ഭൂമി വരൾച്ചയിലേക്ക്; ശുദ്ധജല സ്രോതസ്സുകള്‍ കുറയുന്നു

വാഷിങ്ടണ്‍: ഭൂമി നീണ്ട വരണ്ട ഘട്ടത്തിലേക്ക് പ്രവേശിക്കുന്നു.ശുദ്ധ ജലത്തിന്റെ അളവ് ക്രമാതീതമായി കുറയുന്നുവെന്നാണ് സൂചനകൾ.

നാസ തയാറാക്കിയ റിപ്പോർട്ടിലാണ് ഈ കണ്ടെത്തൽ. ഇത് ആഗോള ജലസുരക്ഷയെക്കുറിച്ചുള്ള ആശങ്കകള്‍ ഉയർത്തുന്നുവെന്നും പഠനത്തില്‍ പറയുന്നു.

ഈ വരള്‍ച്ചയുടെ അനന്തരഫലങ്ങള്‍ വലുതായിരിക്കും. വരള്‍ച്ചക്കാലത്ത്, കൃഷിക്കും നഗര ഉപയോഗത്തിനും ഭൂഗർഭജലത്തെ ആശ്രയിക്കുന്നത് ജലവിതരണം കുറയുന്നതിൻ്റെ കാരണമാകുന്നു. ജലസ്രോതസ്സുകളിലെ ഈ ക്ഷാമം ദാരിദ്ര്യത്തിനും, രോഗസാധ്യത വർദ്ധിപ്പിക്കാനും ഇടയാവും.

2015 മുതല്‍ 2023 വരെ ഉപരിതല ജലവും ഭൂഗർഭ ജലാശയങ്ങളും ഉള്‍പ്പെടെ, കരയില്‍ സംഭരിച്ചിരിക്കുന്ന ശുദ്ധജലത്തിൻ്റെ ശരാശരി അളവ് 2002-2014 ലെ ശരാശരിയേക്കാള്‍ 290 ക്യുബിക് മൈല്‍ കുറവായിരുന്നു.

ഈ നഷ്ടം ഈറി തടാകത്തിൻ്റെ രണ്ടര ഇരട്ടിയായിരുന്നെന്ന് നാസയിലെ ജലശാസ്ത്രജ്ഞനും പഠന സഹ-രചയിതാവുമായ മാത്യു റോഡെല്‍ പറയുന്നു. ഗ്രാവിറ്റി റിക്കവറി ആൻഡ് ക്ലൈമറ്റ് എക്‌സ്‌പെരിമെൻ്റ് (ഗ്രേസ്) ഉപഗ്രഹങ്ങളില്‍ നിന്നുള്ള ഡാറ്റയാണ് പഠനത്തിനുപയോഗിച്ചത്.

ബ്രസീലിലെ കടുത്ത വരള്‍ച്ചയോടെയാണ് ഈ ഇടിവ് ആരംഭിച്ചത്. തുടർന്ന് ഒന്നിലധികം ഭൂഖണ്ഡങ്ങളിലുടനീളം വലിയ വരള്‍ച്ചയുണ്ടായി.ഗവേഷകർ ഈ സംഭവങ്ങളെ ചൂടേറിയ സമുദ്ര താപനിലയുമായും 2014 മുതല്‍ 2016 വരെയുള്ള കാര്യമായ എല്‍ നിനോ സംഭവങ്ങളുമായും ബന്ധപ്പെടുത്തുന്നു. കാലാവസ്ഥാ വ്യതിയാനവും ഒരു പ്രധാന കാരണമാണ്.

ആഗോളതാപനം അന്തരീക്ഷത്തിലെ ജലബാഷ്പത്തിൻ്റെ അംശം വർദ്ധിപ്പിക്കുന്നു. ഇത് കൂടുതല്‍ തീവ്രമായ മഴയ്ക്ക് കാരണമാകുന്നു. മഴയ്‌ക്കിടയിലുള്ള വരണ്ട കാലങ്ങള്‍ മണ്ണിനെ ഫലപ്രദമായി വെള്ളം ആഗിരണം ചെയ്യുന്നതില്‍ നിന്ന് തടയുകയും ഭൂഗർഭജല നികത്തല്‍ കുറയ്ക്കുകയും ചെയ്യുന്നു.

ഭൂമിയുടെ ജലസ്രോതസ്സുകള്‍ നിരീക്ഷിക്കുന്നതിലും ആഗോള പാരിസ്ഥിതിക നയങ്ങളെ അറിയിക്കുന്നതിലും ഉപഗ്രഹ സാങ്കേതികവിദ്യയുടെ നിർണായക പങ്കിനെക്കുറിച്ചും പഠനം സൂചിപ്പിക്കുന്നു.