കുടിയേറ്റം വിലക്കും; കനഡ ഇന്ത്യക്കാർക്ക് നേരെ വാതിലടയ്ക്കുന്നു

ഒട്ടാവ: ജനസംഖ്യ ക്രമാതീതമായി വർധിക്കുന്നത് നിയന്ത്രിക്കാൻ അടുത്ത രണ്ട് വർഷത്തിനുള്ളിൽ കാനഡയിലേക്കുള്ള കുടിയേറ്റം നിയന്ത്രിക്കാനുള്ള ആലോചനയുണ്ടെന്ന് പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ. ഇന്ത്യക്കാരടക്കമുള്ള നിരവധി വിദേശികളുടെ സ്വപ്നങ്ങൾക്ക് ഇത് തിരിച്ചടിയാവുമെന്ന കാര്യം തീർച്ച.

സമ്പദ്‌വ്യവസ്ഥയെ പുനരുജ്ജീവിപ്പിക്കാൻ ഈ നീക്കം അനിവാര്യമാണെന്നും എല്ലാ പൗരന്മാർക്കും കൃത്യമായ അവസരങ്ങൾ ഉറപ്പാക്കാൻ ഇത് അത്യാവശ്യമാണെന്നും അദ്ദേഹം പറയുന്നു.

2024ൽ 4,85,000 ആയിരുന്ന പെർമെനന്റ് റെസിഡെൻഷ്യൻഷിപ്പ്, കുറച്ചുകൊണ്ടുവരാനാണ് സർക്കാർ നീക്കം. 2025ൽ 3,95,000 ആയും, 2026ൽ 3,80,000 ആയും, 2027ൽ 3,65,000 ആയും കുറച്ചേക്കും. ടെമ്പററി റെസിഡന്റ്സിന്റെ എണ്ണവും ഒറ്റയടിക്ക് 30,000ത്തോളമായി കുറയ്ക്കാനും തീരുമാനിച്ചിട്ടുണ്ട്.

മികച്ച വിദ്യാഭ്യാസവും നല്ല സ്വപ്നം കണ്ടുവരുന്ന വിദേശവിദ്യാർത്ഥികൾക്ക് മുൻപാകെയും കാനഡ പതിയെ വാതിലടയ്ക്കുകയാണ്. മുൻ വർഷത്തേക്കാളും 35 ശതമാനം കുറവ് സ്റ്റുഡന്റ് പെർമിറ്റുകൾ നൽകിയാൽ മതിയെന്നാണ് തീരുമാനം. കൂടാതെ വരും വർഷങ്ങളിൽ പത്ത് ശതമാനം വീതം എണ്ണം കുറയ്ക്കുകയും ചെയ്യും.കുടിയേറ്റ നയം മൂലം രാജ്യത്ത് വിലക്കയറ്റവും മറ്റ് പ്രശ്നങ്ങളും വർധിച്ചുവരുന്നുവെന്ന പരാതികളിന്മേലുളള നടപടിയാണ് സർക്കാർ സ്വീകരിക്കൻ ഒരുങ്ങുന്നത്.

കുടിയേറ്റക്കാരുടെ എണ്ണം കാനഡ സർക്കാർ കർശനമായി നിയന്ത്രിക്കുകയാണെന്ന് നേരത്തെ തന്നെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. കഴിഞ്ഞ കുറച്ച് മാസങ്ങളായി അതിർത്തികളിൽ കൃത്യമായ രേഖകൾ ഉള്ളവരെപ്പോലും രാജ്യത്തേക്ക് കടത്തിവിടുന്നില്ല.

വിസകൾ കൂട്ടമായി റദ്ദ് ചെയ്യാനുള്ള നടപടികളുമായും സർക്കാർ മുന്നോട്ടുപോയിരുന്നു. ജൂലൈയിൽ മാത്രം 5000ത്തിലധികം പേരുടെ വിസകളാണ്  റദ്ദാക്കിയത്. ഇവരിൽ വിദ്യാർത്ഥികൾ, ജോലി തേടിയെത്തിയവർ, ടൂറിസ്റ്റുകൾ എന്നിവരും ഉൾപ്പെടും. ഈ വർഷം ആദ്യം മുതൽക്കേ ട്രൂഡോ സർക്കാർ സ്വീകരിച്ചുപോന്നിരുന്ന നയം മൂലം ഒരു മാസം ശരാശരി 3500 ആളുകൾക്ക് കാനഡ എന്ന സ്വപ്നം ഉപേക്ഷിക്കേണ്ടിവരുന്നുവെന്നാണ് റിപ്പോർട്ടുകൾ.