ഡോ ജോസ് ജോസഫ്
ജൂണിയർ ആർട്ടിസ്റ്റായി തുടങ്ങി മലയാളത്തിലെ സൂപ്പർ നായക നിരയിലേക്കു വളർന്ന ജോജു ജോർജ് ആദ്യമായി സംവിധായകൻ്റെ വേഷമണിയുന്ന ചിത്രമാണ് പണി. ‘പല്ലിന് പല്ല്, ചോരയ്ക്കൂ ചോര’ എന്ന് വെല്ലുവിളിച്ചു കൊണ്ട് പണിയ്ക്ക് മറുപണിയുമായി മുന്നേറുന്ന റിവഞ്ച് ത്രില്ലറാണ് ചിത്രം.
നടനായി രണ്ടര പതിറ്റാണ്ടിലേറെ അനുഭവസമ്പത്തുള്ള ജോജുവാണ് ചിത്രത്തിൻ്റെ തിരക്കഥ രചിച്ചിരിക്കുന്നത്.ചെയിൻ റിയാക്ഷൻ പോലെ തുടർ പണികളുമായി വളച്ചു കെട്ടലുകളില്ലാതെ നേരെ കഥ പറഞ്ഞു പോകുന്ന ശൈലിയാണ് ജോജു സ്വീകരിച്ചിരിക്കുന്നത്. ജന്മനാ മൂകയും ബധിരയുമായ അഭിനയയാണ് ചിത്രത്തിലെ നായിക. തമിഴ്, തെലുങ്ക് സിനിമകളിലൂടെ ശ്രദ്ധേയയായ അഭിനയ 10 വർഷങ്ങൾക്കു ശേഷമാണ് മലയാളത്തിൽ തിരിച്ചെത്തുന്നത്.അറുപതോളം പുതുമുഖങ്ങളും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.
അഞ്ച് ഭാഷകളിൽ പാൻ ഇന്ത്യൻ ചിത്രമായാണ് പണി റിലീസ് ചെയ്തിരിക്കുന്നത്. പണിയുടെ പ്രിവ്യൂ കണ്ട കമൽ ഹാസൻ, മണിരത്നം, കാർത്തിക് സുബ്ബരാജ് തുടങ്ങിയവർ ജോജുവിനെ അഭിനന്ദിച്ചിരുന്നു.കുടുബന്ധങ് ങളുടെ ആഴവും സൗഹൃദങ്ങളുടെ തീഷ്ണതയുമെല്ലാം കടന്നു വരുന്നുണ്ടെങ്കിലും ലോലഹൃദയർക്കുള്ള സിനിമയല്ല പണി. കണ്ണിന് കണ്ണ് പകരം എടുക്കുന്ന, ചോര ചൊരിയുന്ന അത്യന്തം ക്രൂരമായ വയലൻസ് രംഗങ്ങൾ ചിത്രത്തിലുണ്ട്.
അതുകൊണ്ടാണ് കൊറിയൻ നവതരംഗ ചിത്രങ്ങളോട് കിടപിടിക്കുന്ന സിനിമയാണ് പണി എന്ന് ബോളിവുഡ് നടനും സംവിധായകനുമായ അനുരാഗ് കശ്യപ് അഭിനന്ദിച്ചത്.
തൃശൂർ റൗണ്ടും വടക്കുംനാഥനും പുത്തൻപള്ളിയും നഗരത്തിലെ പുതിയ ആകാശപ്പാതയുമെല്ലാം ചേർന്ന ശക്തൻ്റെ തട്ടകത്തിലാണ് പണിയുടെ കഥ അരങ്ങേറുന്നത്.ഇതിനിടയിൽ പൂരവും പെരുന്നാളും വെടിക്കെട്ടും പുലിക്കളിയുമെല്ലാം ഇടകലർന്ന തൃശൂരിൻ്റെ പ്രത്യേക സാംസ്ക്കാരിക പശ്ചാത്തലവും കടന്നു വരുന്നു.
