വേട്ടക്കാരനൊപ്പം ഓടുകയും ഇരയ്ക്കൊപ്പം കിതയ്ക്കുകയും ചെയ്യുന്ന തന്ത്രം

In Featured, Special Story
October 20, 2024

കൊച്ചി:”ചില മനുഷ്യർ അങ്ങനെയാണ്,അവർ സിംഹാസനങ്ങളെ മാത്രമല്ല ജീവിതത്തെയും അഭിമാനത്തിനായിക്കൊണ്ട് ത്യജിച്ചുകളയും. സീത മുതൽ നവീൻബാബു വരെയുള്ള ചില മനുഷ്യർ അങ്ങനെയാണ്!

വേട്ടക്കാരനൊപ്പം ഓടുകയും ഇരയ്ക്കൊപ്പം കിതയ്ക്കുകയും ചെയ്യുന്നത് നിന്ദ്യമായ പ്രച്ഛന്നവേഷമാണ്. ആ മനുഷ്യനെ മരണശേഷവും മഴയത്ത് നിർത്തരുത്. ഈ അനീതിയോട് സന്ധിചെയ്യുന്നത് കിരാതരും പൈശാചികരുമായ മനുഷ്യ വിരോധികൾക്കു മാത്രം കഴിയുന്നതാണ്”
വിവാദമായ നവീൻ ബാബുവിന്റെ ആത്മഹത്യയെകുറിച്ച് എഴുത്തുകാരനായ ആര്യ ലാൽ ഫേസ്ബുക്കിലെഴുതുന്നു.
“അനുശോചനങ്ങളും മൗനപ്രാർഥനകളുമൊടുങ്ങുമ്പോൾ നാം നമ്മുടെ സ്വകാര്യതകളിലേക്ക് മടങ്ങിപ്പോകുന്നു. നവീൻ ബാബുമാർ ഓർമ്മകളിലും മരിക്കാൻ തുടങ്ങുന്നു. ഓർമ്മകളുടെ മരണ മുറികളാണ് രാഷ്ട്രീയാഹന്തകളുടെ ഈറ്റപ്പുരകൾ. പക്ഷെ അപ്പോഴും ഉറങ്ങാതെ ഓരാൾ ഉണർന്നിരിപ്പുണ്ട്” ആര്യ ലാൽ തുടരുന്നു.

