ദിവ്യയെ തള്ളാതെ നവീൻ്റെ കുടുംബത്തെ പിന്തുണച്ച് സി പി എം

പത്തനംതിട്ട: കണ്ണൂര്‍ അഡീഷണൽ ഡിസ്ട്രിക് മജിസ്ട്രേട്ട് നവീന്‍ ബാബു ആത്മഹത്യ ചെയ്ത സംഭവത്തില്‍ സി പി എമ്മിൽ രണ്ടു നിലപാട് ഉണ്ടെന്ന് പ്രചരണത്തിൽ കഴമ്പില്ലെന്ന് പാർടി സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ

പാർടിയുടെ കണ്ണൂർ,  പത്തനംതിട്ട ജില്ലാ കമ്മിറ്റികൾ വ്യത്യസ്തമായ അഭിപ്രായങ്ങൾ പ്രകടിപ്പിക്കൂകയും ഡി വൈ എഫ് ഐ സംസ്ഥാന സമിതി ആരോപണ വിധേയയായ പി.പി. ദിവ്യയെ പിന്തുണയ്ക്കുകയും ചെയ്ത സാഹചര്യത്തിലായിരുന്നു അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. എന്നാൽ ഗോവിന്ദൻ, ദിവ്യയെ തള്ളിപ്പറയാൻ മടികാണിക്കുകയും ചെയ്തു. അന്വേഷണം നടക്കുന്നതേയുള്ളൂ എന്നായിരുന്നു അദ്ദേഹത്തിൻ്റെ നിലപാട്.

അതേസമയം, ഇതുവരെ മുഖ്യമന്ത്രി പിണറായി വിജയൻ ഈ വിഷയത്തിൽ പ്രതിരിച്ചിട്ടു തന്നെയില്ല എന്ന കാര്യം വിമർശകർ ചൂണ്ടിക്കാട്ടുന്നുമുണ്ട്.

നവീന്‍ ബാബുവിന്റെ പത്തനംതിട്ട മലയാലപ്പുഴയിലെ വീട്ടിലെത്തി കുടുംബത്തോട് സംസാരിച്ച ശേഷമാണ് ഗോവിന്ദൻ ഇക്കാര്യം വിശദീകരിച്ചത്.

പാര്‍ട്ടി ഇക്കാര്യത്തില്‍ ഒരുതട്ടില്‍ തന്നെയാണ്. അത് കണ്ണൂരിലെ പാര്‍ട്ടി ആയാലും പത്തനംതിട്ടയിലെ പാര്‍ട്ടിയായാലും കേരളത്തിലെ പാര്‍ട്ടി ആയാലും കുടുംബത്തിനൊപ്പം നില്‍ക്കുമെന്നും അദ്ദേഹം പറഞ്ഞു. കണ്ണൂരില്‍ നിന്ന് എം.വി. ജയരാജന്‍ ഉള്‍പ്പെടെയുള്ളവര്‍ ഇവിടെ എത്തിയിരുന്നു. സംഭവം അറിഞ്ഞയുടന്‍ പത്തനംതിട്ട ജില്ലാ സെക്രട്ടറുമായി സംസാരിക്കുകയും കുടുംബവുമായി ബന്ധപ്പെടണമെന്ന് ആവശ്യപ്പെടുകയു ചെയ്തുവെന്ന് അദ്ദേഹം പറഞ്ഞു.