സതീഷ് കുമാർ വിശാഖപട്ടണം
നവംബർ മാസമെത്തുന്നതോടെ കേരളത്തിലെ തെരുവോരങ്ങളിൽ നിറയുന്ന കാഴ്ചയാണ് കലണ്ടറുകൾ .
മാതൃഭൂമി, മലയാള മനോരമ, ദേശാഭിമാനി ,കേരളകൗമുദി, മാധ്യമം, ഉദയഭാരതം എന്നിങ്ങനെ വിവിധ കമ്പനികളുടെ കലണ്ടറുകൾ ഈ സീസണിൽ വിപണി പിടിച്ചെടുക്കാൻ മത്സരിക്കുകയാണ്.
ഈജിപ്തുകാരാണത്രേ ഇന്ന് കാണുന്ന കാലഗണനാരീതിയായ കലണ്ടർ എന്ന സംവിധാനം രൂപവൽക്കരിച്ചത്. എന്നാൽ ആകാശഗോളങ്ങളെ അടിസ്ഥാനപ്പെടുത്തിയുള്ള കലണ്ടർ മെസപ്പെട്ടോമിയായിലും ഭാരതത്തിലുമാണ് പ്രചരിച്ചു തുടങ്ങിയതെന്നും പറയപ്പെടുന്നുണ്ട്.
ഭൂമിയുടേയും സൂര്യന്റേയും ചലനങ്ങളെക്കുറിച്ച് കൂടുതൽ അറിയാൻ കഴിഞ്ഞതോടെയാണ് ഇപ്പോഴത്തെ ഗ്രിഗോറിയൻ കലണ്ടറുകൾ രൂപപ്പെട്ടത്. ഭാരതത്തിൽ പ്രചാരത്തിലുണ്ടായിരുന്നതും പരക്കെ അംഗീകരിക്കപ്പെട്ടതും സപ്തർഷികലണ്ടറുകളാണ് .
എന്നാൽ സപ്തർഷി കലണ്ടറുകളുടെ കാലഗണനാരീതിയും മാസ വിഭജനരീതിയും കൃത്യമായിരുന്നില്ല എന്നുകൂടി ആക്ഷേപമുണ്ടായിരുന്നു. ഇതു പരിഹരിക്കാനായി
കേരളത്തിലെ ഏറ്റവും വലിയ വാണിജ്യ കേന്ദ്രമായിരുന്ന കൊല്ലം നഗരത്തെ കേന്ദ്രീകരിച്ചുകൊണ്ട് അവിടത്തെ വ്യാപാരികളാണത്രെ എ ഡി 825 -ൽ മലയാളഭാഷയ്ക്ക് മാത്രമായി പുതിയതായി ഒരു കലണ്ടറിന് തുടക്കം കുറിച്ചത് .
സപ്തർഷി കലണ്ടറിൽ നിന്നും വ്യത്യസ്തമായി ചിങ്ങം മുതൽ കർക്കിടകം വരെയുള്ള 12 മാസങ്ങൾ 28 മുതൽ 32 ദിവസങ്ങൾ വരെ ക്രമീകരിച്ചു കൊണ്ടാണ് കൊല്ലവർഷം കലണ്ടറിന് രൂപം കൊടുത്തത്.
അതുകൊണ്ടുതന്നെ കൊല്ലവർഷം കലണ്ടർ കേരളത്തിൽ മാത്രം പ്രചാരത്തിലുള്ള കാലഗണനാരീതിയും മലയാളത്തിനു മാത്രം സ്വന്തമായ മാസങ്ങളും കൊണ്ട് വ്യത്യസ്തവും മനോഹരവുമാണ്.
കൊല്ലവർഷത്തിലെ ഈ 12 മാസങ്ങൾ മലയാളിയുടെ സാമ്പത്തികവും ഭരണപരവും മതപരവും സാംസ്ക്കാരികവുമായ ജീവിതത്തിന് ഊടും പാവും നൽകിയവയാണെന്ന് എടുത്തു പറയേണ്ടതില്ലല്ലോ ?
നമ്മുടെ കലകളും സാഹിത്യവുമായി ഈ മാസങ്ങൾ ഇണപിരിയാനാവാത്ത
വിധം ബന്ധപ്പെട്ടു കിടക്കുകയാണ്.
എത്രയോ കഥകളിൽ, കവിതകളിൽ , ഗാനങ്ങളിൽ ഈ മാസങ്ങൾ നക്ഷത്രങ്ങളെപ്പോലെ മലയാളിയുടെ കലാസാംസ്ക്കാരിക ജീവിതത്തിന് പ്രകാശം പരത്തിക്കൊണ്ട് ജ്വലിച്ചുനിൽക്കുന്നു.