പണി എന്നാൽ ക്വട്ടേഷൻ. പണി ഏറ്റെടുക്കുന്ന ഗുണ്ടാസംഘങ്ങൾക്ക് ബിസിനസ്സുകാരുടെയും രാഷ്ട്രീയക്കാരുടെയുമെല്ലാം പിന്തുണയുണ്ട്. ക്രമസമാധാനത്തിനു ഭീഷണിയായി ഗുണ്ടാ ശല്യം മാറിയതോടെ നഗരത്തിലെ ഗുണ്ടാസംഘങ്ങളുടെ ലിസ്റ്റെടുക്കാൻ പോലീസ് തീരുമാനിക്കുന്നു.
ഒരു കാലത്ത് ഗുണ്ടാപ്പണിയുമായി സജീവമായിരുന്നുവെങ്കിലും മംഗലത്ത് ഗ്രൂപ്പ് ഓഫ് ബിസിനസ്സുമായി ഒതുങ്ങിക്കഴിയുകയാണ് ഗിരി (ജോജു ജോർജ്).ജന്മം കൊണ്ട് കോട്ടയംകാരനെങ്കിലും പിന്നീട് തൃശൂർകാരനായി മാറിയ ഡേവിയാണ് (ബോബി കുര്യൻ) ഗിരിയുടെ വലംകൈ.ഗുണ്ടാപ്പണിയിൽ ഇപ്പോഴും സജീവമായ ഡേവിയുടെ പടയിൽ നഗരത്തിൽ നാനൂറിലേറെ പേരുണ്ട്.
ഗിരിയുടെ കസിൻ സജി (സുജിത് ശങ്കർ ), കുരുവിള ( പ്രശാന്ത് അലക്സാണ്ടർ ), ഡേവിയുടെ ഭാര്യ ജയ (അഭയ ഹിരണ്മയി) എന്നിവരാണ് ഗിരിയുടെ സംഘത്തിലെ മറ്റ് പ്രധാനികൾ. ഇവരെല്ലാവരും ഒരു കാലത്ത് കേരളവർമ്മ കോളേജിലെ സതീർഥ്യരായിരുന്നു. പിന്നാലെ പ്രേമിച്ചു നടന്നു വിവാഹം കഴിച്ച ഗൗരി (അഭിനയ) യാണ് ഗിരിയുടെ ഭാര്യ.ഗിരിയുടെ ആജ്ഞാശക്തിയുള്ള അമ്മ മംഗലത്ത് ദേവകിയമ്മ ( സീമ ) ഇവരുടെ ശക്തിസ്രോതസ്സാണ്.
കഥാപാത്രങ്ങളുടെ പശ്ചാത്തലവും അവരുടെ സൗഹൃദത്തിൻ്റെ ഇഴയടുപ്പവുമാണ് ആദ്യപകുതിയിൽ സംവിധായകൻ പറയുന്നത്. തൃശൂർ റൗണ്ടിലെ എടിഎമ്മിനുള്ളിൽ നടക്കുന്ന ഒരു കൊലപാതകമാണ് പണിയിലെ ആദ്യത്തെ ട്വിസ്റ്റ്.ഭൂ ഉടമയായ മാടക്കത്തറക്കാരൻ സുരേഷ് കൊല്ലപ്പെട്ടു കിടക്കുന്നത് ആദ്യം കണ്ടത് നഗരത്തിലെ വർക്ക്ഷോപ്പ് ജീവനക്കാരായ ഡോൺ സെബാസ്റ്റിയനും ( സാഗർ സൂര്യ) സിജുവുമാണ് (ജുനൈസ് വി പി ). ജന്മനാ ക്രിമിനലുകളായ ഇവർ ഒരു പ്രത്യേക സാഹചര്യത്തിൽ ഗിരിയുടെ വ്യവസ്ഥാപിത സാമ്രാജ്യത്തിലേക്ക് അതിക്രമിച്ചു കയറുന്നു.
