അഭിപ്രായ വോട്ടെടുപ്പില്‍ കമല ഹാരിസിന് നേരിയ മുൻതൂക്കം

വാഷിംഗ്ടണ്‍: അമേരിക്കയിലെ പ്രസിഡണ്ട് തിരഞ്ഞെടുപ്പിൽ ഡെമോക്രാറ്റിക് പ്രസിഡന്റ് സ്ഥാനാര്‍ത്ഥി കമല ഹാരിസ് റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥി ഡൊണാള്‍ഡ് ട്രംപിനെക്കാള്‍ ഒരല്പം മുന്നിലാണെന്ന് ഫോര്‍ബ്‌സ് പുറത്തുവിട്ട ഏറ്റവും പുതിയ അഭിപ്രായ വോട്ടെടുപ്പില്‍ പറയുന്നു.

തെരഞ്ഞെടുപ്പിന് രണ്ട് ദിവസം മാത്രം അവശേഷിക്കെ ആണ് ഈ പ്രവചനം.എന്നാല്‍ പത്തുശതമാനം വോട്ടര്‍മാരില്‍ ഒരാളെങ്കിലും അവസാന നിമിഷം അവരുടെ മനസ് മാറ്റാനുള്ള സാധ്യതയും തള്ളിക്കളയാൻ ആവില്ലെന്ന് ഫോര്‍ബ്‌സ് കരുതുന്നു.

കടുത്ത മത്സരമാണ് നടക്കുന്നതെങ്കിലും അവസാന നിമിഷം അട്ടിമറി സംഭവിച്ചേക്കാമെന്നും സര്‍വേയില്‍ പങ്കെടുത്തവര്‍ വിലയിരുത്തുന്നുണ്ട്. 48-49 ശതമാനം വോട്ടുകള്‍ നേടിയാണ് സര്‍വേയില്‍ ഹാരിസ് ട്രംപിനെ മറികടന്നത്.ഒരാഴ്ച മുമ്പ് ഫോബ്‌സ് നടത്തിയ ഇതേ സര്‍വേയില്‍ ‘ ചഞ്ചാടുന്നവർ’ ഉള്‍പ്പെടെ ട്രംപിന് 49-48 ശതമാനം ലീഡ് ഉള്ളതായി കണ്ടെത്തിയിരുന്നു.

വിജയിയെ നിര്‍ണ്ണയിക്കാന്‍ സാധ്യതയുള്ള ഏഴ് സംസ്ഥാനങ്ങളിലായി 49-48 ശതമാനം വോട്ടുകളുമായി കമല ഹാരിസ് മുന്നിലാണെന്നും വോട്ടെടുപ്പ് കാണിക്കുന്നു.