January 28, 2025 8:42 am

മുനമ്പത്തെ വിവാദ ഭൂമി വഖഫ് സ്വത്ത് തന്നെ: കാന്തപുരം വിഭാഗം

കോഴിക്കോട് : എറണാകുളം മുനമ്പം പ്രദേശത്തെ ഭൂമി സംബന്ധിച്ച തർക്കത്തിൽ വഖഫ് ബോർഡിൻ്റെ അവകാശവാദത്തെ ന്യായീകരിച്ച് കാന്തപുരം എ പി അബൂബേക്കർ മുസ്ല്യാർ നയിക്കുന്ന സമസ്ത വിഭാഗത്തിൻ്റെ മുഖപത്രമായ സിറാജിൽ ലേഖനം.

വഖഫ് ഭൂമി വില്‍പ്പന നടത്തിയത് ക്രിമിനല്‍ ഗൂഢാലോചനയാണെന്നും മുസ്ലിം കോഡിനേഷന്‍ കമ്മിറ്റിയുടെ നീക്കങ്ങളെ സംശയത്തോടെ കാണുന്നുവെന്നും ലേഖനത്തിൽ വിമര്‍ശിക്കുന്നു. മത സാമുദായിക വ്യത്യാസമില്ലാതെ മുനമ്പം ജനതയുടെ ഭൂസംരക്ഷണ സമരത്തിന് ഐക്യദാര്‍ഢ്യം ഏറി വരുന്ന സാഹചര്യത്തിലാണ് സിറാജിലെ ഈ ലേഖനം ചര്‍ച്ചയാകുന്നത്.

മുനമ്പത്തെ ഭൂമി വഖഫ് ഭൂമി തന്നെയാണെന്നും അത് തിരിച്ചു പിടിക്കണമെന്നും ലേഖനത്തിൽ പറയുന്നു. പണം കൊടുത്തു സ്ഥലം വാങ്ങിയവര്‍ കബളിപ്പിക്കപ്പെടുകയായിരുന്നു. ഭൂമി വില്‍പ്പനയില്‍ നടന്നത് ക്രിമിനല്‍ ഗൂഢാലോചനയാണ്.കോഴിക്കോട് ഫാറൂഖ് കോളേജിന്റെ കൈയില്‍ നിന്നുമായിരുന്നു മുനമ്പം സ്വദേശികള്‍ ഭൂമി വാങ്ങിയത്.

മുസ്ലിം കോര്‍ഡിനേഷന്‍ കമ്മിറ്റിയുടെ ഭാഗമായി പ്രതിഷേധക്കാര്‍ക്ക് അനുകൂലമായ നിലപാടുകള്‍ വന്നിരുന്നു. എന്നാല്‍ മുസ്ലിം കോര്‍ഡിനേഷന്‍ കമ്മിറ്റിയുടെ ഈ തീരുമാനത്തിന് പിന്നിലുള്ളത് സത്യം പുറത്തുവരും എന്ന ഭയമാണെന്ന് ലേഖനം കുറ്റപ്പെടുത്തുന്നു. സമസ്തയുടെ നേതാവായിട്ടുള്ള ഉമ്മര്‍ ഫൈസി മുക്കം തന്നെ കഴിഞ്ഞ ദിവസം വഖഫ്‌ന് അനുകൂലമായ നിലപാട് സ്വീകരിച്ചിരുന്നു.

റഷീദലി തങ്ങള്‍ വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ ആയിരുന്ന സമയത്താണ് മുനമ്പത്ത് വഖഫ് അവകാശവാദം ഉയര്‍ന്നു വന്നതെന്ന് ഭരണപക്ഷവും വി.എസ്.അച്യുതാനന്ദൻ്റെ ഭരണകാലത്താണ് വഖഫ് അവകാശവാദത്തിന് നിര്‍ദ്ദേശം ഉണ്ടായതെന്നു പ്രതിപക്ഷവും പരസ്പരം പഴിചാരുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

Related News

Latest News