കോൺഗ്രസിന് പ്രതീക്ഷ; ബി ജെ പിക്ക് ഞെട്ടൽ ; സി പി എമ്മിന് ആശങ്ക

കൊച്ചി : നിയമസഭാ തിരഞ്ഞെടുപ്പിന് ഒരുങ്ങുന്ന കോൺഗ്രസ്സിനും യു ഡി എഫിനും കരുത്ത് പകരുന്നതായി പാലക്കാട്ടെയും വയനാട്ടിലെയെയും ഉപതിരഞ്ഞെടുപ്പുകളിലെ മിന്നുന്ന വിജയങ്ങൾ. വയനാട്ടിലെ ഉജ്വല വിജയം അവർ പ്രതീക്ഷിച്ചതു തന്നെയായിരുന്നു. എന്നാൽ പാലക്കാട്ടെ ഫലം കോൺഗ്രസിനെ അമ്പരപ്പിച്ചു.ചേലക്കരയിൽ ഇടതുമുന്നണിയുടെ ഭൂരിപക്ഷം കുറയ്ക്കാൻ കഴിഞ്ഞതും യു ഡി എഫ് നേട്ടമായി കാണുന്നു.

എന്നാൽ ചേലക്കരയിലെ വിജയം ഭരണവിരുദ്ധ വികാരം നിലവിൽ ഇല്ലെന്ന വിലയിരുത്തലിൽ തൽക്കാലം ആശ്വസിക്കുകയാണ് സി പി എം.എന്നാൽ യാഥാർഥ്യം വേറേയാണെന്ന അഭിപ്രായങ്ങൾ പാർടിയിൽ ഉയർന്നിട്ടുണ്ട്. പാർടി സമ്മേളങ്ങളിൽ ഇതു കൂടുതൽ ചർച്ച ചെയ്യപ്പെടുമെന്ന കാര്യം തീർച്ച. പാലക്കാട്ട് കോൺഗ്രസ്സ് കൂററൻ വിജയം ഉറപ്പിക്കാനുള്ള കാരണങ്ങളിൽ പ്രധാനം എസ് ഡി പി ഐയുടെയും ജമാ അത്ത് ഇസ്ലാമിയുടെയും വോട്ടുകളാണെന്നും അവർ പുറമേയ്ക്ക് കുററപ്പെടുത്തുന്നുണ്ട്.

പാലക്കാട് ഉപതിരഞ്ഞെടുപ്പ് ഫലം ബിജെപിക്കും സിപിഎമ്മിനും മുന്നിൽ ഉയർത്തുന്ന രാഷ്ടീയ ചോദ്യങ്ങൾ നിരവധിയാണ്.പിഴച്ചത് സ്ഥാനാർഥിത്വം മുതലാണോ എന്ന് അവർക്ക് പരിശോധിക്കേണ്ടി വരും. പ്രചരണ തന്ത്രങ്ങൾ പാളിയതും വീഴ്ചകൾക്ക് കാരണമായിട്ടുണ്ടാവാം.

പത്തനംതിട്ടക്കാരാനായ രാഹുല്‍ മാങ്കൂട്ടത്തിലിനെ പാലക്കാട്ടേക്ക് എത്തിച്ചപ്പോള്‍ മുതല്‍ കോണ്‍ഗ്രസിനുള്ളില്‍ തുടങ്ങിയ മുറുമുറുപ്പ് തുടങ്ങിയിരുന്നു. ഒടുവില്‍ അത് പൊട്ടിത്തെറിയായി മാറി. പി സരിന്‍ എന്ന കോണ്‍ഗ്രസ് നേതാവ് എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി.

മുൻ കെ പി സി സി പ്രസിഡണ്ട് കെ മുരളീധരന്റെ അടക്കം പേരുകളായിരുന്നു പാലക്കാട് ഡിസിസി ഹൈക്കമാന്‍ഡിന് നല്‍കിയിരുന്നെന്ന് വ്യക്തമാക്കുന്ന കത്തു കൂടി പുറത്തുവന്നതോടെ കോൺഗ്രസിൽ വിവാദം ചൂടുപിടിച്ചു.പാലക്കാട് എംഎല്‍എ ആയിരുന്ന ഷാഫി പറമ്പിലിന്റെ നോമിനിയാണ് രാഹുല്‍ മാങ്കൂട്ടത്തിലെന്ന പ്രചാരണം വ്യാപകമായി.നേതൃത്വം അതിനെ ചെറുത്തു നിന്നു.

പ്രതിപക്ഷ നേതാവ് വി ഡി സതീശനാകട്ടെ ഉറച്ച നിലപാട് തന്നെ സ്വീകരിച്ചു.രാഹുല്‍ തോറ്റാല്‍ പൂര്‍ണ ഉതത്തരവാദിത്വം തനിക്കായിരിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.

ഒടുവില്‍ പാലക്കാട് രാഹുല്‍ റെക്കോഡ് ഭൂരിപക്ഷത്തില്‍ വിജയിക്കുമ്പോള്‍ പാര്‍ട്ടിക്കുള്ളില്‍ അതിശക്തരമായി മാറുകയാണ് സതീശനും ഷാഫി പറമ്പിലും. സതീശന്‍-ഷാഫി-രാഹുല്‍ ത്രയമാണ് കോണ്‍ഗ്രസില്‍ കാര്യങ്ങള്‍ നിയന്ത്രിക്കുന്നതെന്ന് ആരോപിച്ചാണ് സരിന്‍ പാര്‍ട്ടി വിട്ടത്. ഏതാണ്ട് ആ ആരോപണം ശരിവയ്ക്കുന്ന രാഷ്ട്രീയനീക്കങ്ങളാണ് കോണ്‍ഗ്രസില്‍ കണ്ടതും.