ഋതുഭേദങ്ങളുടെ പാരിതോഷികങ്ങളായി മലയാളനാടിന് ലഭിച്ച ഈ മാസങ്ങളുടെ അപൂർവ്വ ചാരുത ഒപ്പിയെടുക്കുന്ന ചില ഗാനങ്ങൾ തീർച്ചയായും നമ്മെ വിസ്മയപ്പെടുത്തും .
മലയാളിയുടെ ഏറ്റവും വലിയ ഉത്സവാഘോഷമായ പൊന്നോണത്തിന്റെ വർണ്ണപ്പകിട്ടുമായി ആദ്യമെത്തുന്നത് പൊന്നിൻ ചിങ്ങമാസമാണ് .
എത്രയെത്ര മനോഹരഗാനങ്ങളാണ് ഈ ചിങ്ങമാസത്തിന്റെ ചായത്തളികയിൽ നമ്മുടെ പ്രിയ കവികൾ എഴുതിയിട്ടുള്ളത് ..
“ചിങ്ങകുളിർകാറ്റേ എങ്ങുനിന്നു വരുന്നു നീ …”
(അഗ്നിപുഷ്‌പം )
“പൂവണി പൊന്നിൻചിങ്ങം വിരുന്നുവന്നു…”
(പഞ്ചവടി )
” പൊന്നിൻ ചിങ്ങത്തേരുവന്നു പൊന്നമ്പലമേട്ടിൽ ..”.(ശാസ്ത്രം ജയിച്ചു മനുഷ്യൻ തോറ്റു )
” ചിങ്ങമാസം വന്നുചേർന്നാൽ നിന്നെ ഞാനെൻ സ്വന്തമാക്കും …”
(മീശ മാധവൻ )
എന്നിങ്ങനെ ചിങ്ങത്തെക്കുറിച്ച് പലരും പാടിയപ്പോൾ
മാമ്പഴക്കൂട്ടത്തിലെ മൽഗോവയെ പോലെ മാസങ്ങളിൽ നല്ലത് കന്നിമാസമാണെന്ന് എഴുതിയത് നമ്മുടെ പ്രിയകവി ഭാസ്കരൻ മാസ്റ്ററാണ് .
“മാമ്പഴക്കൂട്ടത്തിൽ മൽഗോവയാണു നീ
മാസങ്ങളിൽ നല്ല കന്നിമാസം … “
https://youtu.be/iuFlJl-F3YE?t=21
(ചിത്രം ഭാഗ്യമുദ്ര – സംഗീതം പുകഴേന്തി – ആലാപനം യേശുദാസ്)
കന്നിയിലെ ഇളംവെയിലിനുശേഷം കിഴക്കുനിന്നും “കറുകറാ കാർമുകിൽ കൊമ്പനാന പുറത്തെഴുന്നുള്ളി” കേരളത്തെ സസ്യശ്യാമളമാക്കാൻ എത്തുന്ന തുലാവർഷത്തെക്കുറിച്ചും മലയാളത്തിൽ സുന്ദരമായ ഒരു ഗാനമുണ്ട് .
“തുലാവർഷമേഘമൊരു പുണ്യതീർത്ഥം
തുളസിപൂങ്കുന്നൊരു വർണ്ണചിത്രം …. “
(ചിത്രം സ്വർണ്ണമത്സ്യം – രചന മങ്കൊമ്പ് ഗോപാലകൃഷ്ണൻ – സംഗീതം ബാബുരാജ് – ആലാപനം യേശുദാസ് )
കന്നിമാസം പോലെതന്നെ വൃശ്ചികരാത്രിയുടെ അരമന മുറ്റവും വൃശ്ചിക
പൂനിലാവുമൊക്കെ പി . ഭാസ്കരൻ മാസ്റ്ററുടെ പ്രിയപ്പെട്ട കല്പനകളായിരുന്നു .
“വൃശ്ചികപ്പൂനിലാവേ
പിച്ചകപ്പൂനിലാവേ
മച്ചിന്റെ മേലിരുന്നൊളിച്ചുനോക്കാൻ ലജ്ജയില്ലേ ലജ്ജയില്ലേ
നിനക്കു ലജ്ജയില്ലേ…”
(ചിത്രം തച്ചോളി മരുമകൻ ചന്തു –
സംഗീതം ദക്ഷിണാമൂർത്തി – ആലാപനം യേശുദാസ്)
കേരളത്തിലെ സ്ത്രീകളുടെ ഉത്സവമാണ് തിരുവാതിര. ധനുമാസ കുളിരിൽ എത്തുന്ന തിരുവാതിര സാക്ഷാൽ പരമശിവന്റെ ഐതിഹ്യവുമായി ബന്ധപ്പെട്ടുകിടക്കുന്നു.
