നവീൻ ബാബു കേസ്: കേസ് ഡയറി ഹാജരാക്കണം

കൊച്ചി:കണ്ണൂർ അഡീഷണൽ ഡിസ്ട്രിക് മജിസ്ട്രേററ് ആയിരുന്ന നവീന്‍ ബാബുവിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് സിബിഐ അന്വേഷണമാവശ്യപ്പെട്ടു ഭാര്യ കെ.മഞ്ജുഷ നൽകിയ ഹർജിയിൽ കേസ് ഡയറി ഹാജരാക്കാൻ ഹൈക്കോടതി നിർദേശം.

സിബിഐയ്ക്ക് നോട്ടിസ് അയയ്ക്കാനും ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ് നിർദേശം നൽകി.എന്നാൽ ഹർജി തീർപ്പാക്കുന്നതുവരെ പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) അന്തിമ റിപ്പോർട്ട് നൽകുന്നതു തടയണമെന്ന ഹർജിക്കാരുടെ ഇടക്കാല ആവശ്യം അനുവദിച്ചില്ല. അന്വേഷണം നടക്കട്ടെയെന്നു കോടതി വ്യക്തമാക്കി.

ഉന്നത രാഷ്ട്രീയ സ്വാധീനമുള്ള പ്രതിയായ സി പി എം നേതാവ് പി.പി ദിവ്യ തെളിവുകൾ നിർമിക്കുകയാണെന്ന് ഹർജിക്കാരുടെ അഭിഭാഷകൻ വാദിച്ചു. നവീൻ ബാബുവിനു കൈക്കൂലി നൽകിയെന്നു പറയുന്ന പ്രശാന്തന്റെ പേരും ഒപ്പും വ്യത്യസ്തമാണ്.അന്വേഷണ സംഘം പ്രതികളെ സഹായിക്കുകയാണ്.

നവീന്‍ ബാബുവിൻ്റെത് ആത്മഹത്യയല്ലേ എന്നും കൊലപാതകമെന്നു സംശയിക്കാൻ എന്താണ് കാരണമെന്നും കോടതി ആരാഞ്ഞു. അന്വേഷണം ശരിയായ ദിശയിൽ അല്ലെന്ന് ആശങ്കപ്പെടാൻ പ്രതി രാഷ്ട്രീയ നേതാവാണെന്നതിലുപരി മറ്റു കാരണമുണ്ടോയെന്നും കോടതി ചോദിച്ചു. നവീൻ ബാബു മരിക്കുന്നതിനു മുമ്പുള്ള മണിക്കൂറുകളിൽ എന്താണ് സംഭവിച്ചത് എന്നത് പുറത്തു വന്നിട്ടില്ലെന്നു ഹർജിക്കാർ ബോധിപ്പിച്ചു.