ചൈന്നെ : മുഖ്യമന്ത്രി പിണറായി വിജയൻറെ മകള്‍ വീണാ വിജയൻ ഉൾപ്പെട്ട മാസപ്പടി വിവാദത്തില്‍ അതിനിർണായക നീക്കവുമായി എസ്എഫ്ഐഒ (സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫിസ്).
വീണയെ ചെന്നൈ ഓഫിസില്‍ വിളിച്ചുവരുത്തി കഴിഞ്ഞ ബുധനാഴ്ച മൊഴിയെടുത്തു. ചെയ്യാത്ത സേവനത്തിന് സിഎംആർഎല്ലിൽനിന്ന് വീണയുടെ കമ്പനിയായ എക്സാലോജിക് 1.72 കോടി മാസപ്പടി വാങ്ങിയെന്നാണ് കേസ്.
കേസ് റജിസ്റ്റർ ചെയ്തു പത്തു മാസത്തിനുശേഷമാണ് വീണയെ വിളിച്ചു വരുത്തി മൊഴിയെടുത്തത്. അന്വേഷണ ഉദ്യോഗസ്ഥൻ എസ്എഫ്ഐഒ ഡപ്യൂട്ടി ഡയറക്ടർ അരുണ്‍ പ്രസാദ് ആണ് ചോദ്യം ചെയ്യലിന് നേതൃത്വം നല്‍കിയത്. ഈ കേസില്‍ എസ്എഫ്ഐഒ നടത്തിയ ഏറ്റവും നിർണായക നടപടിയാണിത്.
കേസില്‍ തനിക്ക് ബന്ധമില്ലെന്ന് വീണ വിജയൻ നേരത്തെ വാദിച്ചിരുന്നു.’താൻ ഐടി പ്രൊഫഷണല്‍ മാത്രമാണ്. രാഷ്ട്രീയ പാർട്ടികളുമായി തനിക്ക് ബന്ധമില്ല. തന്റെ കമ്ബനിയ്‌ക്കെതിരായ അന്വേഷണം രാഷ്ട്രീയ അജണ്ടയുടെ ഭാഗമാണ് – അവർ പറഞ്ഞു.
മാസപ്പടി കേസില്‍ സർക്കാരിനെതിരെ ഹാജരാക്കിയ തെളിവുകള്‍ നിലനില്‍ക്കില്ലെന്നാണ് സംസ്ഥാന സർക്കാർ ഹൈക്കോടതിയെ അറിയിച്ചത്. സർക്കാരും മുഖ്യമന്ത്രിയും സ്വകാര്യ കരിമണൽ കമ്പനിയായ കൊച്ചി
സിഎംആർഎല്ലിന് അനുകൂലമായി ഒന്നും ചെയ്തിട്ടില്ല.
കേസില്‍ വിജിലൻസ് അന്വേഷണത്തിന്റെ ആവശ്യമില്ലെന്നും ആരോപണം രാഷ്ട്രീയ പ്രേരിതമാണെന്നും കഴിഞ്ഞ ദിവസം സർക്കാർ മറുപടി നല്‍കിയിരുന്നു. മുഖ്യമന്ത്രിയെ അനാവശ്യമായി കേസിലേക്ക് വലിച്ചിഴയ്ക്കുകയാണെന്നും സിഎംആർഎല്ലും എക്‌സാലോജിക്കും തമ്മിലുളള കരാർ ഇടപാടില്‍ രണ്ട് കമ്ബനികള്‍ക്കും പരാതിയില്ലെന്നും ആണ് സർക്കാർ കോടതിയെ അറിയിച്ചത്.
വ്യവസായ വികസന കോർപറേഷന്റെ (കെഎസ്ഐഡിസി) ഓഫിസിലും കൊച്ചിയിലെ കരിമണൽ കമ്പനിയായ സിഎംആർഎല്ലിലും എസ്എഫ്ഐഒ അന്വേഷണം നടത്തിയിരുന്നു. വീണയുടെ കമ്പനിയായ എക്സാലോജിക്കിന്റെ വിവരങ്ങൾ ആരായാനാണ് വീണയുടെ മൊഴിയെടുത്തത്. സിഎംആർഎല്ലിൽ കെഎസ്ഐഡിസിക്ക് ഓഹരി പങ്കാളിത്തമുണ്ട്.
ജനുവരി അവസാനമാണ് വീണയുടെ കമ്പനിയുടെ ദൂരൂഹമായ ഇടപാടുകൾ അന്വേഷിക്കാൻ കേന്ദ്ര കോർപറേറ്റ് മന്ത്രാലയത്തിനു കീഴിൽ പ്രവർത്തിക്കുന്ന എസ്എഫ്ഐഒയെ ചുമതലപ്പെടുത്തിയത്.
വീണയുടെ കമ്പനിയായ എക്സാലോജിക്, കൊച്ചിയിലെ കരിമണൽ കമ്പനിയായ സിഎംആർഎൽ, കെഎസ്ഐഡിസി എന്നിവയ്ക്കെതിരെയാണ് അന്വേഷണം. എസ്എഫ്ഐഒ ഡപ്യൂട്ടി ഡയറക്ടർ എം.അരുൺ പ്രസാദിനാണ് അന്വേഷണ ചുമതല.
കമ്പനികളുടെ സാമ്പത്തിക തട്ടിപ്പ് അന്വേഷിക്കാൻ രൂപീകരിച്ചതാണ് എസ്എഫ്ഐഒ. റെയ്ഡിനും അറസ്റ്റിനും എസ്എഫ്ഐഒയ്ക്ക് അധികാരമുണ്ട്. അന്വേഷണത്തിന് വിവിധ ഏജൻസികളുടെ സഹായം തേടാം.