ശങ്കരാടിയെ ഓർമ്മിക്കുമ്പോൾ……

 

ആർ. ഗോപാലകൃഷ്ണൻ 🔸

‘ഗാന്ധിനഗർ സെക്കന്റ് സ്ട്രീറ്റി’ലെ കിളിയെഴുത്തുകാരനായ ശങ്കരാടിയുടെ കഥാപാത്രം, തന്റെ കോളനിയിൽ വലിഞ്ഞുകയറി വന്ന ഗൂർഖ വേഷധാരിയായ സേതുമാധവന്റെ കൈയുടെ മസിൽ പിടിച്ചുനോക്കി വിധി പറഞ്ഞു: “നല്ല അസ്സൽ ഗൂർഖ!” അങ്ങനെ, ‘ഭീം സിംഗ് കാ ബേട്ടാ രാംസിങ്ങ്’ അസ്സൽ ഗൂർഖയായി… ആ ഡയലോഗിന്റെ തുടർച്ചയായി ഇങ്ങനെകൂടി, ശങ്കരാടിയെക്കുറിച്ചു പറയാം: ‘നല്ല അസ്സൽ നടൻ’

Sankaradi - Just stands in the scene and becomes the character. No one in Malayalam goes above him in natural acting : r/MalayalamMovies

“ഇങ്ങനെ ഒരു നടനെ, ഇന്ത്യയില്‍ തന്നെ കണ്ടു കിട്ടാന്‍ പ്രയാസമാണ്…” എന്ന് ശങ്കരാടിയെക്കുറിച്ചു, സത്യന്‍ അന്തികാട് പല അഭിമുഖ സംഭാഷണങ്ങളിലും പറഞ്ഞിട്ടുള്ളതാണ്; സത്യന്‍ അന്തികാട് സിനിമകളിലെ മാത്രമല്ല, ഒരു കാലഘട്ടത്തിലെ മലയാള സിനിമയിലെ അവിഭാജ്യ ഘടകമായിരുന്നു ശങ്കരാടി എന്ന നടൻ. അദ്ദേഹത്തിൻ്റെ 23-ാം ചരമവാർഷിക ദിനം, ഇന്ന്.

🌍

‘ശങ്കരാടി’യുടെ യഥാർത്ഥ പേര് ശങ്കരത്ത് ചന്ദ്രശേഖര മേനോൻ എന്നാണല്ലോ. ശങ്കരത്ത് ചന്ദ്രശേഖരമേനോന്, ‘ശങ്കരാടി’ എന്ന പേര് വന്നത് എങ്ങനെ എന്ന് അറിയാൻ പണ്ടൊരു കൗതുകം എനിക്കു ഉണ്ടായിരുന്നു; ശങ്കരാടി ചേട്ടന്റെ അടുത്ത് ‘അമിത’ സ്വാതന്ത്ര്യം ഉള്ള ഒരാളുമൊരുമിച്ചു കോഴിക്കോട് മഹാറാണിയിൽ വെച്ച് ഒരിക്കൽ (1992-ൽ), ഞാൻ ശങ്കരാടി ചേട്ടനെ കണ്ടപ്പോൾ അപരനെകൊണ്ട് ഞാൻ ഇക്കാര്യം ചോദിപ്പിച്ചു.

നല്ല ലഹരിയിൽ ആയിരുന്ന ശങ്കരാടി പെട്ടന്ന് നിവർന്നിരുന്നു… എന്നിട്ടു പറഞ്ഞു: “ഇത് ശങ്കരത്ത് മേനോൻ!” അതുകഴിഞ്ഞു അല്പം അടിയാടി കുഴഞ്ഞിരുന്നു; എന്നിട്ടു നീട്ടി പറഞ്ഞു: “ഇത് ശങ്കരാ…ടി! സിനിമക്ക് വേണ്ടത് ഇതാ!” പിന്നെ കുലുങ്ങിച്ചിരി!

 

വീണ്ടും വീണ്ടും പൊട്ടിച്ചിരിപ്പിക്കുന്ന ഈ രംഗങ്ങൾ; ശങ്കരാടിയെ ഓർക്കുമ്പോൾ

🌍

വടക്കൻ പറവൂർ മേമന വീട്ടിൽ കണക്കു ചെമ്പകരാമൻ പരമേശ്വരൻ പിള്ളയുടെയും ചെറായി ശങ്കരത്ത് ജാനകിയമ്മയുടെയും മകനായി 1924 ജൂലൈ 14-ന് ജനനം. എറണാകുളം മഹാരാജാസ് കോളേജിൽ നിന്ന് വിദ്യാഭ്യാസം പൂർത്തിയാക്കിയ ശങ്കരാടി ബറോഡയിൽ മറൈൻ എൻജിനീയറിംഗ് പഠിക്കാൻ പോയെങ്കിലും അത് പൂർത്തിയാക്കാൻ കഴിഞ്ഞില്ല. തന്റെ അഭിനയ ജീ‍വിതത്തിൽ എത്തുന്നതിന് മുൻപ് ശങ്കരാടി രാഷ്ട്രീയത്തിലും, പത്രപ്രവർത്തനത്തിലും പ്രവർത്തിച്ചിട്ടുണ്ട്.

