പീഡനക്കേസുകളിൽ നിന്ന് നാടകീയമായി നടി പിന്മാറുന്നു

കൊച്ചി: സർക്കാരിൽ നിന്നും മാധ്യമങ്ങളിൽ നിന്നും തനിക്ക് പിന്തുണ ലഭിക്കുന്നില്ലെന്ന് ആരോപിച്ച് മലയാള സിനിമയിലെ പ്രമുഖർക്ക് എതിരെ നൽകിയ പീഡനക്കേസിൽ നിന്ന് ആലുവ സ്വദേശിയായ സിനിമ നടി പിന്‍മാറുന്നു.

കേസില്‍ അന്വേഷണം ആരംഭിച്ചതിന് പിന്നാലെയാണ് മലയാളം, തമിഴ് സിനിമകളിൽ അഭിനയിച്ചിട്ടുള്ള നടിയുടെ ഈ നിലപാട് മാററം.

സിനിമാതാരങ്ങളായ മുകേഷ്, ജയസൂര്യ, ഇടവേളബാബു,സംവിധായകൻ ബാലചന്ദ്രമേനോന്‍ എന്നിവർക്ക് പുറമെ ചലച്ചിത്രമേഖലയിലെ നോബിള്‍, ബിച്ചു എന്നിവരും കോണ്‍ഗ്രസ് അഭിഭാഷക സംഘടന നേതാവ് അഡ്വ.ചന്ദ്രശേഖരന്‍ എന്നിവര്‍ക്കെതിരായിരുന്നു കേസ്.

പോലീസിൻ്റെ പ്രത്യേക അന്വേഷണ സംഘത്തിന് കേസുകൾ പിൻവലിക്കുന്നതിനായി കത്ത് നൽകുമെന്നും പരാതിക്കാരി അറിയിച്ചു. തനിക്കെതിരെ ചുമത്തിയ പോക്‌സോ കേസിന്റെ സത്യം തെളിയിക്കാൻ സർക്കാർ തയാറായില്ലെന്നും അവർ ആരോപിച്ചു.

2009-ലാണ് മുകേഷിനെതിരായ പരാതിക്കിടയാക്കിയ സംഭവം നടന്നതെന്നാണ് നടിയുടെ ആരോപണം. ‘നാടകമേ ഉലകം’ എന്ന സിനിമയുടെ ചിത്രികരണത്തിനിടയില്‍ മുകേഷ് കയറി പിടിച്ചുവെന്നായിരുന്നു മൊഴി. അമ്മ സംഘടനയില്‍ അംഗത്വം വാഗ്ദാനം ചെയ്ത് ഫ്‌ലാറ്റിലേക്ക് വിളിച്ചുവരുത്തി മോശമായി പെരുമാറിയെന്നായിരുന്നു ഇടവേള ബാബുവിനെതിരായ പരാതി.

‘ദേ ഇങ്ങോട്ട് നോക്കിയേ’ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ ലൈംഗികാതിക്രമം നടത്തിയെന്നാണ് ബാലചന്ദ്രമേനോനെതിരായ പരാതി. ഷൂട്ടിങ് ലൊക്കേഷനില്‍ വിളിച്ചുവരുത്തുകയും ശേഷം ഹോട്ടലില്‍ വെച്ച് ലൈംഗികാതിക്രമം നടത്തിയെന്നുമാണ് പരാതിയിലുള്ളത്. ഭയം കാരണമാണ് ഇത്രയും നാള്‍ പറയാതിരുന്നതെന്ന് നടി പറഞ്ഞിരുന്നു.

സെക്രട്ടേറിയേറ്റില്‍ സിനിമാ ചിത്രീകരണത്തിനിടെ ലൈംഗികപീഡനമുണ്ടായെന്നായെന്നാണ് ജയസൂര്യയ്‌ക്കെതിരായ കേസ്. നടിയുടെ പരാതിയില്‍ തിരുവനന്തപുരം കന്റോന്‍മെന്റ് പോലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നത്.വര്‍ഷങ്ങള്‍ക്കുമുന്‍പ് ചിത്രീകരണത്തിനിടെ സെക്രട്ടേറിയറ്റ് ഇടനാഴിയില്‍വെച്ച് നടന്‍ കടന്നുപിടിച്ച് ചുംബിച്ചെന്ന് നടി മാധ്യമങ്ങള്‍ക്കുമുന്നില്‍ വെളിപ്പെടുത്തിയിരുന്നു.

പരാതിക്കാരിയുടെ വെളിപ്പെടുത്തലിനെ കുറിച്ച് ഒന്നും അറിയില്ലെന്നും കോടതിയിലിരിക്കുന്ന കേസായതിനാല്‍ പ്രതികരിക്കാനില്ലെന്നും നടൻ മുകേഷ് എം.എല്‍.എ പറഞ്ഞു.

ഈ നടിക്കെതിരെ ബന്ധുവായ യുവതിയുടെ പരാതിയിൽ പൊലീസ് പോക്സോ കേസെടുത്തിരുന്നു. 16 വയസുള്ളപ്പോൾ ഓഡീഷനാണെന്ന് പറഞ്ഞ് ചെന്നൈയിൽ കൊണ്ടുപോകുകയും മറ്റ് പലർക്കും കൈമാറാൻ ശ്രമിച്ചെന്നുമായിരുന്നു നടിക്കെതിരെയുള്ള പരാതി.

പരാതിയിൽ നടിക്കെതിരെ മൂവാറ്റുപുഴ പൊലീസ് കേസെടുക്കുകയായിരുന്നു. ഈ കേസിൽ സത്യം തെളിയിക്കാൻ സർക്കാർ തയ്യാറായില്ലെന്നാണ് നടി ഇപ്പോൾ ആരോപിക്കുന്നത്.

തനിക്കെതിരെയുള്ള പോക്‌സോ കേസ് കെട്ടിച്ചമച്ചതാണെന്നും അതിന്റെ സത്യാവസ്ഥ തെളിയിക്കാൻ സർക്കാർ ശ്രമിച്ചില്ലെന്ന് നടി ആരോപിക്കുന്നു. മുകേഷ് ഉൾപ്പടെയുള്ള നടന്മാർക്കെതിരെ പരാതി നൽകിയത് കൊണ്ട് അതിന്റെ പ്രതികാര നടപടിയാണ് പോക്‌സോ കേസ് എന്ന് അവർ ആരോപിക്കുന്നു.

1 comments on “പീഡനക്കേസുകളിൽ നിന്ന് നാടകീയമായി നടി പിന്മാറുന്നു
Leave a Reply