രണ്ടാം പകുതി താരതമ്യേന ചടുലമാണ്.ഗിരിയുടെ ചോദ്യം ചെയ്യപ്പെടാത്ത ഗ്യാങിന് നേരെ ഞെട്ടിക്കുന്ന വെല്ലുവിളിയാണ് ഡോണും സിജുവും ഉയർത്തുന്നത്.ഇവർക്കു പിന്നാലെ നഗരത്തിലെ പോലീസും കൂടി പായുന്നതോടെ ഉദ്വേഗം കൂടുന്നു. ജോജു എഴുതിയ തിരക്കഥയിൽ അപ്രവചനീയമായതൊന്നും ഇല്ല.എന്നാൽ ക്ലൈമാക്സിൽ റിവഞ്ച് ചിത്രങ്ങളിൽ മുമ്പു കണ്ടില്ലാത്ത കിടിലൻ പണിയാണ് ജോജു പ്രേക്ഷകർക്കായി കാത്തു വെച്ചിരിക്കുന്നത്. തിരക്കഥയല്ല, വേറിട്ട സ്റ്റൈലിഷ് മേക്കിംഗാണ് പണിയുടെ ആകർഷണം.
കണ്ടു പഴകിയ മുഖങ്ങളിൽ നിന്നും വ്യത്യസ്തമായി ഒട്ടേറെ പുതുമുഖങ്ങൾക്ക് അവസരം നൽകിയ സംവിധായകനെ അഭിനന്ദിക്കണം. സംഭാഷണങ്ങളിൽ തൃശൂർ ഭാഷ ഭംഗിയായി കൈകാര്യം ചെയ്തിട്ടുണ്ട്.പൊറിഞ്ചു മറിയം ജോസ്, ആൻ്റണി തുടങ്ങിയ ചിത്രങ്ങളിൽ കണ്ട വേഷങ്ങളുമായി സാമ്യമുണ്ടെങ്കിലും കരുത്തനായ ഗിരിയിയെ പാളിച്ചകളില്ലാതെ ജോജു തോളിലേറ്റി.
അഭിനയ ജന്മനാ മൂകയും ബധിരയുമായ നടിയാണെന്ന് ഒരിക്കൽ പോലും സംശയിക്കാനിടയില്ലാത്ത വിധം ഭംഗിയായി ഗൗരിയെ അവതരിപ്പിച്ചു.ഗിരിയും ഗൗരിയും തമ്മിലുള്ള കെമിസ്ട്രി നന്നായി വർക്ക് ഔട്ട് ആയിട്ടുണ്ട്. മഴവിൽ മനോരമയിലെ ജനപ്രിയ തട്ടീം മുട്ടീം സീരിയലിൽ പാവം പയ്യനായി വന്ന സാഗർ സൂര്യയുടെ ഡോൺ എന്ന കൊടും ക്രൂരനായ വില്ലനിലേക്കുള്ള രൂപമാറ്റം അമ്പരപ്പിക്കുന്നതാണ്.
ജോജുവിൻ്റെ നായകൻ ഗിരിയോട് കിടപിടിക്കുന്നതാണ് ഡോണായുള്ള സാഗറിൻ്റെ പ്രകടനം.സിജുവിൻ്റെ വേഷമിട്ട ജുനൈസും കട്ടക്ക് ഒപ്പം നിന്നു. ഈ രണ്ടു വില്ലന്മാരുടെയും പ്രകടനം ഗംഭീരമായി. ഗ്യാങ് ലീഡർ ഡേവിയുടെ വേഷമിട്ട ബോബിയും തിളങ്ങി.
അഭിനയത്തിന് ഇടവേള നൽകി ജോജു ഏറ്റെടുത്ത സംവിധായകൻ്റെ പണി പാഴായില്ല.റിവഞ്ച് ത്രില്ലറുകൾ ഇഷ്ടപ്പെടുന്ന പ്രേക്ഷകരെ പണി സന്തോഷിപ്പിക്കും.വേണു, ജിൻ്റോ ജോർജ് എന്നിവരുടെ ക്യാമറ രാത്രി ദൃശ്യങ്ങൾ ഭംഗിയായി പകർത്തിയിട്ടുണ്ട്. റിവഞ്ച് ത്രില്ലറിനു ചേർന്ന സംഗീതമാണ് സാം സി എസും വിഷ്ണു വിജയും ചേർന്ന് ഒരുക്കിയിരിക്കുന്നത്.
——————————————————-
(കേരള കാർഷിക സർവ്വകലാശാലയുടെ തൃശൂർ വെളളാനിക്കര കാർഷിക കോളേജ് മുൻ പ്രൊഫസറാണ് ലേഖകൻ)
——————————————————————-