തൃശൂർ : കേരളത്തിന് പുതിയ പദ്ധതികള്‍ പ്രഖ്യാപിച്ച് കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ്.
ഷോർണൂർ- ബംഗളൂരു നാലുവരിപ്പാത, ഷോർണൂർ- എറണാകുളം മൂന്നുവരിപ്പാത, എറണാകുളത്ത് നിന്ന് കോട്ടയം വഴി തിരുവനന്തപുരത്തേക്ക് മൂന്നുവരിപ്പാത തുടങ്ങിയവയാണ് മന്ത്രിയുടെ പ്രഖ്യാപനങ്ങള്‍.
സാങ്കേതിക തടസ്സങ്ങള്‍ പരിഹരിച്ചാല്‍ കെ റെയില്‍ പദ്ധതി നടപ്പാക്കാൻ റെയില്‍വേ തയ്യാറാകുമെന്ന് കേന്ദ്രമന്ത്രി അറിയിച്ചു. തൃശ്ശൂർ റെയില്‍വേ സ്റ്റേഷൻ സന്ദർശിക്കുന്ന വേളയിലാണ് അദ്ദേഹം ഇക്കാര്യത്തില്‍ വ്യക്തത വരുത്തിയത്.
പുതുക്കി നിർമിക്കുന്ന സ്റ്റേഷന്റെ അന്തിമ രൂപരേഖ വിലയിരുത്തുന്നതിനും മറ്റു പരിശോധനകൾക്കും എത്തിയതായിരുന്നു കേന്ദ്രമന്ത്രി. അങ്കമാലി–എരുമേലി ശബരി റെയിൽപാത യാഥാർഥ്യമാക്കാൻ കേന്ദ്ര സർക്കാർ പ്രതിജ്ഞാബന്ധരാണ്. മഹാരാഷ്ട്ര സർക്കാരിനു നൽകിയ ധാരണാപത്രത്തിന്റെ മാതൃക കേരളത്തിനു നൽകി തുടർനടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഡൽഹിയിലെ തിരക്കുകൾ കാരണം കേന്ദ്രമന്ത്രിയും സ്ഥലം എംപിയുമായ സുരേഷ് ഗോപി പങ്കെടുത്തില്ല.