ന്യൂഡൽഹി: നടിയെ ബലാൽസംഗക്കേസിൽ നടൻ സിദ്ദിഖിൻ്റെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത് സുപ്രീം കോടതി രണ്ടാഴ്ചത്തേക്ക് മാറ്റി.അദ്ദേഹത്തിൻ്റെ അറസ്റ്റ് തടഞ്ഞുള്ള ഇടക്കാല ഉത്തരവ് തുടരും.
കേസില്‍ മറുപടി സത്യവാങ്മൂലം നല്‍കാനായി കൂടുതല്‍ സമയം വേണമെന്ന് സിദ്ദിഖ് ആവശ്യപ്പെട്ടിരുന്നു. ഇതംഗീകരിച്ചാണ് കോടതി വാദം മാറ്റിയത്. നേരത്തെ, സിദ്ദിഖ് തെളിവുകള്‍ നശിപ്പിക്കാന്‍ ശ്രമിക്കുന്നുവെന്ന് സംസ്ഥാനം സർക്കാർ കുറ്റപ്പെടുത്തിയിരുന്നു.
നടൻ അന്വേഷണത്തോട് സഹകരിക്കുന്നില്ലെന്ന് അന്വേഷണ സംഘവും കോടതിയെ അറിയിച്ചു. എന്നാല്‍, അന്വേഷണത്തില്‍ നിന്ന് ഒളിച്ചോടില്ലെന്ന് സിദ്ദിഖിൻ്റെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു.
ഹൈക്കോടതി ഇടപെടലിനെ തുടർന്നാണ് 5 വർഷത്തിനു ശേഷം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നത്. അതേ തുടർന്ന് 30 കേസുകളും റജിസ്റ്റർ ചെയ്തു. എന്നാൽ, പരാതി നൽകാൻ തയാറായവരുടെ മനോവീര്യം കെടുത്തുന്നതാണ് സിദ്ദിഖിനു ജാമ്യം നൽകിയ നടപടിയെന്നും സംസ്ഥാന സർക്കാരിനു വേണ്ടി ഹാജരായ സീനിയർ അഭിഭാഷകൻ രഞ്ജിത് കുമാർ ചൂണ്ടിക്കാട്ടി
സിദ്ദിഖിനു താൽക്കാലിക ജാമ്യം നൽകിയതു പീഡനപരാതിയുമായി മുന്നോട്ടുവന്ന സിനിമാരംഗത്തെ മറ്റു സ്ത്രീകളുടെ മനോവീര്യം കെടുത്തിയെന്നു സർക്കാർ ബോധിപ്പിച്ചു.സർക്കാരും പരാതിക്കാരിയുടെ അഭിഭാഷകയും ഉന്നയിച്ച വിഷയങ്ങളിൽ മറുപടി നൽകാൻ സാവകാശം വേണമെന്ന നിലപാട് സിദ്ദിഖിന്റെ അഭിഭാഷകൻ വി.ഗിരി സ്വീകരിച്ചതോടെ കോടതി ഇതനുവദിച്ചു.
സിദ്ദിഖിന്റെ വാദങ്ങളെ എതിർക്കാൻ താൽക്കാലിക ജാമ്യത്തിലുള്ള സിദ്ദിഖ് തെളിവു നശിപ്പിക്കുന്നുവെന്ന വാദമാണ് സർക്കാർ കോടതിയിൽ ആവർത്തിച്ചുയർത്തിയത്. എന്നാൽ, 8 വർഷം മുൻപു നടന്ന സംഭവത്തിൽ തെളിവു വളരെ നേരത്തേ നശിപ്പിക്കാമായിരുന്നല്ലോ എന്ന ചോദ്യം ബെഞ്ച് തന്നെ ഉന്നയിച്ചു.
എന്നാൽ, വിഷയം തുടർച്ചയായി ഫെയ്സ്ബുക്കിലൂടെ ഉന്നയിക്കുന്നുണ്ടെന്നായിരുന്നു സർക്കാരിന്റെ പ്രതികരണം. ചോദ്യങ്ങൾക്കു മറുപടി നൽകാതെ എഴുതിയുള്ള മറുപടിയാണ് സിദ്ദിഖ് നൽകുന്നതെന്നു സർക്കാർ ചൂണ്ടിക്കാട്ടി. തനിക്കൊന്നും ഹാജരാക്കാനില്ലെന്നുള്ള മറുപടിയാണ് രേഖാമൂലം നൽകുന്നത്. മാത്രവുമല്ല, കേസുമായി ബന്ധപ്പെട്ട നിർണായക വിവരങ്ങൾ അടങ്ങിയ ഫെയ്സ്ബുക്ക് അക്കൗണ്ട് സിദ്ദിഖ് ഇല്ലാതാക്കി.
സർക്കാരും അതിജീവിതയും ഉയർത്തിയ ശക്തമായ എതിർപ്പിനിടയിലും ജാമ്യാപേക്ഷ രണ്ടാഴ്ച കഴിഞ്ഞു പരിഗണിക്കാനായി ജഡ്ജിമാരായ ബേല എം. ത്രിവേദി, സതീശ് ചന്ദ്ര ശർമ എന്നിവരുടെ ബെഞ്ച് മാറ്റി.