സൈനിക ശക്തിയിൽ അമേരിക്ക് മുന്നിൽ റഷ്യ ?

വാഷിഗ്ടൺ: അമേരിക്കയെ പിന്തള്ളി റഷ്യ ലോകത്തിലെ ഏററവും വലിയ സൈനിക ശക്തിയായി മാറിയെന്ന റിപ്പോർട്ട് ചർച്ചയാവുന്നു.

യു എസ് ന്യൂസ് ആന്‍ഡ് വേള്‍ഡ് 17,000 പേര്‍ക്കിടയില്‍ നടത്തിയ സര്‍വെയിലാണ് ഇക്കാര്യം വെളിപ്പെടുത്തുന്നത്. ഒപ്പം വ്യോമസേനയുടെ സ്ഥിരീകരണവും എത്തിയിട്ടുണ്ട്.

യുക്രൈന്‍ യുദ്ധത്തിനിടയിലും റഷ്യ സൈന്യത്തെ ശക്തിപ്പെടുത്തിയെന്നാണ് അവർ പറയുന്നത്. 1.5 ദശലക്ഷം പട്ടാളക്കാരുമായി റഷ്യ ഇപ്പോള്‍ ഒന്നാം സ്ഥാനത്ത് നില്‍ക്കുകയാണ്. അമേരിക്കയും ഇസ്രയേലും ചൈനയുമാണ് യഥാക്രമം രണ്ടും മൂന്നും നാലും സ്ഥാനങ്ങളില്‍.

കഴിഞ്ഞ വര്‍ഷം അമേരിക്കയ്ക്ക് പിറകില്‍ രണ്ടാം സ്ഥാനത്തായിരുന്നു റഷ്യയുടെ സ്ഥാനം. ചൈനക്ക് തൊട്ടുതാഴെയായി അഞ്ചാം സ്ഥാനത്ത് നില്‍ക്കുന്നത് സൗത്ത് കൊറിയയാണ്. ഇറാന്‍, യുകെ, യുക്രൈന്‍, ജര്‍മനി, തുര്‍ക്കി തുടങ്ങിയ രാജ്യങ്ങളും പട്ടികയിൽ തൊട്ടുപിന്നില്‍ ഇടം പിടിച്ചിട്ടുണ്ട്.

യുക്രൈനില്‍ തിരിച്ചടി നേരിടുന്നതിനിടെയാണ് റഷ്യ ഈ നേട്ടം കൈവരിച്ചത് എന്നതാണ് ശ്രദ്ധേയം. അമേരിക്കയിലെ പ്രതിരോധ മന്ത്രാലയത്തിന്റെ കണക്ക് പ്രകാരം 2023 മുതല്‍ യുക്രൈനില്‍ 3,50,000 റഷ്യന്‍ പട്ടാളക്കാര്‍ കൊല്ലപ്പെടുകയോ പരിക്കേല്‍ക്കുകയോ ചെയ്തു. 1,80,000 കൂടുതല്‍ പട്ടാളക്കാരെ സൈന്യത്തിന്റെ ഭാഗമാക്കാന്‍ അടുത്തിടെ പ്രസിഡണ്ട് വ്‌ളാഡിമിര്‍ പുടിന്‍ ഉത്തരവിട്ടിരുന്നു.

അതിനിടെ, രണ്ടര വര്‍ഷമായി തുടരുന്ന റഷ്യ-യുക്രൈന്‍ യുദ്ധത്തിനിടെ യുക്രൈന് അപ്രതീക്ഷിത തിരിച്ചടി നല്‍കിയിരിക്കുകയാണ് റഷ്യ. യുക്രൈനിന്റെ ആയുധ സംഭരണ ശാല റഷ്യയുടെ മിസൈലാക്രമണത്തില്‍ കത്തിയമര്‍ന്നു. ഡൊണേറ്റ്‌സക്കിലെ നിരവധി ഗ്രാമങ്ങളും റഷ്യന്‍ സൈന്യം പിടിച്ചെടുത്തു. പടിഞ്ഞാറന്‍ രാജ്യങ്ങള്‍ യുക്രൈന് നല്‍കിയ സൂക്ഷിച്ചിരുന്ന ഒഡേസയിലെ ആയുധപ്പുരയാണ് മിസൈലാക്രമണത്തില്‍ തകര്‍ന്നത്.

ഇസ്‌ക്കന്ദര്‍-എം ഇനത്തില്‍ പെട്ട മിസൈലുകള്‍ ഉപയോഗിച്ചാണ് റഷ്യന്‍ വ്യോമസേന ആയുധപ്പുര ആക്രമിച്ചത്. യുക്രൈനിലെ പ്രമുഖ തുറമുഖ നഗരമാണ് ഒഡേസ. കേണല്‍ കസാദ് എന്ന ടെലഗ്രാം ചാനലാണ് വാര്‍ത്ത ആദ്യം പുറത്ത് വിട്ടത്. പല തവണ പൊട്ടിത്തെറികള്‍ ഉണ്ടായതായും സ്‌ഫോടക വസ്തുക്കള്‍ ചിതറി പറക്കുന്നതായും ചാനല്‍ ദൃശ്യങ്ങള്‍ സഹിതം വെളിപ്പെടുത്തി.

അമേരിക്കയുടേയും നാറ്റോ ശക്തികളുടേയും സഹായത്തോടെ യുക്രൈന്‍ റഷ്യക്ക് നേരേ ആക്രമണം തുടരുകയാണെങ്കില്‍ അതിന് തടയിടാനുള്ള മാര്‍ഗ്ഗങ്ങള്‍ തങ്ങള്‍ ആലോചിച്ചു വരികയാണെന്ന് റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുട്ടിന്‍ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. തൊട്ടു പിന്നാലെയാണ് ഈ ആക്രമണം നടന്നിരിക്കുന്നത്.

പാശ്ചാത്യ ശക്തികള്‍ യുക്രൈന് ദീര്‍ഘദൂര മിസൈലുകള്‍ നല്‍കിയതായും പുട്ടിന്‍ ആരോപിച്ചിരുന്നു. ശീതയുദ്ധത്തിന് ശേഷം റഷ്യയും പടിഞ്ഞാറന്‍ രാജ്യങ്ങളും തമ്മില്‍ ഏറ്റവും അപകടകരമായ ഘട്ടത്തിലേക്ക് കടക്കുകയാണെന്ന് റഷ്യ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.

യുക്രൈന് ആയുധം നല്‍കിയതിന് ശേഷം റഷ്യയിലേക്ക് കടന്ന് കയറാന്‍ പടിഞ്ഞാറന്‍ രാജ്യങ്ങള്‍ പ്രോത്സാഹിപ്പിക്കുകയാണെങ്കില്‍ കനത്ത പ്രത്യാഘാതം നേരിടേണ്ടി വരുമെന്ന് റഷ്യ പല തവണ മുന്നറിയിപ്പും നല്‍കിയിരുന്നു.