ഡോളറിനെതിരെ രൂപ വീണു; റെക്കോര്‍ഡ് താഴ്ച

ന്യൂഡല്‍ഹി: ഡോളറിനെതിരെ രൂപയുടെ മൂല്യം എക്കാലത്തെയും താഴ്ന്ന നിരക്കായ 84.1150 എന്ന റെക്കോര്‍ഡ് നിലയിലേക്ക് കൂപ്പുകുത്തി.

ഓഹരി വിപണിയില്‍ നിന്ന് വിദേശ നിക്ഷേപത്തിന്റെ പുറത്തേയ്ക്കുള്ള ഒഴുക്ക് തുടരുന്നത് ഉള്‍പ്പെടെയുള്ള ഘടകങ്ങളാണ് രൂപയുടെ മൂല്യത്തെ തകര്‍ക്കുന്നത്.

കഴിഞ്ഞയാഴ്ചയായിരുന്നു ഇതിനു മുമ്പ് രൂപയ്ക്ക് റെക്കോര്‍ഡ് താഴ്ചയുണ്ടായത്. 84.09 ല്‍ നിന്നാണ് 84.11ലേക്ക് വീണത്.അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ അനിശ്ചിതത്വം, ചൈന വിപണിയിലേക്കുള്ള വിദേശ നിക്ഷേപത്തിന്റെ ഒഴുക്ക് തുടങ്ങിയവയാണ് വിപണിയെ ബാധിക്കുന്നത്.

തിങ്കളാഴ്ച ഓഹരി വിപണിയില്‍ സെന്‍സെക്‌സും നിഫ്റ്റി ഇക്വിറ്റി സൂചികകളും 1.5 ശതമാനത്തിലേറെയാണ് ഇടിഞ്ഞത്. മുഹൂര്‍ത്ത വ്യാപാരത്തിലെ നേട്ടം തുടക്കത്തിലേ നഷ്ടപ്പെടുത്തിയ മുഖ്യ സൂചികകള്‍ ഒരു മണിക്കൂര്‍ പിന്നിട്ടപ്പോള്‍ ഒന്നേകാല്‍ ശതമാനം താഴ്ചയിലായി. സെന്‍സെക്‌സ് 78,800 നും നിഫ്റ്റി 24,000 നും താഴെ ആയി.

റിലയന്‍സ്, ബിപിസിഎല്‍, സണ്‍ഫാര്‍മ, കോള്‍ ഇന്ത്യ, എംആര്‍പിഎല്‍, ബന്ധന്‍ ബാങ്ക്, ഭെല്‍ തുടങ്ങിയവ രണ്ടര ശതമാനത്തിലധികം തകര്‍ച്ച കാണിച്ചു.