നവീൻ ബാബുവിൻ്റെ മരണം; പ്രശാന്തനെ പിരിച്ചുവിടും

തിരുവനന്തപുരം: കണ്ണുർ എ ഡി എം നവീൻ ബാബുവിനെതിരെ കൈക്കൂലി ആരോപണം ഉന്നയിച്ച പരിയാരം മെഡിക്കല്‍ കോളജിലെ താൽക്കാലിക ഇലക്‌ട്രിഷ്യനായ ടി.വി.പ്രശാന്തനെ സ്ഥിരപ്പെടുത്തില്ലെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് അറിയിച്ചു.

പ്രശാന്തൻ ഇനി സർക്കാർ ശമ്ബളം വാങ്ങിക്കില്ല. ഇങ്ങനെയൊരാള്‍ വകുപ്പില്‍ ജോലിയില്‍ വേണ്ടെന്നാണ് തീരുമാനം. ആരോഗ്യ പ്രിൻസിപ്പല്‍ സെക്രട്ടറികണ്ണൂരിലെത്തി വീണ്ടും അന്വേഷണം നടത്തുമെന്നും മന്ത്രി പറഞ്ഞു.

നവീൻ ബാബുവിന്റെ മരണത്തിന് പിന്നാലെ ആരോഗ്യ വകുപ്പ് ഡി എം ഇയോടും പരിയാരം മെഡിക്കല്‍ കോളേജ് പ്രിൻസിലിനോടും റിപ്പോർട്ട് തേടിയിരുന്നു. ഡി എം ഇ നല്‍കിയ റിപ്പോർട്ട് തൃപ്തികരമല്ല. ചില വിവരങ്ങള്‍ മാത്രമാണ് അറിയിച്ചത്.

വിശദമായ അന്വേഷണത്തിന് പരിമിതിയുണ്ടെന്നാണ് ഡി എം ഇ അറിയിച്ചത്. ഒരാഴ്ച കഴിഞ്ഞിട്ടും നടപടി ഇല്ലാത്തതിന് കാരണം റിപ്പോർട്ടിലെ അവ്യക്തയാണ്. കൈക്കൂലി കൊടുത്തുവെന്ന് പരസ്യമായി പറഞ്ഞിട്ടും അന്വേഷണത്തിലും നടപടിയിലും കാലതാമസമുണ്ടാകുന്നു. അതുകൊണ്ടാണ് അന്വേഷണത്തിന് അഡി.ചീഫ് സെക്രട്ടറിയെ തന്നെ ചുമതലപ്പെടുത്തിയത്.

പരിയാരം മെഡിക്കല്‍ കോളജ് ഇലക്‌ട്രിക്കല്‍ വിഭാഗം കരാര്‍ ജീവനക്കാരന്‍ ആയിരുന്നു പ്രശാന്ത്. സർക്കാർ ഉദ്യോഗസ്ഥനായ പ്രശാന്തനു പെട്രോള്‍ പമ്ബ് തുടങ്ങാനാകുമോ, സർക്കാർ ഉദ്യോഗസ്ഥനെന്ന വിവരം മറച്ചുവച്ചാണോ പമ്ബിന് അപേക്ഷിച്ചത് തു‍ടങ്ങിയ കാര്യങ്ങള്‍ ചർച്ചയായതിനു പിന്നാലെയാണ് മന്ത്രിയുടെ വിശദീകരണം.

പമ്ബിന് നിരാക്ഷേപ പത്രം (എൻഒസി) നല്‍കാത്തത്തില്‍ അഴിമതി നടന്നതായി യാത്രയയപ്പ് യോഗത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരുന്ന പി.പി.ദിവ്യ കുറ്റപ്പെടുത്തിയതിനെ തുടർന്നാണ് നവീൻ ബാബു ആത്മഹത്യ ചെയ്തത്.

പ്രശാന്തിനെതിരെ നടപടി ഉണ്ടാകുമെന്ന കാര്യത്തില്‍ ഒരു സംശയവും വേണ്ടെന്ന് മന്ത്രി വ്യക്തമാക്കി. നവീന്‍ ബാബു തനിക്ക് അറിയാവുന്ന ഉദ്യോഗസ്ഥനാണ്. പ്രളയകാലത്തും കോവിഡ് കാലത്തും തന്റെ ഒപ്പം പ്രവര്‍ത്തിച്ച ആളാണ്. വിദ്യാര്‍ഥി ജീവിത കാലം മുതല്‍ അറിയുന്ന വ്യക്തിയാണ്. വിദ്യാര്‍ഥി ജീവിതകാലം മുതല്‍ ഒരു കള്ളം പോലും പറയരുതെന്ന് ജീവിതത്തില്‍ ദൃഢനിശ്ചയം എടുത്തു മുന്നോട്ടു പോയ വ്യക്തിയാണ് നവീന്‍ ബാബുവെന്നും മന്ത്രി പറഞ്ഞു.

ചെങ്ങളായി പഞ്ചായത്തിലെ നെടുവാലൂർ ചേരൻകുന്നിലാണ് പെട്രോള്‍ പമ്ബിനായി പ്രശാന്തൻ അനുമതി തേടിയത്. ചേരൻകുന്ന് സെന്റ് ജോസഫ്സ് പള്ളിയുടെ ഇടതുവശത്തായുള്ള 40 സെന്റ് സ്ഥലമാണ് പെട്രോള്‍ പമ്ബ് തുടങ്ങാനായി പ്രശാന്തൻ പാട്ടത്തിനെടുത്തിരുന്നത്.

ചെങ്ങളായിയില്‍ പെട്രോള്‍ പമ്ബ് തുടങ്ങാൻ നാലരക്കോടി രൂപ വേണ്ടിവരുമെന്നാണു വിലയിരുത്തല്‍.പ്രശാന്തന് ഇത്രയും പണമുണ്ടോയെന്നാണ് ചോദ്യമുയരുന്നത്. പ്രശാന്തനെ മുന്നില്‍നിർത്തി ആരോ പണം മുടക്കാനിരുന്നെന്നാണ് ആക്ഷേപം.