇപ്പോഴും ഗസയിൽ തടങ്കലിലാണ്. ഇതിൽ എത്രപേർ ജീവനോടെ ഉണ്ടെന്ന് വ്യക്തമല്ല.

ബന്ദികളെ മോചിപ്പിച്ചില്ലെങ്കിൽ ‘ഉത്തരവാദികൾക്കെതിരെ അതിശക്തമായ ആക്രമണം ഉണ്ടാകുമെന്ന് ട്രംപ് അറിയിച്ചു. അമേരിക്കയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും കഠിനമായ പ്രഹരമായിരിക്കും അത്. അതിനാൽ ഇപ്പോൾ തന്നെ ബന്ദികളെ മോചിപ്പിക്കണം’- ട്രംപ് എക്സിൽ കുറിച്ചു.

ട്രംപിന്റെ വാക്കുകളെ ഇസ്രായേൽ പ്രസിഡന്റ് ഇസാഖ് ഹെർസോഗ് സ്വാഗതം ചെയ്തു.ട്രംപിന് നന്ദിയുണ്ടെന്നും ഞങ്ങളുടെ സഹോദരി സഹോദരൻമാർ സുരക്ഷിതമായി മടങ്ങുന്നതിനായി പ്രാർത്ഥിക്കുകയാണെന്നും ഇസാഖ് പറഞ്ഞു. എന്നാൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പ്രതികരിച്ചിട്ടില്ല.

ഇസ്രായേലും ഹമാസും തമ്മിലുള്ള ചർച്ചകൾ പുനരാരംഭിക്കാനുള്ള അവസാന ശ്രമത്തിലാണ് അമേരിക്കയിലെ ജോ ബൈജൻ ഭരണകുടം. ഇസ്രായേലും ലെബനനിലെ ഹിസ്ബുള്ളയും തമ്മിലുള്ള വെടിനിർത്തലിനായി നേരത്തേ യുഎസ് ഇടപെട്ടിരുന്നു.

അതേസമയം വെടിനിർത്തലിനായി ഹമാസ് അനുകൂല നിലപാട് സ്വീകരിക്കുന്നില്ലെന്നാണ് യുഎസ് ഭരണകുടം പറയുന്നത്. ഗസയിലെ സാധരണ ജനങ്ങളുടെ ജീവനെ കുറിച്ച് അവർക്ക് യാതൊരു ആശങ്കയുമില്ലെന്നും യുഎസ് വിമർശിച്ചു. ഗസയിലെ ഇസ്രായേൽ ആക്രമണത്തിൽ ഇതുവരെ 44,429 പേരാണ് കൊല്ലപ്പെട്ടതെന്നാണ് ഗസ ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

Related News

Latest News