ബി ജെപിക്ക് ശക്തി കൂടി; സ്വന്തം വോട്ട് ബാങ്ക് ക്ഷയിക്കുന്നു – സി പി എം

ന്യൂഡല്‍ഹി: കേരളത്തില്‍ ബിജെപി-ആര്‍എസ്‌എസ് സ്വാധീനം വര്‍ധിച്ചു.ലോക്‌സഭ തെരഞ്ഞെടുപ്പിലെ വോട്ടു ചോര്‍ച്ച ആഴത്തില്‍ പരിശോധിക്കണം – സിപിഎം കരട് രാഷ്ട്രീയ അവലോകന റിപ്പോര്‍ട്ട്.

ക്ഷേത്രങ്ങള്‍ വഴിയുള്ള ഹിന്ദുത്വ ശക്തികളുടെ കടന്നുകയറ്റം ചെറുക്കണം. ആരാധനാലയങ്ങള്‍ കേന്ദ്രീകരിച്ചുള്ള സംഘപരിവാര്‍ പ്രവര്‍ത്തനങ്ങളെ ചെറുക്കാന്‍ വിശ്വാസികളിലേക്ക് ഇറങ്ങിച്ചെല്ലണം. കേരളത്തിലെ വോട്ടുചോര്‍ച്ച ഗുരുതരമാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. തിരുത്തലുകള്‍ക്കുള്ള നിര്‍ദേശം താഴേത്തട്ടില്‍ നടപ്പായില്ല.

ലോക്‌സഭ തെരഞ്ഞെടുപ്പിൽ 2014 ലെ വോട്ടുവിഹിതം 40.42 ശതമാനം ആയിരുന്നെങ്കില്‍ 2024 ല്‍ അത് 33.35 ശതമാനമായി ഇടിഞ്ഞു. ഏഴു ശതമാനത്തിന്റെ ഇടിവ്. അടിസ്ഥാന ജനവിഭാഗങ്ങള്‍ക്കിടയില്‍ പാര്‍ട്ടിയുടെ സ്വാധീനം കുറയുന്നു. മധ്യവര്‍ഗവും അടിസ്ഥാന വര്‍ഗവുമായി പാര്‍ട്ടി അകലുന്നു. ഈ വിഭാഗങ്ങളിലേക്ക് പാര്‍ട്ടി കൂടുതല്‍ ശ്രദ്ധയൂന്നണം. സര്‍ക്കാര്‍ തലത്തില്‍ ഈ വിഭാഗങ്ങള്‍ക്കായി കൂടുതല്‍ ക്ഷേമപദ്ധതികള്‍ നടപ്പാക്കണമെന്നും റിപ്പോര്‍ട്ടില്‍ നിര്‍ദേശിക്കുന്നു.

സിപിഎമ്മിന് കൂടുതല്‍ കരുത്തുള്ള സംസ്ഥാനമാണ് കേരളം. എന്നാല്‍ സംഘപരിവാര്‍ ശക്തികളുടെ വളര്‍ച്ച സിപിഎമ്മിന് കോട്ടമുണ്ടാക്കുന്നുണ്ട്. ജാതി-ഉപജാതി വിഭാഗങ്ങളിലേക്ക് ആര്‍എസ്‌എസും ബിജെപിയും നുഴഞ്ഞുകയറുന്നത് ചെറുക്കാന്‍ സാധിക്കണം. വര്‍ഗീയതയ്ക്കും ജാതീയതയ്ക്കുമെതിരായ സമരങ്ങളില്‍ വിശ്വാസികളെ കൂടെ നിര്‍ത്താന്‍ കഴിയണം.

കേരളത്തില്‍ നിന്നും വലിയ തോതില്‍ യുവാക്കള്‍ വിദേശരാജ്യങ്ങളിലേക്ക് കുടിയേറുന്ന സാഹചര്യമുണ്ട്. യുവാക്കള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ ഗൗരവപൂര്‍വം സമീപിക്കണം.മധ്യവര്‍ഗം കൂടി വരുന്ന കേരളത്തിലെ സാമൂഹിക മാറ്റത്തെക്കുറിച്ച്‌ പാര്‍ട്ടി പഠിക്കണം. സാംസ്‌കാരിക വീക്ഷണം മാറുന്നത് മനസ്സിലാക്കി അനുയോജ്യമായ നിലപാട് സ്വീകരിക്കാന്‍ സാധിക്കണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ബിജെപി വിരുദ്ധ വോട്ടുകള്‍ ഏകോപിപ്പിക്കാനുള്ള പ്രധാന ചുവടുവെപ്പായിരുന്നു ഇന്ത്യാ സഖ്യം. പ്രതിപക്ഷ മതേതര പാര്‍ട്ടികളുടെ അയഞ്ഞ സഖ്യമാണ് ഇന്ത്യ മുന്നണിയെങ്കിലും ബിജെപി വിരുദ്ധ വോട്ടുകള്‍ ഏകോപിപ്പിക്കാന്‍ അതു തുടരേണ്ടതുണ്ട്. എന്നാല്‍ പാര്‍ലമെന്റിലും തെരഞ്ഞെടുപ്പുകളിലും മാത്രമാകും അതിന്റെ പ്രവര്‍ത്തനം. പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസും പ്രാദേശിക പാര്‍ട്ടികളും ശക്തിപ്പെട്ടപ്പോള്‍ സിപിഎമ്മിന്റെയും ഇടതുപക്ഷത്തിന്റെയും പ്രകടനം മോശമായി. സിപിഎമ്മിന് സ്വതന്ത്ര വളര്‍ച്ച നേടാനായില്ല. അതിനാല്‍ ബിജെപിയെ എതിര്‍ക്കുന്നതിനൊപ്പം കോണ്‍ഗ്രസുമായി അകലം പാലിക്കണമെന്നും കരട് രാഷ്ട്രീയ അവലോകന റിപ്പോര്‍ട്ടില്‍ പറയുന്നു.