വഖഫ് ഭൂമി: മാനന്തവാടിയിലും ചാവക്കാടും നോട്ടീസ്

കല്പററ: എറണാകുളത്തെ മുനമ്പത്തിന് പിന്നാലെ മാനന്തവാടി തവിഞ്ഞാലിൽ അഞ്ചു കുടുംബങ്ങൾക്ക് വഖഫ് ബോർഡിൻ്റെ കുടിയൊഴിപ്പിക്കൽ നോട്ടീസ്.

ഒക്ടോബർ 10 ന് ലഭിച്ച പരാതിയിലാണ് നടപടി. 5.77 ഏക്കർ വഖഫ് സ്വത്തിൽ 4.7 ഏക്കർ കയ്യേറിയെന്നാണ് നോട്ടീസ് ആരോപിക്കുന്നത്. അനധികൃതമായി കൈവശം വെച്ച ഭൂമി തിരിച്ചുപിടിക്കുന്നതിന് വഖഫ് ആക്ട് പ്രകാരം നടപടി സ്വീകരിക്കുമെന്ന് നോട്ടീസിൽ പറയുന്നു.

ഈ പ്രദേശത്തെ താമസക്കാരായ വി.പി.സലിം, സി.വി.ഹംസ, ജമാൽ, റഹ്മത്ത്, രവി എന്നിവർക്കാണ് നോട്ടീസ് ലഭിച്ചത്. സ്ഥലവുമായി ബന്ധപ്പെട്ട രേഖകളുണ്ടെങ്കിൽ ഈ മാസം 16നുള്ളിൽ ഹാജരാക്കാൻ നിർദ്ദേശം. നടപടികളുമായി ബന്ധപ്പെട്ട് 19ന് ഹാജരാകാനും അഞ്ച് കുടുംബാംഗങ്ങൾക്കും നിർദ്ദേശം നൽകി.

19ാം തീയതി അദാലത്തില്‍ പങ്കെടുക്കണമെന്നും പങ്കെടുക്കാന്‍ സാധിച്ചില്ലെങ്കില്‍ ഏകപക്ഷീയമായി വിധി പുറപ്പെടുവിച്ച്‌ വഖഫ് ഭൂമി ഏറ്റെടുക്കുന്ന പ്രഖ്യാപനം വരുമെന്നുമാണ് നോട്ടീസില്‍ മുന്നറിയിപ്പ് നൽകുന്നുണ്ട്.

അതിനിടെ ചാവക്കാട് മണത്തല വില്ലേജില്‍ ആറ് സര്‍വ്വേ നമ്ബറുകളിലായി പതിനേഴ് ഏക്കര്‍ ഭൂമിയില്‍ താമസിക്കുന്ന ഇരുനൂറിലധികം കുടുംബങ്ങളും വഖഫ് ബോര്‍ഡില്‍ നിന്നും കുടിയൊഴിപ്പിക്കല്‍ ഭീഷണി നേരിടുന്നുണ്ട്.നൂറ് വര്‍ഷത്തിലധികമായി താമസിക്കുന്ന പരമ്ബരാഗത സ്വത്തുക്കളിലും വില കൊടുത്ത് വാങ്ങിച്ചവയിലും പട്ടയം ലഭിച്ച വസ്തുക്കളിലും വഖഫ് ബോർഡ് അവകാശം ഉന്നയിച്ചിരിക്കുകയാണ്.

വസ്തു ക്രയവിക്രയത്തിനാവശ്യമായ ആര്‍ഒആര്‍ സര്‍ട്ടിഫിക്കറ്റോ, കൈവശാവകാശ സര്‍ട്ടിഫിക്കറ്റോ നല്കരുതെന്നാണ് വഖഫ് ബോര്‍ഡില്‍ നിന്നും മണത്തല വില്ലേജ് ഓഫീസിലേക്ക് നോട്ടീസ് വന്നിട്ടുണ്ട്.ചാവക്കാട് നഗരസഭ ഇരുപതാം വാര്‍ഡില്‍ മണത്തല പള്ളിയുടെ പുറകിലുള്ള സ്ഥലത്താണ് വഖഫ് ബോര്‍ഡ് അവകാശം ഉന്നയിച്ചിട്ടുള്ളത്.