January 2, 2025 10:12 pm

ദിവ്യക്ക് പാർടി ശിക്ഷ: അധ്യക്ഷ സ്ഥാനത്ത് നിന്ന് നീക്കി

കണ്ണൂർ : അഡീഷണൽ ഡിസ്ട്രിക് മജിസ്ട്രേട്ട് നവീൻ ബാബുവിനെ ആത്മഹത്യയിലേക്ക് തള്ളിവിട്ട സി പി എം നേതാവ് പി.പി.ദിവ്യയെ സി പി എം കൈവിട്ടു.

അവരെ ജില്ലാ പഞ്ചായത്ത്‌ അധ്യക്ഷ സ്ഥാനത്ത് നിന്ന് മാറ്റി. ആത്മഹത്യാ പ്രേരണയ്ക്ക് പോലീസ്കേസെടുത്ത് അന്വേഷണം ആരംഭിച്ച സാഹചര്യത്തിലാണ് ഈ നടപടി.ജില്ലാ പഞ്ചായത്ത് പ്രസിഡന്റായി അഡ്വ. കെ.കെ. രത്‌നകുമാരിയെ നിശ്ചയിച്ചു.

സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറിയേറ്റ് പ്രസ്താവന ഇങ്ങനെ:

ണ്ണൂർ എ.ഡി.എം. ആയിരുന്ന നവീൻബാബുവിന്റെ അപ്രതീക്ഷിതവും വേദനാജനകവുമായ വേർപാടിനെ തുടർന്ന് കണ്ണൂർ ജില്ലാ സെക്രട്ടറിയേറ്റ് നേരത്തേ ചില പ്രതികരണങ്ങൾ നടത്തിയിരുന്നു.

അഴിമതിക്കെതിരായ സദുദ്ദേശ വിമർശനമാണ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നടത്തിയതെങ്കിലും യാത്രയയപ്പ് യോഗത്തിൽ നടത്തിയ ചില പരാമർശങ്ങൾ ഒഴിവാക്കേണ്ടതായിരുന്നു എന്ന നിലപാടാണ് അന്ന് പാർട്ടി സ്വീകരിച്ചത്. അതോടൊപ്പം സമഗ്രമായ അന്വേഷണം നടത്തണമെന്ന് സർക്കാറിനോട് ആവശ്യപ്പെടുകയും ചെയ്തു.

ഇപ്പോൾ പോലീസ് കേസെടുത്ത് അന്വേഷണം നടത്തിവരുന്നതിനാൽ ജില്ലാ പ്രസിഡന്റ് സ്ഥാനത്ത് നിന്നും പി.പി. ദിവ്യ ഒഴിവാകണമെന്ന് ജില്ലാ സെക്രട്ടറിയേറ്റ് കണ്ടു. അത് ദിവ്യ അംഗീകരിച്ചതിനെ തുടർന്ന് പുതിയ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായി അഡ്വ. കെ.കെ. രത്‌നകുമാരിയെ പരിഗണിക്കാൻ സെക്രട്ടറിയേറ്റ് തീരുമാനിച്ചു.

നവീൻ ബാബുവിന്റെ മരണത്തിൽ ആദ്യമായി പ്രതികരിച്ച് ദിവ്യ പ്രസ്താവനയിറക്കിയിട്ടുണ്ട്. നവീൻ ബാബുവിന്റെ വേർപാടിൽ വേദനയുണ്ടെന്നും പൊലീസ് അന്വേഷണവുമായി താൻ സഹകരിക്കുമെന്നും അവർ അറിയിച്ചു.

നിരപരാധിത്വം നിയമവഴിയിലൂടെ തെളിയിക്കും. അഴിമതിക്കെതിരെ ഞാൻ നടത്തിയത് സദ്ദുദ്ദേശപരമായ വിമർശനമായിരുന്നെങ്കിലും എന്റെ പ്രതികരണത്തിൽ ചില ഭാഗങ്ങൾ ഒഴിവാക്കേണ്ടതായിരുന്നുവെന്ന പാർട്ടി നിലപാടിനെ ഞാൻ മാനിക്കുന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്ത് നിന്നും മാറ്റാനുളള പാർട്ടി നിലപാടിനെ ശരിവെക്കുന്നു. പാർട്ടി തീരുമാനം മാനിച്ച് ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ പദവി രാജിവെക്കുന്നുവെന്നും ദിവ്യ അറിയിച്ചു.

സിപിഎം നടപടിയെടുത്തതിന് പിന്നാലെയാണ് ദിവ്യയുടെ പ്രതികരണം.

 

Leave a Reply

Your email address will not be published. Required fields are marked *

Related News

Latest News