രാഹുലിന് എസ്ഡിപിഐ- ജമാ അത്ത് ഇസ്ലാമി ബന്ധമെന്ന് ബിജെപിയും സിപിഎമ്മും ആരോപിച്ചപ്പോഴും പരസ്യമായി അതിനെ എതിര്‍ക്കാന്‍ കോണ്‍ഗ്രസ് നേതാക്കള്‍ തയാറായിരുന്നില്ല. രാഹുലിന്റെ ഭൂരിപക്ഷ വര്‍ധനവിന് ഇതും കാരണമായെന്നും വിലയിരുത്താം.

പാലക്കാട്ടെ സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ നേതൃത്വത്തിന് പാളിയോ എന്ന സംശയം ബിജെപിയിൽ ഉടലെടുത്തിട്ടുണ്ട്.എല്ലാ തിരഞ്ഞെടുപ്പിലും മത്സരിക്കുന്ന സ്ഥാനാര്‍ഥിയാണ് കൃഷ്ണകുമാറെന്ന ആരോപണം ഉന്നയിച്ചാണ് സന്ദീപ് വാര്യര്‍ എന്ന ബിജെപി വക്താവ് പാര്‍ട്ടി വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്നത്. സംസ്ഥാന പ്രസിഡണ്ട് കെ സുരേന്ദ്രനെതിരെ രൂക്ഷവിമര്‍ശവും സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ സന്ദീപ് നടത്തിയിരുന്നു. ഏതാണ്ട്, ആ ആരോപണങ്ങള്‍ ശരിവയ്ക്കുന്നതാണ് പാലക്കാട്ടെ ബിജെപിയുടെ പ്രകടനം.

2021ൽ നിയമസഭ തിരഞ്ഞെടുപ്പില്‍ എന്‍ഡിഎ സ്ഥാനാര്‍ഥി ഇ ശ്രീധരന്‍ നേടിയത് 50220 വോട്ടുകളാണെങ്കില്‍ ഇത്തവണ സി കൃഷ്ണകുമാറിന് സമാഹരിക്കാനായത് 39549 വോട്ട് മാത്രമാണ്. 10671 വോട്ടുകളാണ് ബിജെപിക്ക് നഷ്ടമാണ്. വോട്ടുകള്‍ കുറഞ്ഞു എന്നതിലുപരി ശക്തികേന്ദ്രങ്ങളില്‍ നിന്ന് ബിജെപി വോട്ട് കോണ്‍ഗ്രസിലേക്ക് പോയി എന്ന യാഥാര്‍ഥ്യം പ്രസിഡണ്ട് കെ സുരേന്ദ്രന്‍ അടക്കമുള്ള സംസ്ഥാന നേതാക്കളുടെ മുന്നില്‍ ചോദ്യചിഹ്നമായി തുടരും. വരുംദിവസങ്ങളില്‍ സുരേന്ദ്രനെതിരേ പാര്‍ട്ടിയിലെ പടയൊരുക്കത്തിന് ആക്കം കൂട്ടാനും പാലക്കാട് ഉപതിരഞ്ഞെടുപ്പ് ഫലം കാരണമാകും

തിരഞ്ഞെടുപ്പിനു ദിവസങ്ങള്‍ മാത്രം ശേഷിക്കേ കോണ്‍ഗ്രസ് നടത്തിയ മിന്നൽ നീക്കം ആയിരുന്നു സന്ദീപ് വാര്യരുടെ പാര്‍ട്ടി പ്രവേശം. നിലപാടുകളില്‍ തിരുത്തല്‍ വരുത്തിയാണ് താന്‍ കോണ്‍ഗ്രസിനൊപ്പം ചേരുന്നതെന്നായിരുന്നു സന്ദീപിന്റെ പ്രഖ്യാപനം.

എന്നാല്‍, ഇതിനു തിരിച്ചടി നല്‍കാന്‍ ബിജെപി മുതിരും മുന്‍പ് സിപിഎം ആണ് രംഗത്തെത്തിയത്. സന്ദീപ് നടത്തിയ മുസ്ലിം വിരുദ്ധ പ്രസ്താവനകള്‍ ഉള്‍ക്കൊള്ളിച്ച് സിറാജ്, സുപ്രഭാതം എന്നീ ദിനപത്രങ്ങളില്‍ സരിനു വേണ്ടി വോട്ടഭ്യര്‍ഥിച്ചായിരുന്നു സിപിഎം മറുപടി.

ഇതും വലിയ വിവാദങ്ങള്‍ക്ക് വഴിയൊരുക്കി. സിപിഎം നടത്തുന്ന വര്‍ഗീയകളിയുടെ ഭാഗമാണിതെന്ന പ്രചാരണം കോണ്‍ഗ്രസ് വ്യാപകമാക്കി. ഇതും തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് അനുകൂലഘടകമായെന്ന വിലയിരുത്തലാണ് പാര്‍ട്ടിക്കുള്ളത്. .

1 comments on “കോൺഗ്രസിന് പ്രതീക്ഷ; ബി ജെ പിക്ക് ഞെട്ടൽ ; സി പി എമ്മിന് ആശങ്ക
Leave a Reply