ബറോഡയിയിലെ പഠനത്തിനിടയിൽ തൊഴിലാളി പ്രസ്ഥാനങ്ങളുമായി ഇടപഴകുകയും റെയിൽ‌വേ തൊഴിലാളികളൂടെ സമരത്തിന്റെ നേതൃനിരയിൽ നിന്നു പ്രവർത്തിക്കുകയും ചെയ്തു. മറൈൻ എഞ്ചിനീറിംഗ് പഠനം പൂർത്തിയാക്കാതെ മുംബൈയിൽ പത്രപ്രവർത്തകനായി ജോലി നോക്കി.

നാട്ടിലെത്തി മുഴുനീള രാഷ്ട്രീയ പ്രവർത്തകനായി. ചന്ദ്രശേഖര മേനോൻ എന്ന ‘ശങ്കരാടി’യുടെ രാഷ്ട്രീയത്തിന്റെ തുടക്കം സ്വാതന്ത്ര്യ സമരകാലത്ത് ഇന്ത്യൻ നാഷണൽ കോൺഗ്രസിൽ ആയിരുന്നു. നാട്ടിൽ തിരിച്ചെത്തിയ ശേഷം കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിലേയ്ക്കും തിരിഞ്ഞു; ഒരു സി. പി. ഐ. പ്രവർത്തകനായിരുന്നു, ചന്ദ്രശേഖര മേനോൻ. ഒപ്പം നാടക പ്രവർത്തനങ്ങളും ഉണ്ടായിരുന്നു. 1964-ൽ കമ്മ്യൂണിസ്റ്റ് പാർട്ടി പിരിഞ്ഞപ്പോൾ ഹൃദയവേദനയോടേ പാർട്ടി കാർഡ് തിരിച്ചേൽ‌പ്പിച്ചു.

പ്രതീക്ഷിക്കാതെയാണ് ‘ശങ്കരാടി’ നാടക സംഘത്തിൽ‍ എത്തുന്നത്. പി ജെ ആന്റണിയുടെ പ്രതിഭാ ആർട്ട്സ് ക്ലബ്ബിൽ ആയിരുന്നു ചന്ദ്രശേഖര മേനോൻ സജീവമായിരുന്ന നാടക സമിതി.

1950-കളുടെ തുടക്കത്തിൽ കൊച്ചി കേന്ദ്രീകരിച്ച് പി ജെ ആന്റണിയുടെ നേതൃത്വത്തിൽ, തുടങ്ങിയ പ്രതിഭാ ആർട്ട്സ് ക്ലബ്ബിൽ, 1964-ൽ മുതൽ ശങ്കരാടി സജീവമായിരുന്നു. പിന്നീട് ആന്റണിയും മറ്റും വിട്ടുപോയപ്പോൾ ശങ്കരാടി പ്രതിഭയുടെ സെക്രട്ടറിയായി. പിന്നീട് പ്രതിഭയുടെ ആസ്ഥാനം കരുനാഗപ്പള്ളിയായി. ‘മൂലധനം’, ‘കാക്കപ്പൊന്ന്’ തുടങ്ങിയ നാടകങ്ങൾ അവതരിപ്പിച്ചു. ശങ്കരാടി കടലമ്മയിലൂടെ സിനിമയിൽ വന്നതോടെ ‘പ്രതിഭ’യുടെ പ്രവർത്തനം അവസാനിച്ചു.

മലയാള സിനിമയിലെ 'ശങ്കരാടിക്കാലം'; ശങ്കരാടിയുടെ ജന്മശതാബ്ദി | sankaradi | late actor | malayalam movies | birth centenary year | memories | vanitha

നാടകജീവിതത്തിൽ നിന്ന് ശങ്കരാടിയെ സിനിമയിൽ എത്തിക്കാൻ വഴിയൊരുക്കിയത് പ്രശസ്ത സിനിമാ നിർമാതാവും സംവിധായകനുമായ കുഞ്ചാക്കോയാണ്. 1963-ൽ കുഞ്ചാക്കോ സംവിധാനം ചെയ്ത ‘കടലമ്മ’ എന്ന ചിത്രത്തിലൂടെ തന്റെ അരങ്ങേറ്റം കുറിച്ചു. സത്യന്റെ അച്ഛന്റെ കഥാപാത്രമാണ് ശങ്കരാടി അവതരിപ്പിച്ചത്. ‘ഇരുട്ടിന്റെ ആത്മാവി’ലെ അച്യുതൻ നായരും ‘അസുരവിത്തി’ലെ അധികാരിയും ശങ്കരാടിക്ക് ഒന്നാംകിട നടനെന്ന ഖ്യാതി നേടിക്കൊടുത്തു.

