മുഖ്യമന്ത്രിപദം ലക്ഷ്യം: വിജയ് രാഷ്ടീയത്തിൽ

ചെന്നൈ: തമിഴ്നാട്ടിൽ സിനിമ രംഗത്ത് നിന്ന് വീണ്ടും രാഷ്ടീയ താരോദയം. എം ജി. രാമചന്ദ്രനും ജയലളിതയ്ക്കും പിന്നാലെ നടൻ വിജയും മുഖ്യമന്ത്രിയാവാൻ കച്ചമുറുക്കുന്നു. തൻ്റെ രാഷ്ടീയ പാർടിയായ തമിഴക വെട്രി കഴകത്തിന്‍റെ പ്രഥമ സംസ്ഥാന സമ്മേളനത്തിൽ അദ്ദേഹം നയപ്രഖ്യാപനവും നടത്തി – ബി ജെ പി ആണ് ആശയപരമായ എതിരാളി. ഡി എം കെ രാഷ്ടീയ എതിരാളി.

പെരിയോർ, കാമരാജ്, അംബേദ്ക്കര്‍, അഞ്ജലെ അമ്മാള്‍, വേലു നാച്ചിയാര്‍ ഇവരൊക്കെയാണ് വഴികാട്ടികളെന്നും വിജയ് പറഞ്ഞു. മാതാപിതാക്കളുടെ അനുഗ്രഹം വാങ്ങിയശേഷമാണ് വിജയ് പ്രസംഗം ആരംഭിച്ചത്. പ്രസംഗത്തിന് മുന്നോടിയായി പാര്‍ട്ടിയുടെ വീര വാള്‍ വിജയിക്ക് സമ്മാനിച്ചു.

Tamil superstar Vijay lays out TVK's ideology in first political speech: 'Left my career at the peak' | Mint

ഡിഎംകെയ്ക്കെതിരെ യുദ്ധ പ്രഖ്യാപനം നടത്തികൊണ്ടായിരുന്നു വിജയുടെ പ്രസംഗം. ഡിഎംകെയുടേത് ജനവിരുദ്ധ സര്‍ക്കാരാണ്. എപ്പോഴും ഫാസിസം എന്ന് പറഞ്ഞുകൊണ്ടിരിക്കും. എന്നാൽ, ഡിഎംകെ സര്‍ക്കാര്‍ ദ്രാവിഡ മോഡൽ എന്ന് പറഞ്ഞുകൊണ്ട് ജനങ്ങളെ വഞ്ചിക്കുന്നു. തമിഴ്നാടിനെ കൊള്ളയടിക്കുകയാണ് മുഖ്യമന്ത്രി എം. കെ. സ്ററാലിൻ നയിക്കുന്ന ഡിഎംകെ കുടുംബം.

മുഖ്യമന്ത്രിമാരായ എൻ ടി രാമറാവുവിനെയും എം.ജി.രാമചന്ദ്രനേയും പരാമര്‍ശിച്ച അദ്ദേഹം, താൻ വന്നത് തമിഴ്നാട് മുഖ്യമന്ത്രിയാകാനാണെന്നും സൂചിപ്പിച്ചു. അധികാരത്തിന്‍റെ പങ്ക് പിന്തുണയ്ക്കുന്നവര്‍ക്കും നൽകുമെന്നും വിജയ് പറഞ്ഞു.

ഡിഎകെയുടെയും എഐഎഡിഎംകെയുടെയും സഖ്യകക്ഷികളെ ലക്ഷ്യമിട്ടുകൊണ്ട് സഖ്യത്തിന് തയ്യാറാണെന്നും അദ്ദേഹം പ്രഖ്യാപിച്ചു. മന്ത്രിസഭയിൽ ഇടം വേണമെന്ന് ഡിഎംകെ സഖ്യ കക്ഷികൾ വാദിക്കുന്നതിനിടെയാണ് ഈ പ്രഖ്യാപനം.അഴിമതിയും വര്‍ഗീയതയുമാണ് രാഷ്ട്രീയത്തിലെ ശത്രുക്കളെന്നും പ്രായോഗിക പ്രഖ്യാപനങ്ങള്‍ മാത്രമേ നടത്തുവെന്നും വിജയ് പറഞ്ഞു.

Thalapathy' Vijay is busy reading Ambedkar as his party plans to lean Left of Centre. Right's a no go

രാഷ്ട്രീയത്തിലേക്കിറങ്ങാനുള്ള തീരുമാനത്തിൽ നിന്ന് പിന്മാറില്ല. ഇത് പണത്തിനുവേണ്ടിയല്ല. മാന്യമായിട്ടായിരിക്കും രാഷ്ട്രീയ പ്രവര്‍ത്തനം നടത്തുക. താൻ ആരുടെയും എ ടീമോ ബി ടീമോ അല്ല. അഴിമതിക്കാരായ കപടമുഖം മൂടി ധരിച്ചവരെ നേരിടുന്ന നാള്‍ വിദൂരമല്ല. 2026ലെ തെരഞ്ഞെടുപ്പാണ് ലക്ഷ്യം. എല്ലാ മണ്ഡലങ്ങളിലും മത്സരിക്കും.

2026ലെ തെരഞ്ഞെടുപ്പിൽ ടിവികെ ചിന്ഹനത്തിൽ തമിഴ്നാട് വോട്ട് ചെയ്യുമെന്നും വിജയ് പറഞ്ഞു. നീറ്റ് പരീക്ഷ ക്രമക്കേടും പ്രസംഗത്തിൽ വിജയ് പരാമര്‍ശിച്ചു. സ്ത്രീ സുരക്ഷ ഉറപ്പാക്കും, ജാതി സെന്‍സസ് നടത്തും, എല്ലാവര്‍ക്കും കുടിവെള്ളം ഉറപ്പാക്കും എന്നീ പ്രഖ്യാപനങ്ങളും വിജയ് നടത്തി.

സര്‍ക്കാരിന്‍റെ ഔദ്യോഗിക ഭാഷയായി തമിഴ് ഉപയോഗിക്കും, ആരാധനക്കുള്ള ഭാഷയും തമിഴ് ആക്കും, മധുരയിൽ സെക്രട്ടറിയേറ്റിന്‍റെ ബ്രാഞ്ച് ആരംഭിക്കും, വിദ്യാഭ്യാസം ഭരണഘടനയിലെ സംസ്ഥാന പട്ടികയിലേക്ക് മാറ്റാൻ സമ്മര്‍ദം ചെലുത്തും, സംസ്ഥാന സര്‍ക്കാരിന്‍റെ പരമാധികാരം സംരക്ഷിക്കുന്നതിനായി ഗവര്‍ണറുടെ പദവി നീക്കാൻ സമ്മര്‍ദം ചെലുത്തും, അഴിമതി രഹിത ഭരണം ഉറപ്പാക്കും, കൈക്കൂലിയും ഉദ്യോഗസ്ഥരുടെ മോശം പെരുമാറ്റവും ഇല്ലാതാക്കും, വര്‍ണവിവേചനത്തിനെതിരെ ശക്തമായ ശിക്ഷ നടപ്പാക്കും തുടങ്ങിയ പാര്‍ട്ടി നയങ്ങളും വിജയ് പ്രഖ്യാപിച്ചു.