കല്‍പ്പറ്റ: നാലു ലക്ഷം വോട്ടുകളുടെ ഭൂരിപക്ഷവുമായി വയനാട് ലോക്സഭ മണ്ഡലത്തിൽ ഐ സി സി സി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി വിജയിച്ചു.
വോട്ടെണ്ണലിന്‍റെ എല്ലാ റൗണ്ടിലും മുന്നേറിയ പ്രിയങ്ക ഗാന്ധി 408036 വോട്ടുകളുടെ റെക്കോഡ് ഭൂരിപക്ഷത്തിലാണ് കന്നിയങ്കത്തിൽ വിജയമുറപ്പിച്ചത്. വയനാട്ടിൽ രാഹുൽ ഗാന്ധി മത്സരിച്ചപ്പോള്‍ ലഭിച്ച ഭൂരിപക്ഷം മറികടന്നുകൊണ്ടാണ് പ്രിയങ്കയുടെ ജയം.
2024ലെ ലോക്സഭ തെരഞ്ഞെടുപ്പിൽ 6,47,445 വോട്ടുകള്‍ നേടി 3,64,422 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് രാഹുൽ ഗാന്ധി വിജയിച്ചത്.അഞ്ചു ലക്ഷം ഭൂരിപക്ഷത്തിന് പ്രിയങ്ക ജയിക്കുമെന്നാണ് യുഡിഎഫ് നേതാക്കള്‍ വോട്ടെടുപ്പിന് മുമ്പ് പറഞ്ഞിരുന്നതെങ്കിലും വോട്ടിങ് ശതമാനം കുറഞ്ഞതോടെ ഭൂരിപക്ഷം കുറയുമെന്ന ആശങ്കയുണ്ടായിരുന്നു.
617942 വോട്ടുകൾ പ്രിയങ്ക ആകെ നേടിയപ്പോള്‍ രണ്ടാമതെത്തിയ എൽഡിഎഫിന്‍റെ സത്യൻ മോകേരി 209906 വോട്ട് കരസ്ഥമാക്കി. 109202 വോട്ടുകളാണ് ബിജെപിയുടെ നവ്യ ഹരിദാസിന് നേടാനായത്.
എല്ലാ റൗണ്ടിലും പ്രിയങ്ക ഗാന്ധിയ്ക്ക് രാഹുലിന് കിട്ടിയതിനേക്കാൾ ലീഡ് നേടാനായിരുന്നു. സത്യൻ മൊകേരിക്കു ഓരോ റൗണ്ടിലും ശരാശരി 3000 വോട്ടുകളുടെ കുറവ് ഉണ്ടായപ്പോൾ നവ്യ ഹരിദാസിന് ഓരോ റൗണ്ടിലും ശരാശരി 2000 വോട്ടുകളുടെ കുറവുമാണ് ഉണ്ടായത്.