യൂറോപ്പ് ആണവ യുദ്ധത്തിൻ്റെ നിഴലിലേക്ക്

മോസ്കോ: യൂറോപ്യൻ രാജ്യങ്ങൾ ആണവ യുദ്ധ ഭീഷണിയിലായി. ഉക്രൈൻ യുദ്ധത്തിനിടെ, റഷ്യ തങ്ങളുടെ ആണവനയം തിരുത്തിയത് തന്നെയാണ് ഇതിനു കാരണം.

റഷ്യക്കുള്ളിൽ തങ്ങളുടെ ദീർഘദൂര മിസൈലുകൾ ഉപയോഗിക്കാൻ യുക്രൈന് ദിവസങ്ങൾക്ക് മുൻപാണ് അമേരിക്ക അനുമതി നൽകിയത്. റഷ്യയുടെ മുന്നറിയിപ്പ് അവഗണിച്ചാണ് പ്രസിഡൻ്റ് ജോ ബൈഡൻ്റെ ഈ നടപടി.ഇതിന് പിന്നാലെയായിരുന്നു റഷ്യ തങ്ങളുടെ ആണവനയം തിരുത്തിയത്.

കഴിഞ്ഞദിവസം റഷ്യയ്ക്ക് നേരെ ആറ് അമേരിക്കൻ നിർമിത ദീർഘദൂര മിസൈലുകളാണ് യുക്രൈൻ പ്രയോഗിച്ചത്. മിസൈലുകൾ റഷ്യ നിർവീര്യമാക്കി.

അമേരിക്ക യുദ്ധത്തിലേക്ക് പ്രവേശിച്ചാൽ മൂന്നാം ലോകമഹായുദ്ധം തുടങ്ങുമെന്ന് റഷ്യൻ മുന്നറിയിപ്പ് നൽകിയിരുന്നു.ഇതിനിടെയാണ് അമേരിക്കയുടെ മിസൈൽ പ്രയോഗാനുവാദം. ബ്രയാൻസ്‌ക് മേഖലയിലായിരുന്നു യുക്രൈൻ ആക്രമണം നടത്തിയത്. ഉപയോഗിച്ചത് അമേരിക്കൻ മിസൈലുകളാണോ എന്ന് യുക്രൈൻ വെളിപ്പെടുത്തിയിട്ടില്ലെങ്കിലും ഇവ അമേരിക്കൻ മിസൈലുകൾ തന്നെയാണെന്നാണ് റഷ്യയുടെ വാദം.

അമേരിക്കൻ നിർമിത മിസൈലുകൾ പ്രയോഗിച്ചത് നാറ്റോയിൽ അംഗങ്ങളായ യൂറോപ്യൻ രാജ്യങ്ങളെ ഭയപ്പെടുത്തുന്നുണ്ട്. പല രാജ്യങ്ങളും തങ്ങളുടെ പൗരൻമാർക്ക് എങ്ങനെ ആണവയുദ്ധത്തെ നേരിടാം എന്നത് കുറിച്ച് ലഘുലേഖകൾ വിതരണം ചെയ്തു കഴിഞ്ഞു.

ആണവയുദ്ധത്തിന്റെ മുന്നറിയിപ്പ് വന്നാൽ ഉടൻ സുരക്ഷിതമായ ഇടത്ത് അഭയം തേടാനാണ് സ്വീഡൻ തങ്ങളുടെ പൗരന്മാരോട് പറയുന്നത്. ഓരോ വീടുകളിലേക്കും യുദ്ധത്തെ നേരിടാനുള്ള മുൻകരുതലുകൾ കുറിച്ച ലഘുലേഖകൾ അയച്ചുകഴിഞ്ഞു. രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം അഞ്ച് തവണയാണ് സ്വീഡൻ ഇത്തരം ലഘുലേഖ രാജ്യത്തിലെ എല്ല വീടുകളിലേക്കും അയക്കുന്നത്.

ഒരു സമ്പൂർണ സായുധ യുദ്ധത്തിനായി ഒരാഴ്ച തയ്യാറെടുത്തിരിക്കാനാണ് പൗരന്മാരോട് നോർവേ അറിയിക്കുന്നത്.രാജ്യത്തെ എല്ലാ പൗരൻമാർക്കും ഇ-മെയിൽ അയച്ചാണ് ഡെൻമാർക്ക് യുദ്ധത്തിക്കുറിച്ച് ജാഗരൂകരാവാൻ മുന്നറിയിപ്പ് നൽകിയത്. യുദ്ധം പ്രഖ്യാപിച്ചാൽ മൂന്ന് ദിവസത്തേക്കുള്ള ഭക്ഷണവും വെള്ളവും മരുന്നും കരുതാൻ മെയിലിൽ പറയുന്നുണ്ട്.

ഏത് സംഭവങ്ങളും പ്രശ്‌നങ്ങളും നേരിടാൻ സജ്ജരായിരിക്കുകയാണ് തങ്ങളെന്നാണ് തങ്ങളുടെ ഔദ്യോഗിക ഓൺലൈൻ ബ്രോഷറിൽ ഫിൻലൻഡ് കുറിച്ചത്