ഫ്‌ലോറിഡയിൽ ചുഴലിക്കാറ്റ് ദുര്‍ബലമായി

ഫ്‌ലോറിഡ: അമേരിക്കയിലെ ഫ്‌ലോറിഡയിൽ വീശിയടിച്ച മില്‍ട്ടണ്‍ ചുഴലിക്കാറ്റ് ദുര്‍ബലമായി.എന്നാല്‍ അപകടഭീഷണി ഒഴിഞ്ഞിട്ടില്ലെന്നാണ് കാലാവസ്ഥാ ഏജന്‍സിയുടെ മുന്നറിയിപ്പ്. നാശനഷ്ടങ്ങളുടെ കണക്ക് വ്യക്തമായിട്ടില്ല.

കാറ്റഗറി 3 കൊടുങ്കാറ്റായി ഗള്‍ഫ് തീരത്ത് ആഞ്ഞടിച്ച ചുഴലിക്കാറ്റ് കാറ്റഗറി 1 ലേക്ക് മാറി എന്നായിരുന്നു റിപ്പോര്‍ട്ട്.മാരകമായ കൊടുങ്കാറ്റ് ഫ്‌ലോറിഡയുടെ ഭൂരിഭാഗം പ്രദേശങ്ങളിലും ശക്തമായ വെള്ളപ്പൊക്കം സൃഷ്ടിച്ചു.

ജനസാന്ദ്രതയുള്ള ടാംപ ഉള്‍ക്കടലിന് തെക്ക് സിയെസ്റ്റ കീയില്‍ കരയിലെത്തിയപ്പോള്‍ ചുഴലിക്കാറ്റിന് പരമാവധി 120 മൈല്‍ (205 കിലോമീറ്റര്‍) വേഗതയുണ്ടായിരുന്നതായി ദേശീയ ചുഴലിക്കാറ്റ് കേന്ദ്രം അറിയിച്ചു.

ടാംപ, സെന്റ് പീറ്റേഴ്‌സ്ബര്‍ഗ്, സരസോട്ട, ഫോര്‍ട്ട് മിയേഴ്‌സ് തുടങ്ങിയ ജനസാന്ദ്രതയുള്ള പ്രദേശങ്ങള്‍ ഉള്‍പ്പെടെ ഫ്‌ലോറിഡയുടെ തീരത്ത് ചുഴലിക്കാറ്റ് ഭീഷണികള്‍ ഉയര്‍ത്തിയിട്ടുണ്ട്. 3 ദശലക്ഷത്തിലധികം പേരുടെ വീടുകളിലും ബിസിനസ് സ്ഥാപനങ്ങളിലുമായി വൈദ്യുതി നഷ്ടപ്പെട്ടു.

ഉപദ്വീപിന്റെ പടിഞ്ഞാറന്‍ തീരത്തുള്ള കൗണ്ടികള്‍, പ്രത്യേകിച്ച് ഹാര്‍ഡി, സരസോട്ട, ഹില്‍സ്ബറോ, മനാറ്റി എന്നിവയാണ് ഏറ്റവും കൂടുതല്‍ നാശനഷ്ടമുണ്ടായ പ്രദേശങ്ങള്‍. അരക്കെട്ട് വരെ വെള്ളത്തിലായ വീടുകളില്‍ നിന്ന് താമസക്കാരെ രക്ഷപ്പെടുത്തിയതായി സർക്കാർ വക്താവ്
അറിയിച്ചു.