“ധനുമാസത്തിൽ തിരുവാതിര തിരുനൊയമ്പിൻ നാളാണല്ലോ…”
https://youtu.be/UqhYjyUy298?t=34
(ചിത്രം മായ – രചന ശ്രീകുമാരൻ തമ്പി – സംഗീതം ദക്ഷിണാമൂർത്തി , ആലാപനം പി ലീലയും സംഘവും )
വസന്തകാലത്തിന്റെ വർണ്ണപ്പകിട്ടുമായി പിന്നാലെ മകരം എത്തുകയാണ്.സൂര്യൻ ഉത്തരായനത്തിലേക്ക് കടക്കുന്ന മകരമാസക്കുളിരിൽ പ്രണയിനിയുടെ നിറഞ്ഞ മാറിന്റെ ചൂടേറ്റു കിടക്കുന്ന മദാലസ രാത്രികളുടെ ലാവണ്യ ലഹരി ഞരമ്പുകളിലേക്ക് പകർന്നുതന്നത് പൂവച്ചൽ ഖാദർ എന്ന കവിയാണ് .
“ശരറാന്തൽതിരി താണു
മുകിലിൻ കുടിലിൽ
മൂവന്തിപെണ്ണുറങ്ങാൻ കിടന്നു… “
(ചിത്രം – കായലും കയറും,
സംഗീതം കെ വി മഹാദേവൻ – ആലാപനം യേശുദാസ് )
മകരം പോയാൽ പിന്നെ കുംഭം എത്തുകയായി. കുംഭത്തോടെ അന്തരീക്ഷം ചൂടുപിടിക്കുമെങ്കിലും കുമാരിമാരുടെ ഹൃദയം കുംഭമാസനിലാവ്
പോലെയാണെന്നാണ് ശ്രീകുമാരൻ തമ്പിയുടെ ഭാവന .
“കുംഭമാസ നിലാവു പോലെ കുമാരിമാരുടെ ഹൃദയം …”
(ചിത്രം ലോട്ടറി ടിക്കറ്റ് – സംഗീതം ദക്ഷിണാമൂർത്തി – ആലാപനം യേശുദാസ് )
മീനം വസന്തത്തിന്റെ പുഷ്പാഭരണങ്ങളാൽ സൗരഭ്യം പൊഴിയുന്ന മാസമാണല്ലോ ? മീനവേനലിൽ മനസ്സിൽ വസന്തകാല ജാലകം തുറക്കാനായി ആവശ്യപ്പെടുന്ന ഈ ഗാനം കിലുക്കത്തിലേതാണ് .
“മീന വേനലിൽ
രാഗകോകിലേ …”
https://youtu.be/1WJiL3H_PF8?t=20
(രചന ബിച്ചു തിരുമല – സംഗീതം എസ് പി വെങ്കിടേഷ് – ആലാപനം എം ജി ശ്രീകുമാർ , ചിത്ര.)
കേരളത്തിന്റെ കാർഷിക സംസ്കൃതിക്ക് തുടക്കം കുറിക്കുന്നത് വിഷുപ്പക്ഷി പാടുന്ന മേടമാസത്തിലാണ് .
മകരത്തേയും മേടത്തേയും കൂട്ടിയിണക്കി രതിയുടെ ചൂടും ചൂരും മനസ്സിലേക്ക് പകർന്നു തന്നു കൊണ്ട് ശ്രീകുമാരൻ തമ്പി “വെളുത്ത കത്രീന ” എന്ന ചിത്രത്തിനുവേണ്ടി എഴുതിയ ഗാനത്തിന്റെ അനുഭൂതി ഇന്നും ഓർമ്മകൾക്ക് സുഗന്ധം പകരുന്നു .
“മകരം പോയിട്ടും മാടമൊഴിഞ്ഞിട്ടും
മാറത്തെ കുളിരൊട്ടും പോയില്ലേ
മേടം വന്നിട്ടും പാടമൊഴിഞ്ഞിട്ടും മേനിത്തരിപ്പു കുറഞ്ഞില്ലേ ..”