ചന്ദ്രശേഖരമേനോൻ എന്ന പേരിൽ നിന്നും തറവാട്ടു പേരായ ‘ശങ്കരാടി’ എന്ന നാമത്തിലേയ്ക്ക് മാറപ്പെട്ടതും ഈ കാലത്താണ്. പിന്നെ അങ്ങോട്ട് 700-ൽ അധികം സിനിമകളിൽ അഭിനയിച്ചു. ശങ്കരാടിയുടെ ശരീരപ്രകൃതിയ്ക്ക് അനുസരിച്ച്, കാര്യസ്ഥനായും, അമ്മാവനായും, അമ്മായിയഛനായും ഒക്കെ ആയിരുന്നു തുടക്കകാലത്തെ റോളുകൾ.

80-കളുടെ തുടക്കത്തോടെ ശങ്കരാടി ചെയ്തത് അധികവും സരസമായ കഥാപാത്രങ്ങളുടെ റോളുകൾ ആയിരുന്നു. സരസമെങ്കിലും ജീവിത ഗന്ധിയായ എത്രയെത്ര കഥാപാത്രങ്ങൾ…

🌍
ഇത്തരം നടന്മാർക്ക് റിട്ടയർമെന്റില്ലല്ലോ. ശങ്കരാടിച്ചേട്ടൻ തന്റെ മരണം വരെ അഭിനയ ജീവിതം തുടർന്നു. മികച്ച സ്വഭാവനടനുള്ള സംസ്ഥാന പുരസ്കാരം 1969-71 വരെ തുടർച്ചയായ മൂന്ന് വർഷങ്ങളിൽ നേടി. ഇതു കൂടാതെ മയോളസിനിമയിൽ ഒരു കാലത്ത് നിറഞ്ഞു നിന്ന നിത്യഹരിത നായക നടനായ പ്രേംനസീറിനൊപ്പം മുന്നൂറിലധികം ചിത്രങ്ങളിൽ അഭിനയിച്ചെന്ന പ്രത്യേകതയും ഉണ്ട് ഈ നടനുള്ളതായി ചൂണ്ടിക്കാണിക്കപ്പെടുന്നു.

🌏

A comrade at heart - The Hindu

 

മലയാള സിനിമയിലെ ‘ക്രോണിക്ക് ബാച്ചിലർ’ ആയി വിരാജിച്ച ശങ്കരാടി ഏറെ വൈകിയാണു വിവാഹിതനായത്. എറണാകുളം കടവന്ത്ര ചെറുപറമ്പത്ത് കുട്ടിപ്പാറുവമ്മയുടെയും നാരായണ മേനോൻ്റെയും മകള്‍ ശാരദയാണ് ഭാര്യ. 1982-ല്‍ (52-ാം വയസ്സിൽ) വിവാഹിതനായ ശങ്കരാടിക്ക് കുട്ടികളില്ല. ‍

ഗാംഗ്രീൻ മൂലം കാല് മുറിച്ചു നീക്കപ്പെട്ട ശേഷം തന്നെ കാണാൻ വന്ന ശങ്കരാടിയെ തോപ്പിൽ ഭാസി ഒരു വിവാഹം ചെയ്യുവാൻ നിർബന്ധിച്ചു എന്ന് കേട്ടിട്ടുണ്ട്. വിവാഹത്തിനു ശേഷം എറണാകുളത്തെ ചെറുപറമ്പത്തു റോഡിലുള്ള ഭാര്യ വീട്ടിലായിരുന്നു ശങ്കരാടിയുടെ താമസം.

മലയാളിയ്ക്ക് ഓർത്തെടുക്കാൻ ഒട്ടനവധി കഥാപാത്രങ്ങളും അഭിനയ മുഹൂർത്തങ്ങളും ബാക്കി വച്ച്, 2001 ഒക്ടോബർ 9-ന്, 77-ാം വയസിൽ, ശങ്കരാടി വിടപറഞ്ഞു.

====================================================

(കേരള സാഹിത്യ അക്കാദമിയുടെ സെക്രട്ടറിയായിരുന്നു ലേഖകന്‍)

___________________________________________________________

കൂടുതല്‍ വാര്‍ത്തകള്‍ക്കായി

http://www.newsboardindia.com
സന്ദര്‍ശിക്കുക