ആത്മഹത്യ കേസ്: സി പി എം കണ്ണൂർ ഘടകം ദിവ്യക്ക് ഒപ്പം ?

കണ്ണൂർ : എ ഡി എം നവീൻ ബാബുവിൻ്റെ ആത്മഹത്യയിൽ സി പി എമ്മിൻ്റെ പത്തനംതിട്ട,കണ്ണൂർ ജില്ല കമ്മിററികൾ രണ്ടു തട്ടിൽ ആണെന്ന വാദം ശക്തിപ്പെടുന്നു. റവന്യൂ വകുപ്പ് നവീൻ ബാബുവിന് ക്ലീൻ ചിറ്റ് നൽകുമ്പോഴും കണ്ണൂർ ജില്ല സെക്രട്ടറി അത് അംഗീകരിക്കുന്നില്ല. പോലീസ് അന്വേഷണം അവസാന ഘട്ടത്തിലേക്ക് നീങ്ങുന്നു എന്നാണ് അവകാശവാദം.

ആത്മഹത്യ കേസിൽ പ്രതിയായ സി പി എം നേതാവും ജില്ല പഞ്ചായത്ത് മുൻ പ്രസിഡണ്ടുമായ പി പി ദിവ്യയെ അവിശ്വസിക്കേണ്ടതില്ല എന്ന നിലപാടിലാണ് ജില്ല സെക്രട്ടറി എം വി ജയരാജൻ. നവീൻ ബാബു കൈക്കൂലി വാങ്ങിയെന്നും വാങ്ങിയില്ലെന്നും രണ്ട് അഭിപ്രായങ്ങൾ ഉയർന്നുവന്ന സാഹചര്യത്തിൽ നിജസ്ഥിതി അറിയേണ്ടതുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി.

എഡിഎമ്മിന്റെ കുടുംബത്തോടുള്ള എല്ലാവിധ ഐക്യദാർഢ്യവും പാർട്ടി പ്രകടിപ്പിച്ചിട്ടുണ്ട്.ദിവ്യക്കെതിരെ സ്വീകരിച്ചത് പാർട്ടി നടപടി മാത്രമാണ്. പാർട്ടി നടപടി അംഗീകരിക്കുന്ന ഒരു സഖാവ് എങ്ങനെയാണ് കറിവേപ്പില പോലെ തന്നെ വലിച്ചെറിഞ്ഞുവെന്ന് പറയുന്നതെന്നും ജയരാജൻ ചോദിച്ചു. പെരിങ്ങോം ഏരിയാ സമ്മേളനത്തിലാണ് ജയരാജന്റെ പരാമർശം.

ദിവ്യയുടെ വാദങ്ങൾ തള്ളാതെയാണ് കണ്ണൂർ സിപിഎം മുന്നോട്ട് പോകുന്നതെന്ന് ജയരാജന്റെ വാക്കുകളിൽ നിന്നും വ്യക്തമാണ്. നവീനുമായി ബന്ധപ്പെട്ട കൈക്കൂലി ആരോപണം ഇതുവരെ പാർട്ടി അംഗീകരിച്ചിരുന്നില്ല.

പത്തനംതിട്ടയിലെ ജില്ലാ സെക്രട്ടറി അടക്കം നവീന് ക്ലീൻചിറ്റ് നൽകിയിരുന്നു. ഇത് മറന്നാണ് സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി ആരോപണം പൊതു വിഷയമായി ഉയർത്തിയത്. കൈക്കൂലി ആരോപണത്തിലെ അന്വേഷണം സത്യം പുറത്തുകൊണ്ടുവരുമെന്ന് ജയരാജൻ പറയുന്നത് ദിവ്യക്ക് അനുകൂലമാണ്.

ദിവ്യയുടെ നീക്കത്തിന് കാരണം ഉണ്ടായിരുന്നു എന്ന പാർട്ടിയിലെ ഒരു വിഭാഗത്തിന്റെ നിലപാട് കൂടിയാണ് ജയരാജൻ പരസ്യമായി അവതരിപ്പിച്ചത്. ഇതോടെ വിഷയത്തിൽ ആദ്യഘട്ട മുതൽ കണ്ണൂർ പാർട്ടി ദിവ്യക്ക് എന്തുകൊണ്ട് പിന്തുണ നൽകിയെന്ന കാര്യം കൂടി പുറത്തു വരുനു.

ജയിലിലിൽ കിടക്കുമ്പോൾ നടപടി എടുത്തത് ശരിയായില്ലെന്നും തന്‍റെ ഭാഗം കേട്ടില്ലെന്നും ഫോണിൽ വിളിച്ച നേതാക്കളോട് ദിവ്യ പരാതിപ്പെട്ടു. പറയാനുള്ളത് പാർട്ടി വേദിയിൽ പറയുമെന്നും നടപടി അംഗീകരിക്കുന്നുവെന്നും അവർ ഫേസ്ബുക്കിൽ പ്രതികരിച്ചിട്ടുണ്ട്.