ന്യൂഡല്‍ഹി: ഒരാഴ്ചക്കിടെ രണ്ടാമത്തെ വൻ ലഹരിവേട്ട. പശ്ചിമ ഡല്‍ഹിയിലെ രമേഷ്നഗറില്‍നിന്ന് പോലീസിൻ്റെ സ്പെഷല്‍ സെല്‍ 2,000 കോടി രൂപ വിലമതിക്കുന്ന 200 കിലോഗ്രാം കൊക്കെയ്ൻ പിടിച്ചെടുത്തു.രാജ്യാന്തര തലത്തില്‍ പ്രവർത്തിക്കുന്ന മാഫിയ സംഘമാണ് ഇതിനു പിന്നിലെന്നും സൂചനയുണ്ട്
നേരത്തെ 560 കിലോ ഗ്രാം കൊക്കെയ്നും 40 കിലോഗ്രാം ഹൈഡ്രോപോണിക് കഞ്ചാവും പിടികൂടിയിരുന്നു. 5600 കോടി രൂപ വിലവരുന്ന ലഹരിമരുന്നുകളാണ് ഇതെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്.
ഒക്ടോബർ രണ്ടിന് മഹിപാല്‍പൂരിലെ ഗോഡൗണിലാണ് ഈ ലഹരിമരുന്ന് വേട്ട നടന്നത്. ഏഴ് പേരെ അറസ്റ്റ് ചെയ്തിരുന്നു. നാല് പേരെ സംഭവ സ്ഥലത്തുനിന്നും രണ്ട് പേരെ അമൃത്സർ, ചെന്നൈ എന്നിവിടങ്ങളില്‍ നിന്നുമാണ് പിടികൂടിയത്. ഒരാളെ ഉത്തർപ്രദേശില്‍ നിന്നും പിടികൂടി.
ലഹരി വിതരണക്കാരന്‍റെ വാഹനത്തിലെ ജി.പി.എസ് ലൊക്കേഷൻ പിന്തുടർന്നാണ് 200 കിലോഗ്രാം കൊക്കെയ്ൻ തേടിപൊലീസ് ഗോഡൗണിലെത്തിയത്.ഈ സംഭവത്തിനു പിന്നാലെ ബ്രിട്ടണിലേക്ക് കടക്കാൻ ശ്രമിച്ച പ്രതി ജിതേന്ദ്രപാല്‍ സിങ്ങിനെ പൊലീസ് അമൃത്സർ വിമാനത്താവളത്തില്‍നിന്ന് അറസ്റ്റു ചെയ്തു.
ഇയാള്‍ 17 വർഷമായി ബ്രിട്ടണിൽ സ്ഥിരതാമസക്കാരനാണ്. നേരത്തെ പിടിച്ചെടുത്ത കൊക്കെയ്നുമായി ബന്ധമുള്ള സംഘം തന്നെയാണ് ഇത്തവണ പിടിച്ചെടുത്ത ലഹരിമരുന്നിന് പിന്നിലുമുള്ളതെന്ന് പൊലീസ് സംശയിക്കുന്നു.
രാജ്യത്ത് ഡല്‍ഹിയും മുംബൈയും കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ഈ സംഘത്തിന് ദുബൈയിലും സ്വാധീനമുള്ളതായി അധികൃതർക്ക് വിവരമുണ്ട്. ചോദ്യം ചെയ്യലില്‍, വിദേശത്ത് താമസിച്ചുവരുന്ന ഇന്ത്യൻ പൗരനായ വീരേന്ദ്ര ബസോയയുടെ പേര് പ്രതികള്‍ വെളിപ്പെടുത്തിയിട്ടുണ്ട്.
കഴിഞ്ഞ ഞായറാഴ്ച ഡല്‍ഹിയിലെ തിലക്നഗറില്‍ 400 ഗ്രാം ഹെറോയിനും 160 ഗ്രാം കൊക്കെയ്നുമായി അഫ്ഗാൻ പൗരന്മാരെ പിടികൂടിയിരുന്നു. ദുബൈയില്‍നിന്ന് ഡല്‍ഹിയിലെത്തിയ ലൈബീരിയൻ പൗരനും പിടിക്കപ്പെട്ടിരുന്നു