നവീൻ ബാബു കോഴ വാങ്ങിയെന്ന് വീണ്ടും ദിവ്യ

കണ്ണൂർ: എഡിഎം കൈക്കൂലി വാങ്ങിയെന്ന വാദത്തിലുറച്ച് സി പി എം നേതാവും മുൻ ജില്ല പഞ്ചായത്ത് പ്രസിഡണ്ടുമായ പി പി ദിവ്യ.

തലശ്ശേരി പ്രിൻസിപ്പല്‍ സെഷൻസ് കോടതി കോടതിയിൽ ജാമ്യാപേക്ഷയിൽ വാദിച്ചപ്പോൾ എഡിഎമ്മിൻ്റെ ഫോൺ രേഖകളടക്കം അവർ ഹാജരാക്കി. കൈക്കൂലി നൽകിയതിനാണ് പരാതിക്കാരനായ പ്രശാന്തിനെതിരെ നടപടിയെടുത്തതെന്നും എഡിഎം പ്രശാന്തിനെ ഫോണിൽ വിളിച്ച് സംസാരിച്ചുവെന്നും ഇരുവരും തമ്മിൽ കണ്ടുവെന്നുമടക്കമാണ് കൈക്കൂലി വാങ്ങിയതിന് തെളിവായി ദിവ്യ ഉന്നയിക്കുന്ന വാദങ്ങൾ.കേസിൽ വെള്ളിയാഴ്ച വിധി പറയും.

അഞ്ചാം തീയ്യതി പ്രശാന്തെടുത്ത സ്വർണ വായ്പയും ആറാം തീയ്യതി ഇരുവരും തമ്മിൽ കണ്ടതിൻ്റെ ടവർ ലൊക്കേഷനും സിസിടിവി ദൃശ്യവും ഫോൺ വിളിച്ചതിൻ്റെ രേഖകളും സാഹചര്യ തെളിവായി പരിഗണിച്ച് ജാമ്യം അനുവദിക്കണമെന്നാണ് ദിവ്യയുടെ അഭിഭാഷകൻ അഡ്വ.കെ.വിശ്വൻ കോടതിയിൽ ആവശ്യപ്പെട്ടത്.

എഡിഎമ്മിനെ ആത്മഹത്യയിലേക്ക് നയിക്കണമെന്ന ഉദ്ദേശം ഉണ്ടായിരുന്നില്ല. ഇക്കാര്യം മുൻകൂർ ജാമ്യാപേക്ഷ തള്ളിയ വിധിയിൽ പരാമർശിച്ചിട്ടുണ്ട്. ആ വേദിയിൽ അങ്ങിനെ സംസാരിക്കേണ്ടായിരുന്നു എന്നത് അംഗീകരിക്കുന്നു. ഉദ്ദേശം ഇല്ലാതെ ചെയ്‌താൽ കുറ്റമാകുമോയെന്നും ദിവ്യയുടെ അഭിഭാഷകൻ ചോദിച്ചു.

ദിവ്യയുടെ പ്രസംഗത്തിന് ശേഷം കളക്ടർക്ക് മുന്നിലെത്തിയ എഡിഎം കുറ്റസമ്മതം നടത്തി. പറ്റിപോയി എന്ന് പറഞ്ഞത് വേറെ സംഭവമാണെന്ന് എങ്ങിനെ പറയും? ഈ സംഭവത്തിന് ശേഷം ആണ് പറ്റിപ്പോയി എന്ന് പറഞ്ഞത്. അത് കൈകൂലി അല്ലാതെ മറ്റെന്താണ്? വെറുതെ പോയി പറ്റിപോയി എന്ന് ആരും പറയില്ലല്ലോ. എൻഒസിയുമായി ബന്ധപ്പെട്ട് പരാതി ഇല്ലാത്തതിനാൽ അഴിമതി നടത്തിയതിലെ കുറ്റസമ്മതമാണ് അത്. കളക്ടറുടെ മൊഴിയെ കുറിച്ച് പ്രൊസിക്യൂഷൻ വാദത്തിനിടെ പറഞ്ഞില്ല. കോടതി വിധിയിൽ ഉൾപ്പെടുത്തിയിരുന്നില്ലെങ്കിൽ ഇക്കാര്യം ആരും അറിയില്ലായിരുന്നു. പ്രശാന്ത് കണ്ണൂർ ജില്ലയിലെ കൊയ്യാം സഹകരണ ബാങ്കിൽ നിന്ന് ഒക്ടോബർ അഞ്ചാം തിയ്യതി ഒരു ലക്ഷം സ്വർണ്ണ വായ്പ എടുത്തിരുന്നുവെന്നും ഇത് സാഹചര്യ തെളിവായി പരിഗണിക്കണമെന്നും അഭിഭാഷകൻ വാദിച്ചു.

എന്നാല്‍ പ്രശാന്തിനെതിരെ നടപടിക്ക് കാരണം കൈക്കൂലി ആരോപണം മാത്രമല്ലെന്നും പ്രശാന്തുമായി ഫോണില്‍ സംസാരിച്ചത് എങ്ങനെ കൈക്കൂലി വാങ്ങിയതിൻ്റെ തെളിവാകുമെന്നും പ്രോസിക്യൂഷൻ ചോദിച്ചു.