സൈബർ കള്ളന്മാർ റാഞ്ചിയത് 11,333 കോടി രൂപ

ന്യൂഡൽഹി: ഈ വർഷത്തെ ആദ്യ ഒൻപതു മാസത്തിനിടെ രാജ്യത്ത് സൈബർ തട്ടിപ്പിലൂടെ നഷ്ടപ്പെട്ടത് ഏകദേശം 11,333 കോടി രൂപ. ഇന്ത്യൻ സൈബർ ക്രൈം കോർഡിനേഷൻ സെൻ്റർ സമാഹരിച്ച കണക്കാണിത്.

ഓഹരി വ്യാപാര തട്ടിപ്പിലൂടെയാണ് ഏറ്റവും കൂടുതൽ പണം നഷ്ടമായത് – 4,636 കോടി രൂപ. ഇതു സംബന്ധിച്ച് 2,28,094 പരാതികൾ ലഭിച്ചിട്ടുണ്ട്. ഓഹരി തട്ടിപ്പുമായി ബന്ധപ്പെട്ട് 3,216 കോടി രൂപയും, “ഡിജിറ്റൽ അറസ്റ്റു”കളിലൂടെ 1,616 കോടി രൂപയും നഷ്ടപ്പെട്ടിട്ടുണ്ട്.

സൈബർ തട്ടിപ്പുമായി ബന്ധപ്പെട്ട്, 12 ലക്ഷം പരാതികൾ ഈ വർഷം ഉണ്ടായതായി സിറ്റിസൺ ഫിനാൻഷ്യൽ സൈബർ ഫ്രോഡ് റിപ്പോർട്ടിംഗ് ആൻഡ് മാനേജ്‌മെൻ്റ് സിസ്റ്റം സൂചിപ്പിക്കുന്നു. ഇതിൽ 45 ശതമാനം പരാതികളും കംബോഡിയ, മ്യാൻമർ, ലാവോസ് തുടങ്ങിയ തെക്കുകിഴക്കൻ ഏഷ്യൻ രാജ്യങ്ങളിൽ നിന്നുള്ളതാണ്.

2021 മുതൽ, 30.05 ലക്ഷം പരാതികൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. 27,914 കോടി രൂപ ഈ കാലയളവിൽ നഷ്ടപ്പെട്ടു. 11,31,221 പരാതികൾ 2023ലും, 5,14,741 പരാതികൾ 2022ലും, 1,35,242 പരാതികൾ 2021ലും രജിസ്റ്റർ ചെയ്തിട്ടുള്ളവയാണ്.

ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പിന് പിന്നിലുള്ളവർ പൊലീസ്, സിബിഐ, ആർബിഐ അല്ലെങ്കിൽ നാർക്കോട്ടിക് ഉദ്യോഗസ്ഥർ എന്ന വ്യാജേനയാണ് ഫോൺ ചെയ്യുന്നത്. ഭയത്തിന്റെ അന്തരീക്ഷം സൃഷ്ടിച്ചാണ് ഇത്തരം സംഘങ്ങൾ തട്ടിപ്പ് നടത്തുന്നത്. സമൂഹത്തിന്റെ എല്ലാ വിഭാഗങ്ങളിൽ നിന്നുമുള്ളവരും ഡിജിറ്റൽ അറസ്റ്റിന്റെ ഇരകൾ ആയിട്ടുണ്ട്.