സി പി എം നേതാവ് പി.പി ദിവ്യയ്ക്ക് മുൻകൂർ ജാമ്യമില്ല

തലശേരി: കണ്ണൂർ അഡീഷനൽ ഡിസ്ട്രിക്ട് മജിസ്ട്രേട്ട് (എഡിഎം) ആയിരുന്ന കെ.നവീൻബാബുവിന്റെ മരണത്തെത്തുടർന്ന്, ആത്മഹത്യാ പ്രേരണക്കുറ്റത്തിനു പ്രതിചേർക്കപ്പെട്ട സി പി എം നേതാവും ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡണ്ടുമായ പി.പി.ദിവ്യയുടെ മുൻകൂർ ജാമ്യ ഹർജി തലശേരി പ്രിൻസിപ്പൽ സെഷൻസ് കോടതി തള്ളി.

ദിവ്യയെ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തുനിന്ന് സിപിഎം നേരത്തെ പുറത്താക്കിയിരുന്നു. കേസെടുത്തതിനു പിന്നാലെയായിരുന്നു പാർട്ടി നടപടി. നവീൻ ബാബു മരിച്ച് പതിനഞ്ചാം ദിവസമാണ് ദിവ്യയുടെ മുൻകൂർ ജാമ്യഹർജിയിൽ വിധി.കേസിൽ ദിവ്യ മാത്രമാണ് പ്രതി.

നവീൻ ബാബു പെട്രോൾ പമ്പിന് അനുമതി നൽകാൻ കൈക്കൂലി വാങ്ങിയതിനും നിയമം ലംഘിച്ചതിനും തെളിവില്ലെന്ന് ലാൻഡ് റവന്യു ജോയിന്റ് കമ്മിഷണർ എ. ഗീതയുടെ അന്വേഷണ റിപ്പോർട്ട്.

ആഗ്രഹിച്ച വിധിയെന്ന് നവീൻ ബാബുവിന്റെ കുടുംബം പ്രതികരിച്ചു. വളരെ ആശ്വാസമുണ്ടെന്നും നവീൻ ബാബുവിന്റെ സഹോദരൻ പ്രവീൺ ബാബു പറഞ്ഞു. ജാമ്യം നിഷേധിച്ചതോടെ ദിവ്യയ്ക്ക് ഹൈക്കോടതിയിൽ ജാമ്യഹർജി നൽകാം. വിധി വരുന്നതുവരെ അറസ്റ്റ് ചെയ്യരുതെന്ന അപേക്ഷയും നൽകാം.

സെഷൻസ് കോടതി ജാമ്യം നിഷേധിച്ചതോടെ ഉടൻ പൊലീസിന് അറസ്റ്റ് ചെയ്യാം. അറസ്റ്റ് ചെയ്താൽ കണ്ണൂർ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതിയിൽ ഹാജരാക്കും. കോടതി നിർദേശപ്രകാരം ജയിലിലേക്ക് അയയ്ക്കും. എന്നാൽ, അറസ്റ്റിനു മുൻപ് ദിവ്യയ്ക്കു മജിസ്ട്രേട്ട് കോടതിയിൽ കീഴടങ്ങുകയുമാകാം.

യാത്രയയപ്പ് യോഗത്തിൽ ദിവ്യ പരസ്യവിമർശനം നടത്തിയതിൽ മനംനൊന്ത് താമസസ്ഥലത്തേക്കു മടങ്ങിയ നവീൻ ബാബു ജീവനൊടുക്കുകയായിരുന്നു. സ്വന്തം ജില്ലയായ പത്തനംതിട്ടയിലേക്കു സ്ഥലംമാറ്റം ലഭിച്ച നവീൻ ബാബുവിന് കലക്ടറേറ്റിൽ നൽകിയ യാത്രയയപ്പിലായിരുന്നു സിപിഎം ജില്ലാ കമ്മിറ്റി അംഗം കൂടിയായ ദിവ്യയുടെ പരസ്യവിചാരണ.

ദിവ്യക്കെതിരെ ചുമത്തിയ അത്മഹത്യാ പ്രേരണാകുറ്റം ശരിവെക്കുന്ന മൊഴികളാണ് പൊലീസിനും ലഭിച്ചിരുന്നത്. യാത്രയയപ്പ് യോഗത്തിലേക്ക് ദിവ്യയെ ആരും ക്ഷണിച്ചിരുന്നില്ല. സംഘാടകരായ സ്റ്റാഫ് കൗൺസിലും ജില്ലാ കളക്ടറും ഇക്കാര്യം പൊലീസിന് മൊഴി നൽകിയിട്ടുണ്ട്.

