കൈക്കൂലിക്ക് തെളിവില്ല; റിപ്പോര്‍ട്ട് മുഖ്യമന്ത്രിക്ക്

തിരുവനന്തപുരം: അത്മഹത്യ ചെയ്ത കണ്ണൂർ എ.ഡി.എം. ആയിരുന്ന നവീൻ ബാബു കൈക്കൂലി വാങ്ങിയതിന് തെളിവില്ലെന്ന് വ്യക്തമാക്കുന്ന ലാന്റ് റവന്യൂ ജോയിന്റ് കമ്മിഷണർ എ. ഗീതയുടെ റിപ്പോർട്ട്, മന്ത്രി കെ. രാജൻ മുഖ്യമന്ത്രിക്ക് കൈമാറി.

എന്നാല്‍ ചേംബറിലെത്തി ‘തെറ്റുപറ്റി’യെന്ന് എഡിഎം നവീൻ ബാബു പറഞ്ഞുവെന്ന കണ്ണൂർ കലക്ടർ അരുണ്‍ കെ.വിജയന്റെ പരാമർശം റിപ്പോർട്ടിലുണ്ട്. കലക്ടർ ആദ്യംനല്‍കിയ വിശദീകരണ കുറിപ്പില്‍ ഇങ്ങനെയൊരു കാര്യം പറഞ്ഞിരുന്നില്ല.

കലക്ടർക്ക് പറയാനുള്ളത് അദ്ദേഹം കുറിപ്പായി എഴുതി നല്‍കുകയായിരുന്നു. ഈ കുറിപ്പിലാണ് വിവാദ പരാമർശമുള്ളത്. കൈക്കൂലി വാങ്ങി, പെട്രോള്‍ പമ്ബിന് അനുമതി വൈകിപ്പിച്ചു തുടങ്ങിയവയായിരുന്നു കണ്ണൂർ ജില്ല പഞ്ചായത്ത് പ്രസിഡണ്ട് ആയിരുന്ന പി.പി.ദിവ്യ ഉന്നയിച്ച ആരോപണം.

ഇതിനിടെ നവീൻ ബാബുവിന്റെ മരണത്തില്‍ റിമാൻഡില്‍ കഴിയുന്ന ദിവ്യയുടെ ജാമ്യ ഹർജിയില്‍ വാദം ചൊവ്വാഴ്ചത്തേക്ക് മാറ്റി.കെ.വിശ്വനാണ് ദിവ്യയ്ക്ക് വേണ്ടി പ്രിൻസിപ്പല്‍ സെഷൻസ് കോടതിയില്‍ ജാമ്യഹർജി സമർപ്പിച്ചത്.

കണ്ണൂര്‍ ജില്ലാ കളക്ടറുടേയും പ്രശാന്തന്‍റേയും മൊഴികള്‍ ആയുധമാക്കിയാണ് ദിവ്യ ജാമ്യാപേക്ഷ നല്‍കിയത്.  റിമാൻഡ് ചെയ്യപ്പെട്ട ദിവ്യ പള്ളിക്കുന്ന് വനിതാ ജയിലിലാണ്.

അതേസമയം കളക്ടറുടെ രാജി ആവശ്യപ്പെട്ട് പ്രതിഷേധം കടുക്കുകയാണ്.നേരത്തെ നവീൻ ബാബു കുറ്റസമ്മതം നടത്തിയെന്ന കണ്ണൂർ ജില്ലാ കളക്ടറുടെ മൊഴി തള്ളി നവീൻ ബാബുവിന്‍റെ ഭാര്യയും കോന്നി തഹസില്‍ദാറുമായ മഞ്ജുഷ രംഗത്തെത്തിയിരുന്നു.