പോസ്റ്റിന്റെ പൂർണ രൂപം ചുവടെ:=

മൗനംഇവിടെ ഒരു കുറ്റകൃത്യമാകുന്നു എന്നതുകൊണ്ടു മാത്രം എഴുതട്ടെ, സൗമ്യമായ ഒരു പുഞ്ചിരി മാഞ്ഞുപോയതറിഞ്ഞ്, ആയിരം മുഖങ്ങളിലേക്ക് ദുഃഖം കയറിവന്ന് പോകാൻ മടിച്ച് തളം കെട്ടി കിടന്ന ദിവസങ്ങളായിരുന്നു കഴിഞ്ഞത്.
രണ്ടു പെൺകുട്ടികൾ ‘സ്നേഹം’ എരിഞ്ഞടങ്ങുന്ന ഒരു ചിതയ്ക്കു ചുറ്റും ജീവിത താളം പിഴച്ച് വേച്ചുവേച്ച് നടന്നത് ആർക്കും ശരിക്കു കാണാൻ കഴിഞ്ഞിട്ടുണ്ടാവില്ല;എല്ലാ കണ്ണുകളും കണ്ണുനീർ നിറഞ്ഞ് കാഴ്ച മങ്ങിയിരുന്നു. പാതി മുറിഞ്ഞു പോയ ഒരു ഹൃദയത്തെ ഓർത്ത അതിൻ്റെ മറുപാതിയുടെ വിങ്ങൽ പകരാഞ്ഞ ഒരു ഹൃദയവും അവിടെയുണ്ടായില്ല.
എല്ലാവരും കരയുകയായിരുന്നു.എല്ലാവരേയും കരയിക്കാൻ ആ മനുഷ്യന് കഴിഞ്ഞതെങ്ങനെയാണ് ?!ആയിരങ്ങളുടെ ആ കണ്ണുനീരാണ് ‘വൃത്തികെട്ട രാഷ്ട്രീയഹന്ത’യ്ക്കെതിരെ ആ സത്യവാനായുള്ള സാക്ഷ്യം.
സ്വകാര്യതയിലേക്ക് ‘അധികാരത്തിൻ്റെ അഹന്ത’ ക്ഷണപത്രങ്ങളെ അവഗണിക്കുകയും അതിക്രമിച്ച് കടക്കുകയും ചെയ്യുന്നു. ‘വൃത്തികെട്ട നാവാ’ണ് മുറിപ്പെടുത്താൻ ഏറ്റവും മികച്ച ആയുധമെന്ന് അത് കാട്ടിത്തരുന്നു.
യാത്രയയപ്പിൻ്റെ ആ വേദിയിലിരുന്ന് നവീൻ ബാബു മരിച്ചിട്ടുണ്ടാവണം! ക്രൂരമായ വാക്കുകൾക്ക്, മാനഹത്യയ്ക്കുള്ള മൗനാനുവാദത്തിന്,ഇളിഞ്ഞ ചിരിക്ക്,കൊല്ലാൻ കഴിയുംവിധം കുലീന വിധേയമായിരുന്നു അയാളുടെ അഭിമാനം.
സ്വയം മൃതശരീരം ചുമന്ന് നടന്നായിരിക്കണം ആ മനുഷ്യൻ താമസസ്ഥലത്ത് എത്തിയത്. സത്യസന്ധതയും അഭിമാനവും ഒരു കുറ്റകൃത്യമാകുന്ന വിധമാണ് ലോക നീതിയുടെ സഞ്ചാരപാതകൾ. അവയിൽ ഒന്നിലൂടെ അയാൾക്കും ജീവിതത്തിലേക്ക് നടക്കാമായിരുന്നു;സത്യത്തിൻ്റെയും അഭിമാനത്തിൻ്റെയും ചുമടുകൾ ഉപേക്ഷിച്ചിരുന്നെങ്കിൽ.
ചില മനുഷ്യർ അങ്ങനെയാണ്,അവർ സിംഹാസനങ്ങളെ മാത്രമല്ല ജീവിതത്തെയും അഭിമാനത്തിനായിക്കൊണ്ട് ത്യജിച്ചുകളയും. സീത മുതൽ നവീൻബാബു വരെയുള്ള ചില മനുഷ്യർ അങ്ങനെയാണ്!
വേട്ടക്കാരനൊപ്പം ഓടുകയും ഇരയ്ക്കൊപ്പം കിതയ്ക്കുകയും ചെയ്യുന്നത് നിന്ദ്യമായ പ്രച്ഛന്നവേഷമാണ്. ആ മനുഷ്യനെ മരണശേഷവും മഴയത്ത് നിർത്തരുത്. ഈ അനീതിയോട് സന്ധിചെയ്യുന്നത് കിരാതരും പൈശാചികരുമായ മനുഷ്യ വിരോധികൾക്കു മാത്രം കഴിയുന്നതാണ്.
ബലം രക്ഷിക്കുന്ന അനീതികളുടെ നേരെയാണ് നിസ്വരുടെ ശാപ പ്രവാഹങ്ങളുണ്ടായിട്ടുള്ളത്. ഉള്ളുലഞ്ഞ പ്രാക്കുകൾക്കു കീഴടങ്ങാത്ത ഒരു ദന്തഗോപുരങ്ങളും ലോകാവസാനത്തെ കാത്തിരിപ്പില്ല.
ഇണയൊടുങ്ങിയ അകാല വൈധവ്യത്തെ, പടർന്നുവളർന്ന ആശ്രയമറ്റ് വാടി വീണു പോയ രണ്ടു ഹൃദയവല്ലരികളെ, ഹൃദയം തകർന്ന ഒരു സാഹോദര്യത്തെ, നിറഞ്ഞൊഴുകിയ ആയിരം കണ്ണുകളെ അവഗണിച്ച് നിയതി ആർക്കാണിവിടെ സുഖവാസം ഒരുക്കുക? എതു പ്രത്യയശാസ്ത്രത്തിനാണ് മുദ്രാവാക്യങ്ങളും നുണകളും കൊണ്ട് അതിന് കവചമൊരുക്കാൻ കഴിയുക.
അനുശോചനങ്ങളും മൗനപ്രാർഥനകളുമൊടുങ്ങുമ്പോൾ നാം നമ്മുടെ സ്വകാര്യതകളിലേക്ക് മടങ്ങിപ്പോകുന്നു. നവീൻ ബാബുമാർ ഓർമ്മകളിലും മരിക്കാൻ തുടങ്ങുന്നു.
ഓർമ്മകളുടെ മരണ മുറികളാണ് രാഷ്ട്രീയാഹന്തകളുടെ ഈറ്റപ്പുരകൾ. പക്ഷെ അപ്പോഴും ഉറങ്ങാതെ ഓരാൾ ഉണർന്നിരിപ്പുണ്ട്. He sleeps not ….!
ദൈവനീതിക്ക് ദാക്ഷണ്യമുണ്ടാവില്ല.