(സംഗീതം ദേവരാജൻ – ആലാപനം ജയചന്ദ്രൻ ,
പി സുശീല )
വർഷമേഘങ്ങളുടെ ഗർജ്ജനത്തോടെയെത്തുന്ന ഇടവമാണ് കേരളത്തെ മരതക പട്ടുടുപ്പിക്കുന്നത് .ഇടവപ്പാതി കോള് കഴിഞ്ഞ് കടലിനക്കരെ മാനം തെളിയുന്നതും കാത്തിരിക്കുന്ന കടലിന്റെ മക്കളുടെ ഹൃദയ സംഗീതമായിരുന്നു ചെമ്മീനുവേണ്ടി വയലാർ എഴുതിയത്.
“പുത്തൻ വലക്കാരേ
പുന്നപ്പറക്കാരെ
പുറക്കാട്ട് കടപ്പുറത്ത്
ചാകര ചാകര ചാകര…
(സംഗീതം സലിൽ ചൗധരി ആലാപനം യേശുദാസ് , ഉദയഭാനു , പി ലീല ,ശാന്ത പി നായർ )
തോരാതെ പെയ്യുന്ന മിഥുനമഴ മനോഹരമായ കാഴ്ചയാണ് .പക്ഷേ ആ മഴ മനസ്സിൽ പെയ്യുന്ന അനുഭൂതിയാണ് ഗിരീഷ് പുത്തഞ്ചേരി “നന്ദനം ” എന്ന ചിത്രത്തിന് വേണ്ടി എഴുതിയത്.
“മനസ്സിൽ മിഥുന മഴ പൊഴിയുമഴകിലൊരു
മയിലിനലസലാസ്യം…”
(സംഗീതം രവീന്ദ്രൻ – ആലാപനം എംജിശ്രീകുമാർ ,
രാധിക തിലക് )
മലയാളം കലണ്ടറിലെ അവസാന മാസമാണ് കള്ള കർക്കിടകം . പഞ്ഞമാസമാണെങ്കിലും വരാൻപോകുന്ന ആവണി മാസത്തെ വരവേൽക്കുവാൻ പോകുന്ന സന്തോഷത്തോടെയാണ് കർക്കിടകത്തിന് വയലാർ മംഗളം പാടുന്നത്.
“കാറ്റും പോയി
മഴക്കാറും പോയി
കർക്കിടകം പുറകേ പോയി ആവണിത്തുമ്പിയും
അവൾ പെറ്റ മക്കളും
വാ വാ വാ …”
https://youtu.be/_47k_jmal6k?t=24
(സംഗീതം ദേവരാജൻ ആലാപനം മാധുരി – ചിത്രം വാഴ്‌വേമായം)
ഇങ്ങനെ മലയാളത്തിലെ ഓരോ മാസത്തെക്കുറിച്ചും വ്യത്യസ്ത പാട്ടുകളുള്ളപ്പോൾ എല്ലാ മാസങ്ങളേയും ഒന്ന് ചേർത്ത് അതി മനോഹരമായ ഒരു ഗാനം “ഗന്ധർവ്വക്ഷേത്രം ” എന്ന ചിത്രത്തിനുവേണ്ടി വയലാർ എഴുതിയിട്ടുണ്ട്.
“കൂഹു കുഹു കുയിലുകൾ പാടും …..”
https://youtu.be/IiCTwBXLSvA?t=8
എന്ന സുശീല പാടിയ ഈ ഗാനത്തിൽ ചിങ്ങം മുതൽ കർക്കിടകം വരെ ഉള്ള എല്ലാ മാസങ്ങളും വന്നുപോകുന്നു എന്നുള്ളതാണ് ഈ ഗാനത്തിന്റെ ഏറ്റവും വലിയ ആകർഷണം. (സംഗീതം ദേവരാജൻ )
മലയാള മാസങ്ങളുടെ മനോഹാരിത നിറഞ്ഞ ഈ ഗാനങ്ങളെല്ലാം തീർച്ചയായും മലയാളനാടിന് കാവ്യാലങ്കാരം തന്നെയാണെന്ന് പറയുന്നതോടൊപ്പം രസകരമായ ഈ കണ്ടെത്തൽ വായനക്കാർക്ക് ആസ്വാദ്യകരമാകും എന്നു കൂടെ കരുതട്ടെ ..
————————————————————————————————————-
(സതീഷ് കുമാർ : 9030758774)
—————————— —————————— ————-
കൂടുതല്‍ വാര്‍ത്തകള്‍ക്കായി
http://www.newsboardindia.com
സന്ദര്‍ശിക്കുക
Post Views: 116