കൊച്ചി: സ്വന്തം പാർടിയിലെ വ്യക്തിപൂജയെ വിമർശിച്ചു കൊണ്ടുള്ള മുൻമന്ത്രിയും മുതിർന്ന നേതാവുമായ ജി.സുധാകരന്റെ കവിത ചർച്ചയാകുന്നു.
പശ്ചിമ ബംഗാളിലെ പാർട്ടിയുടെ അനുഭവം ചൂണ്ടിക്കാട്ടി, അടിസ്ഥാന വർഗത്തിനെതിരായ നയങ്ങളില്‍ നിന്നും തെറ്റുകളില്‍ നിന്നും വഴിമാറി നടക്കണമെന്ന് സുധാകരൻ കവിതയിലൂടെ ഉദ്ബോധിപ്പിക്കുന്നുണ്ട്. മംഗളം വാർഷിക പതിപ്പില്‍ പ്രസിദ്ധീകരിച്ച കവിതയുടെ തലക്കെട്ട് ‘പേരിലെന്തിരിക്കുന്നു’ എന്നാണ്.
പാർട്ടിയിലുണ്ടായ അപചയങ്ങളോടുള്ള ആത്മവിമർശനമാണ് കവിത. പൊതുവേദികളില്‍ സജീവമാണെങ്കിലും പാർട്ടി പരിപാടികളില്‍ സുധാകരൻ കാര്യമായി എത്താറില്ല. നിലവില്‍ ശ്രദ്ധേയമായ സംഘടനാ ചുമതലകളും വഹിക്കുന്നില്ല. .
കവിതയിലെ ചില വരികള്‍:
‘പേരുകൊണ്ടാരും
മഹത്വം വരിക്കില്ല
പേരിന്റെ പൊരുള്‍
വ്യക്തമാക്കിയാല്‍
ഓർക്കും ജനം’
‘സ്വദേശത്തില്‍ ആദർശം
പ്രസംഗിക്കാൻ എളുപ്പം
നടത്താനോ വേണമേ
പ്രതിഭ അന്യാദൃശ്യം’
‘അധികാരത്തിൻ ചെങ്കോല്‍
പേറിയ കാലത്തയ്യോ
പതിയേ മറന്നേ പോയ്
നിസ്വവർഗത്തെ അവർ.’
‘പതിറ്റാണ്ടുകളായി
വിപ്ലവം സമ്ബാദിച്ച
മഹിതം യശസ്സ് ഒക്കെ
മാഞ്ഞുവോ മറന്നുവോ!
ഇറക്കി കെട്ടി
സ്വന്തം ചോര വീണുണങ്ങിയ
ശോണക്കൊടി
മഹിതം’
‘വാസരം പതിറ്റാണ്ടു
കഴിഞ്ഞെന്നാലും
കൊടി കേറില്ലുയരത്തില്‍
ആദ്യകാലത്തെ പോലെ!
ഇല്ലായ്കയല്ല
ധീരശ്രമങ്ങള്‍
പൊക്കിക്കെട്ടാൻ;
ചെയ്തപാതകങ്ങള്‍ തൻ
ഭാരത്താല്‍ പൊങ്ങുന്നില്ല
വേഗ വേഗത്തില്‍’
ബംഗാളില്‍ പാർട്ടി നശിച്ചത് തെറ്റായ നയങ്ങള്‍ കൊണ്ടാണെന്ന് സൂചിപ്പിക്കുന്ന സുധാകരൻ, ബുദ്ധദേവ് ഭട്ടാചാര്യയുടെ നയങ്ങളാണ് പാർട്ടിയുടെ തകർച്ചയ്ക്ക് കാരണമെന്നും വ്യക്തമാക്കുന്നു.
‘ബുദ്ധജ്ഞാനിയെന്നുല്‍-
ഘോഷിച്ചൊരാ മഹാൻ
ചെയ്ത തെറ്റുകള്‍
മറക്കുവാൻ എ-
ന്തിനു വൃഥാ ശ്രമം!’
സമൂഹത്തെ പുതുക്കി പണിയുമ്ബോള്‍ മാത്രമേ വ്യക്തി നായകനാകുവെന്നും, പിഴവുകള്‍ വന്നാല്‍ തിരുത്താൻ ശ്രമിക്കാത്തവൻ ജ്ഞാനം ഇല്ലാതെ മൃഗമായി മാറുമെന്നും കവിതയില്‍ തുറന്നു പറയുന്നു