കളക്ടറേറ്റിലെ യോഗത്തിൽ ദിവ്യ എഡിഎമ്മിനെതിരെ ആരോപണമുന്നയിക്കാൻ ലക്ഷ്യമിട്ട് എത്തിയതെന്ന് ആരും കരുതിയില്ല. അതുവരെ പ്രസന്നമായിരുന്ന സദസ്സ്,ദിവ്യയുടെ പ്രസംഗത്തിന് ശേഷം മൂകമായെന്നാണ് സ്റ്റാഫിന്‍റെ മൊഴി.

ആസൂത്രിതമായി എഡിഎമ്മിനെ അപമാനിക്കാൻ ഉന്നമിട്ടാണ് ജില്ലാ പഞ്ചായത്ത് അധ്യക്ഷ കൂടിയായിരുന്ന ദിവ്യ, ആ അധികാരം ഉപയോഗിച്ച് എത്തിയതെന്നാണ് പൊലീസ് കണ്ടെത്തൽ. എഡിഎമ്മിനെ സമ്മർദത്തിലാക്കുന്ന പ്രയോഗങ്ങളാണ് ഭീഷണിയുടെ സ്വരത്തിൽ ദിവ്യ പറഞ്ഞവസാനിപ്പിച്ചത്.

ദിവ്യ ആസൂത്രിതമായി യാത്രയയപ്പ് യോഗത്തിലെത്തി വ്യക്തിഹത്യ നടത്തിയെന്നും, പ്രേരണക്കുറ്റം നിലനിൽക്കുമെന്നുമായിരുന്നു പ്രോസിക്യൂഷൻ വാദം. ഭീഷണിസ്വരമാണ് യാത്രയയപ്പ് യോഗത്തിലെത്തിയ ദിവ്യ ഉയർത്തിയത്.

മാധ്യമങ്ങളെ ക്ഷണിച്ചതിന് പിന്നിൽ ഗൂഢോദ്ദേശമുണ്ട്. ദൃശ്യങ്ങൾ ചോദിച്ചുവാങ്ങി ദിവ്യ പ്രചരിപ്പിച്ചു. അഴിമതി പരാതിയുണ്ടെങ്കിൽ സംവിധാനങ്ങളെ ആശ്രയിച്ചില്ല. പകരം ഉദ്യോഗസ്ഥനെ അപമാനിക്കാൻ ശ്രമിച്ചു. എഡിഎമ്മിനെക്കുറിച്ച് കളക്ടറോട് ഒക്ടോബർ 14ന് രാവിലെ ദിവ്യ പരാതി പറഞ്ഞെന്നും തെളിവില്ലാതെ അത് ഉന്നയിക്കുന്നരുതെന്ന് കളക്ടർ പറഞ്ഞെന്നും പ്രോസിക്യൂഷൻ കോടതിയിൽ വാദിച്ചു.

നവീൻ ബാബുവിന്‍റെ മകളുടെ ചിത്രമുൾപ്പെടെ ഉയർത്തി വൈകാരികമായാണ് കുടുംബത്തിന് വേണ്ടി അഭിഭാഷകൻ വാദിച്ചത്. അധികാരപരിധിയിൽപെടാത്ത കാര്യമായിട്ടും ഒരു എഡിഎമ്മിന് മേൽ സ്വകാര്യപമ്പിന് അനുമതി നൽകാൻ സമ്മർദം ചെലുത്തി.

പെട്രോൾ പമ്പ് ബെനാമി ഇടപാടെന്നും, ഇതിൽ ദിവ്യയുടെ ബന്ധം അന്വേഷിക്കണമെന്നും കുടുംബം കോടതിയിൽ ആവശ്യപ്പെട്ടു. മുഖ്യമന്ത്രിക്ക് നൽകിയെന്ന് പറഞ്ഞ പരാതി കെട്ടിച്ചമച്ചതാണെന്ന് തെളിഞ്ഞു. പെട്രോൾ പമ്പിൽ ദിവ്യയുടെ താത്പര്യമെന്താണെന്ന് കണ്ടെത്തണമെന്നും അഭിഭാഷകൻ വാദിച്ചു.

ദിവ്യ രാജിവച്ച ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തേക്ക് നവംബർ 14ന് തിരഞ്ഞെടുപ്പ് നടക്കും. സംസ്ഥാന തിര‍ഞ്ഞെടുപ്പ് കമ്മിഷൻ ഇതുസംബന്ധിച്ച് വിജ്ഞാപനം പുറപ്പെടുവിച്ചു.