എം.എം ലോറന്‍സിന്‍റെ മൃതദേഹം വൈദ്യപഠനത്തിന്

കൊച്ചി: സി.പി.എം നേതാവ് എം.എം ലോറന്‍സിന്റെ മൃതദേഹം ക്രൈസ്തവ മതാചാര പ്രകാരം സംസ്‌കരിക്കാന്‍ അനുമതി നല്‍കണമെന്ന് ആവശ്യപ്പെട്ട് മകള്‍ ആശ ലോറൻസ് നല്‍കിയ ഹർജി തള്ളി ഹൈക്കോടതി.

വൈദ്യ പഠനത്തിന് വിട്ടുകൊടുക്കണമെന്നാണ് ആഗ്രഹമെന്ന് രണ്ട് സുഹൃത്തുക്കളോട്  ലോറന്‍സ് പറഞ്ഞിരുന്നത് അവിശ്വസിക്കേണ്ട ആവശ്യമില്ലെന്ന് കോടതി നിരീക്ഷിച്ചു.

സെപ്റ്റംബർ 21 ന് അന്തരിച്ച ലോറന്‍സിന്റെ മൃതദേഹം കളമശേരി മെഡിക്കല്‍ കോളജില്‍ സൂക്ഷിച്ചിരിക്കുകയാണ്.

ആശയെ അനുകൂലിച്ച്‌ മറ്റൊരു മകളായ സുജാത ബോബനും കോടതിയില്‍ നിലപാട് സ്വീകരിച്ചിരുന്നു.

അതേസമയം മൃതദേഹം പഠനാവശ്യത്തിനായി വിട്ടുനല്‍കണമെന്ന് ലോറന്‍സ് അറിയിച്ചിരുന്നുവെന്നും ഇത് കേട്ടതിന് മതിയായ സാക്ഷികളുണ്ടെന്നുമാണ് മകൻ എം.എല്‍ സജീവന്‍ കോടതിയെ അറിയിച്ചത്.

ലോറന്‍സിന്റെ മരണത്തിന് പിന്നാലെയാണ് മതാചാരപ്രകാരം മൃതദേഹം സംസ്കരിക്കണമെന്ന ആവശ്യവുമായി മകള്‍ ആശ രംഗത്തെത്തിയത്. തുടർന്ന് മൃതദേഹം പൊതുദര്‍ശനത്തിന് വെച്ചപ്പോള്‍ നാടകീയ സംഭവങ്ങളായിരുന്നു അരങ്ങേറിയത്.