സന്ദീപ് വാര്യര്‍ക്ക് ഉറപ്പ്: ഒററപ്പാലം സ്ഥാനാർഥിത്വം

പാലക്കാട്: ബിജെപി നേതൃത്വവുമായി ഇടഞ്ഞ് വന്ന് സന്ദീപ് വാര്യർക്ക് കോൺഗ്രസ് ഉറപ്പ് നൽകിയിരിക്കുന്നത് അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിൽ ഒറ്റപ്പാലം നിയമസഭാ മണ്ഡലത്തിൽ മൽസരിക്കാനുള്ള അവസരം. ഒപ്പം കെ പി സി സി ഭാരവാഹിത്വവും.

തൃത്താല മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയാക്കണമെന്ന ആവശ്യമാണ് സന്ദീപ് വാര്യര്‍ മുന്നോട്ടുവെച്ചത്. എന്നാല്‍ ഇതിന് കോണ്‍ഗ്രസ് നേതൃത്വം വഴങ്ങിയില്ല. ഇതോടെയാണ് ഒറ്റപ്പാലം മണ്ഡലവും ഒപ്പം കെപിസിസി ജനറല്‍ സെക്രട്ടറി സ്ഥാനം എന്ന ധാരണയിലേക്ക്
എത്തിയത്.

സന്ദീപ് സിപിഎമ്മിലേക്ക് എന്നാണ് അഭ്യൂഹങ്ങളുണ്ടായിരുന്നത്. മുതിര്‍ന്ന നേതാക്കളായ എ.കെ ബാലനും മന്ത്രി എംബി രാജേഷും ഉള്‍പ്പെടെയുള്ളവര്‍ സന്ദീപിനെ പ്രശംസിച്ച്‌ രംഗത്ത് വരികയും ചെയ്തിരുന്നു. അന്നത്തെ ക്ഷണം അബദ്ധമായി എന്ന് സി പി എം നേതാക്കൾ ഇപ്പോൾ തിരിച്ചറിയുന്നു. പാലക്കാട് ഉപതിരഞ്ഞെടുപ്പിൽ അത് പ്രതിഫലിക്കും എന്ന് അവർ മനസ്സിലാക്കുന്നുണ്ട്.

സ്ന്ദീപിനെ പിടിച്ചു നിർത്താൻ ബി ജെ പി , ആർ എസ് എസ് നേതാക്കൾ പരമാവധി ശ്രമിച്ചെങ്കിലും കാര്യങ്ങൾ കൈവിട്ടുപോയിരുന്നു. സിപിഎമ്മിലേക്കുള്ള സന്ദീപിന്റെ പ്രവേശനം നടക്കില്ലെന്ന് മനസ്സിലാക്കിയാണ് കോണ്‍ഗ്രസ് ഇത്തരമൊരു നീക്കം നടത്തിയത്. ആദ്യ ഘട്ടം മുതല്‍ തന്നെ എഐസിസി നേതൃത്വത്തിന്റെ ഇടപെടലും ഈ വിഷയത്തില്‍ ഉണ്ടായിരുന്നു.

പാലക്കാട് മണ്ഡലത്തിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി സി കൃഷ്ണകുമാറുമായി തെറ്റിയാണ് സന്ദീപ് പുറത്തേക്ക് പോയത്. പാര്‍ട്ടിക്കുള്ളില്‍ യുവാക്കളുടെ പിന്തുണയുണ്ടായിരുന്ന സന്ദീപിന്റെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ബിജെപി തയ്യാറാകാത്തത് ഉപതിരഞ്ഞെടുപ്പില്‍ പ്രതിഫലിക്കുമെന്നാണ് കോണ്‍ഗ്രസ് വിലയിരുത്തുന്നത്.

ബിജെപിയില്‍ നിന്ന് കരുതലും താങ്ങും പ്രതീക്ഷിച്ചെങ്കിലും ലഭിച്ചില്ലെന്ന് സന്ദീപ് വാര്യർ മാധ്യങ്ങൾക്ക് മുന്നിൽ പരാതിപ്പെട്ടു.വെറുപ്പ് മാത്രം ഉല്‍പാദിപ്പിക്കുന്ന ഫാക്‌ടറിയായി മാറി ബിജെപി.അതില്‍ പെട്ടുപോവുകയായിരുന്നു താൻ. ജനാധിപത്യം മാനിക്കാത്ത, ഏകാധിപത്യം മാത്രം കാത്തു സൂക്ഷിക്കുന്ന പാർട്ടിയില്‍ വീർപ്പുമുട്ടി കഴിയുകയായിരുന്നുവെന്ന് സന്ദീപ് പറഞ്ഞു.

മതേതരത്വം പറഞ്ഞതിന്റെ പേരില്‍ ബിജെപി നേതൃത്വം തനിക്ക് വിലക്ക് കല്‍പ്പിച്ചു. ബിജെപിയില്‍ നിന്ന് താൻ പറഞ്ഞതെല്ലാം ആ സംഘടനയ്‌ക്ക് വേണ്ടി മാത്രമായിരുന്നു. വ്യക്തിപരമായ അഭിപ്രായങ്ങളായിരുന്നില്ല ഒന്നും. കോണ്‍ഗ്രസിലേക്ക് എത്തിയതിന്റെ ഉത്തരവാദി കെ. സുരേന്ദ്രനും സംഘവുമാണ്.

മുഖ്യമന്ത്രിയുമായും സിപിഎമ്മുമായും സുരേന്ദ്രൻ നടത്തുന്ന അഡ്‌ജസ്‌റ്റ്‌മെന്റുകളെ എതിർത്തു എന്നതാണ് താൻ ചെയ‌്ത കുറ്റം. കരുവന്നൂരും കൊടകരയും തമ്മില്‍ പരസ്‌പരം വച്ചുമാറുന്നത് എതിർത്തു എന്നതാണ് താൻ ചെയ‌്ത കുറ്റം.കൊടകര കുഴൽപ്പണക്കേസിലെ പ്രതി ധർമ്മരാജന്റെ ഫോൺ കോൾ പട്ടികയിൽ പേരില്ലാതെ പോയി. .

അങ്ങേയറ്റം വെറുപ്പും വിദ്വേഷവും ഉല്‍പാദിപ്പിക്കുന്ന ഒരു ഫാക്‌ടറിയില്‍ ഇത്രയും നാളും പ്രവർത്തിച്ചതിന്റെ ജാള്യതയാണ് എനിക്കിപ്പോള്‍. യുഎപിഎ ചുമത്തിയ ശ്രീനിവാസൻ വധക്കേസില്‍ 17 പ്രതികള്‍ക്ക് ജാമ്യം കിട്ടി. പ്രതികള്‍ക്ക് വേണ്ടി സുപ്രീം കോടതി വക്കീലാണ് ഹാജരായത്. ശ്രീനിവാസന് വേണ്ടി സുപ്രീം കോടതിയില്‍ പ്രാക്‌ടീസ് ചെയ്യുന്ന ഒരു വക്കീല്‍ പോലും ഹാജരാകാത്തത് എന്തുകൊണ്ടാണെന്ന് സന്ദീപ് ചോദിച്ചു.

തന്നെ കോണ്‍ഗ്രസ് പാർട്ടിയിലേക്ക് സ്വീകരിച്ചതില്‍ കെപിസിസി അദ്ധ്യക്ഷൻ കെ. സുധാകരനും പ്രതിപക്ഷ നേതാവ് വി.ഡി സതീശനും എഐസിസി നേതൃത്വത്തിനും സന്ദീപ് വാര്യർ നന്ദി അറിയിച്ചു.