ലണ്ടൻ: ഒമ്പതു വയസുള്ള പെണ്‍കുട്ടികളെ പോലും വിവാഹം ചെയ്യാന്‍ പുരുഷന്മാര്‍ക്ക് അനുമതി നല്‍കുന്ന നിയമഭേദഗതിക്ക് ഇറാഖ് നീക്കം ആരംഭിച്ചതായി ബ്രിട്ടീഷ് പത്രമായ ടെലഗ്രാഫ് പറയുന്നു.
വിവാഹ മോചനം, കുട്ടികളുടെ സംരക്ഷണം, പിന്തുടര്‍ച്ചാവകാശം തുടങ്ങിയവയില്‍ സ്ത്രീകള്‍ക്കുള്ള അവകാശങ്ങൾ നിഷേധിക്കുന്ന ഭേദഗതിയാണ് ഇറാഖ് സർക്കാർ ലക്ഷ്യമിടുന്നത്. പെണ്‍കുട്ടികള്‍ക്ക് അധാര്‍മിക ബന്ധങ്ങളില്‍ നിന്ന് സംരക്ഷണം നല്‍കുകയാണ് ഈ നിയമ ഭേദഗതി വഴി ഉദ്ദേശിക്കുന്നത് എന്നാണ് വിശദീകരണം.
നിയമഭേദഗതി ശരീഅത്ത് നിയമത്തിന്റെ വ്യാഖ്യാനത്തിന് അനുസൃതമാണെന്നും പെണ്‍കുട്ടികളെ സംരക്ഷിക്കാന്‍ ലക്ഷ്യമിട്ടുള്ളതാണെന്നുമാണ് ഷിയ പാര്‍ട്ടികളുടെ കുട്ടുക്കെട്ട് സര്‍ക്കാരിന്റെ വാദം.
ഈ നിയമത്തിലെ രണ്ടാം ഭേദഗതി സെപ്റ്റംബര്‍ 16ന് പാസാക്കിയിരുന്നു. കുടുംബകാര്യങ്ങളില്‍ തീരുമാനമെടുക്കാനുള്ള അവകാശം മത അധികാരികള്‍ക്കും സിവില്‍ ജുഡീഷ്യറിക്കും നല്‍കാന്‍ പൗരന്മാര്‍ക്ക് അനുവാദം നല്‍കുന്ന നിയമങ്ങളും പരിഗണനയിലുണ്ടെന്നാണ് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്.
നിയമഭേദഗതിക്കെതിരെ ഇറാഖി വനിതാ സംഘടനകള്‍ രംഗത്തെത്തിയിട്ടുണ്ട്. എന്നാല്‍ എതിര്‍പ്പുകളെ മറികടന്ന് പാര്‍ലമെന്ററി ഭൂരിപക്ഷത്തോടെ നിയമനിര്‍മാണം നടത്താനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്നാണ് സൂചന.
പെണ്‍കുട്ടിയുടെ പിതാവിന്റെ സമ്മതത്തോടെയാണ് വിവാഹം നടക്കുന്നതെങ്കില്‍ മതനേതാക്കന്മാര്‍ക്ക് വിവാഹം നടത്തുന്നതിന് നിലവില്‍ രാജ്യത്തെ നിയമം അനുവാദം നല്‍കുന്നുണ്ട്. ഇതേ നിയമം അനുസരിച്ചാണ് ഒമ്പത് വയസുള്ള പെണ്‍കുട്ടികളെ പോലും വിവാഹം ചെയ്യാമെന്ന നിയമനിര്‍മാണത്തിലേക്ക് രാജ്യം കടക്കുന്നത്.
ശൈശവ വിവാഹത്തിന്റെ കാര്യത്തില്‍ ഇറാഖ് വളരെ മുന്നിലാണെന്നാണ് യുണിസെഫ് മുന്നറിയിപ്പ്
പെണ്‍കുട്ടികളില്‍ 28 ശതമാനവും 18 വയസിനുള്ളില്‍ വിവാഹിതരാകുന്നുവെന്നാണ് യുണിസെഫ് കണ്ടെത്തിയിട്ടുള്ളത്.പുതിയ നിയമം സ്ത്രീകളുടെ അവകാശങ്ങള്‍ ഇല്ലാതാക്കുമെന്നും മതത്തിനായിരിക്കും പ്രഥമസ്ഥാനമെന്നും ഇറാഖിലെ മനുഷ്യാവകാശ പ്രവര്‍ത്തര്‍ ഭയപ്പെടുന്നു.
ഇറാഖി സ്ത്രീകള്‍ നേടിയെടുത്ത എല്ലാ അവകാശങ്ങളും ഇല്ലാതാക്കുന്ന നിയമനിര്‍മ്മാണത്തിലൂടെ ഇറാഖി സ്ത്രീകളെയും സിവില്‍ സമൂഹത്തെയും ഭയപ്പെടുത്തുക എന്നതാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് ഇറാഖിലെ സ്ത്രീ സ്വാതന്ത്ര്യ സംഘടനയുടെ പ്രസിഡന്റ് യാനാര്‍ മുഹമ്മദ് അഭിപ്രായപ്പെട്ടു.