ന്യൂഡല്‍ഹി: അന്തരീക്ഷ മലിനീകരണ തോത് ഉയരുന്ന സാഹചര്യത്തിൽ, ഡല്‍ഹിയില്‍ പടക്കങ്ങള്‍ക്ക് നിരോധനം ഏർപ്പെടുത്തി. നിർമ്മാണം, ശേഖരണം, വിപണനം, ഉപയോഗം എന്നിവയാണ് വിലക്കിയത്.
ഡിസംബർ 31 വരെയാണ് വിലക്ക് ഏർപ്പെടുത്തിയത്. ദീപാവലി, ക്രിസ്മസ്, പുതുവത്സര ആഘോഷങ്ങളുടെ ഭാഗമായി പടക്കം പൊട്ടിക്കുന്നത് കണക്കിലെടുത്താണ് തീരുമാനം.
പടക്കം പൊട്ടിക്കുമ്ബോള്‍ വ്യാപകമായ അന്തരീക്ഷമലിനീകരണം ഉണ്ടാകാൻ സാധ്യതയുണ്ട്. നിരോധനം ഉറപ്പാക്കുന്നതിനുള്ള നിർദ്ദേശങ്ങള്‍ നടപ്പാക്കാൻ ഡല്‍ഹി പോലീസിനു കമ്മീഷണർ അയച്ച കത്തില്‍ നിർദ്ദേശിച്ചു. കൂടാതെ, അനധികൃതമായി പടക്കം വില്‍ക്കുന്ന വിവരം ലഭിച്ചതനുസരിച്ച് പൊലീസ് ഡല്‍ഹിയില്‍ പല ഗോഡൗണുകളിലും പരിശോധന ശക്തമാക്കിയിട്ടുണ്ട്.
പൗരന്മാരോട് ഇക്കാര്യത്തില്‍ സഹകരിക്കാൻ പരിസ്ഥിതി മന്ത്രി ഗോപാല്‍ റായ് അഭ്യർത്ഥിച്ചു. കഴിഞ്ഞ വർഷവും ഡല്‍ഹിയില്‍ പടക്കം പൊട്ടിക്കുന്നതിനും വില്‍ക്കുന്നതിനും പൂർണ്ണ നിരോധനം ഏർപ്പെടുത്തിയിരുന്നു. ഡല്‍ഹിയിലെ അതിരൂക്ഷമായ വായൂമലിനീകരണവുമാണ് പടക്കനിരോധനം കർശനമാക്കാൻ കാരണം.
അതേസമയം, കഴിഞ്ഞവർഷം ചിലയിടത്ത് പടക്കങ്ങള്‍ പൂർണ്ണമായും നിരോധിച്ചപ്പോള്‍ മറ്റു ചില സംസ്ഥാനങ്ങളില്‍ ഹരിത പടക്കങ്ങള്‍ ഉപയോഗിക്കാം എന്ന തീരുമാനം എടുത്തിരുന്നു. ദേശീയ ഹരിത ട്രിബ്യൂണലിന്റെ നിര്‍ദ്ദേശപ്രകാരമാണ് ഈ തീരുമാനം.
2017ല്‍ പടക്കങ്ങള്‍ പൂർണ്ണമായും നിരോധിച്ചതിന് പിന്നാലെ ആഘോഷ വേളകളില്‍ ഉപയോഗിക്കാൻ അനുമതി നല്‍കിയിരിക്കുന്നവയാണ് ഹരിത പടക്കങ്ങള്‍. സാധാരണ പടക്കങ്ങളെക്കാള്‍ 30% വായു മലീനികരണത്തോത് കുറഞ്ഞവയാണ് ഹരിത പടക്കങ്ങള്‍. ബേരിയം നൈട്രേറ്റില്ലാതെയാണ് ഇവയുടെ നിർമാണം. ലിഥിയം, ആർസെനിക്, ലെഡ് തുടങ്ങിയവയും ഹരിത പടക്കങ്ങളില്‍ അടങ്ങിയിട്ടില്ല.