ടെഹ്റാൻ: ഇസ്രായേല്‍ വ്യോമസേന, ഇറാൻ തലസ്ഥാനമായ തെഹ്‌റാനില്‍ വിവിധ കേന്ദ്രങ്ങളില്‍ ആക്രമണം തുടങ്ങി. ഇറാന്റെ ബാലിസ്റ്റിക് മിസൈല്‍ ആക്രമണത്തിന് തിരിച്ചടിയാണിത്.
സൈനിക താവളങ്ങള്‍ ലക്ഷ്യമിട്ടാണ് ആക്രമണം നടത്തിയതെന്നാണ് ഇസ്രായേല്‍ പ്രതികരിച്ചത്. ഇസ്രായേലിന്റെ സ്വയം പ്രതിരോധത്തിന്റെ ഭാഗമായാണ് ആക്രമണമെന്ന് അമേരിക്കയും വ്യക്തമാക്കി
തലസ്ഥാനത്തിൻ്റെ വിവിധ ഭാഗങ്ങളിലും അല്‍ബോർസ് പ്രവിശ്യയിലെ കറജ് നഗരത്തിലും സ്‌ഫോടനം നടന്നതായി ഇറാൻ മാധ്യമങ്ങള്‍ അറിയിച്ചു. ഇറാന്റെ വ്യോമപ്രതിരോധ സംവിധാനങ്ങള്‍ ആക്രമണശ്രമങ്ങള്‍ തകര്‍ത്തതായും പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നു.
ഇറാൻ സേനയായ ഇസ്‌ലാമിക് റെവല്യൂഷനറി ഗാർഡിന്റെ(ഐആർജിസി) താവളങ്ങളെയൊന്നും ആക്രമണം ബാധിച്ചിട്ടില്ലെന്ന് റിപ്പോർട്ടുകള്‍ സൂചിപ്പിക്കുന്നു.
എഫ്-35ഐ ജെറ്റുകൾ ഉൾപ്പെടെ 100 വിമാനങ്ങളാണ് ഇറാൻ്റെ സൈനിക കേന്ദ്രങ്ങൾക്ക് നേരെ നടന്ന ആക്രമണത്തിന് ഇസ്രായേൽ ഉപയോഗിച്ചത്. മാസങ്ങളായി തുടരുന്ന ഇറാന്റെ തുടർച്ചയായ ആക്രമണങ്ങൾക്കുള്ള മറുപടിയാണിതെന്ന് ഇസ്രായേൽ വ്യക്തമാക്കിയിട്ടുണ്ട്.
വെറും പത്ത് സെക്കന്‍ഡിനുള്ളിൽ ഇറാന്റെ തലസ്ഥാനമായ ടെഹ്റാനിൽ മാത്രം അഞ്ചിലധികം വലിയ സ്ഫോടനങ്ങള്‍ ഉണ്ടായതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
ഒക്ടോബർ 1ന് ഇസ്രായേലിനെതിരെ ഇറാൻ ശക്തമായ മിസൈൽ ആക്രമണം നടത്തിയിരുന്നു. 180-ലധികം മിസൈലുകളാണ് ഇറാൻ ഇസ്രായേലിലേയ്ക്ക് തൊടുത്തത്. ഇതിന് ശക്തമായ തിരിച്ചടിയുണ്ടാകുമെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു മുന്നറിയിപ്പ് നൽകിയിരുന്നു.
2023 ഒക്ടോബർ 7 മുതൽ ഇറാനിൽ നിന്ന് ഇസ്രായേലിനെതിരായ നേരിട്ടുള്ള ആക്രമണങ്ങൾ തുടരുകയാണെന്നും ഇസ്രായേലിനെയും രാജ്യത്തെ ജനങ്ങളെയും സംരക്ഷിക്കാൻ ആവശ്യമായതെല്ലാം ചെയ്യുമെന്നും ഐഡിഎഫ് വ്യക്തമാക്കി.
തലസ്ഥാനനഗരത്തില്‍ എല്ലാം പതിവുപോലെയാണു പ്രവർത്തിക്കുന്നതെന്ന് തെഹ്‌റാൻ സർവകലാശാലയിലെ അസോഷ്യേറ്റ് പ്രൊഫസർ ഫുആദ് ഇസാദി ‘അല്‍ജസീറ’യോട് പ്രതികരിച്ചു. ആക്രമണത്തിന്റെ ആഘാതമോ ഭീകരാന്തരീക്ഷമോ എവിടെയും കാണാനില്ല. ആക്രമണം നടന്നിട്ടുണ്ടെങ്കില്‍ ചെറിയ തോതില്‍ മാത്രമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.