കൊച്ചി: ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷം മൃദുഹിന്ദുത്വ നിലപാടിലേക്ക് സിപിഎം മാറിയെന്ന് സമസ്ത കാന്തപുരം വിഭാഗം വാരിക ‘രിസാല’.
സിപിഎമ്മിനും മുഖ്യമന്ത്രി പിണറായി വിജയനുമെതിരെ രൂക്ഷ വിമർശനവുമാണ് കാന്തപുരം എ പി അബൂബക്കർ മുസ്ല്യാരുടെ അനുഗ്രഹാശിസ്സുകൾ ഉള്ള വാരിക നടത്തുന്നത്.സിപിഎമ്മിനോട് പൊതുവെ ആഭിമുഖ്യം പുലർത്തുന്നവരാണ് സുന്നി സമസ്ത കാന്തപുരം വിഭാഗം.
എഡിജിപി – ആർഎസ്‌എസ് കൂടിക്കാഴ്ചയെ സിപിഎം നിസ്സാരവത്കരിച്ചുവെന്ന് വാരിക മുഖപ്രസംഗത്തിൽ കുറ്റപ്പെടുത്തുന്നു. സംഘപരിവാറിന് സന്തോഷം പകരുന്ന സാഹചര്യം സൃഷ്ടിച്ചതില്‍ നിന്ന് മുഖ്യമന്ത്രിക്ക് ഒഴിയാൻ കഴിയില്ല.
‘ദ ഹിന്ദു’ ദിനപത്രത്തില്‍ വന്ന അഭിമുഖവുമായി ബന്ധപ്പെട്ട വിവാദത്തില്‍ തൃപ്തികരമായ മറുപടി നല്‍കാൻ സിപിഎമ്മിന് സാധിക്കുന്നില്ല. അധികാരത്തിനായി സിപിഎം ഏതറ്റംവരെയും പോകുമെന്ന സൂചനയാണ് കാഫിർ സ്ക്രീന്‍ഷോട്ട് വിവാദം നല്കുന്നതെന്നും വാരിക പറയുന്നു.
മുഖപ്രസംഗത്തിൻ്റെ പൂർണരൂപം:
പിണറായി വിജയൻ ആരുടെ
പിആർ ഏജൻസിയാണ്?
ഇന്ത്യയിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങള്‍ക്ക് സംഭവിച്ച വലതുപക്ഷ വ്യതിയാനത്തിനെതിരായുള്ള പോരാട്ടത്തിന്റെ ഭാഗമായാണ് സിപിഐഎം രൂപീകരിച്ചത് എന്നാണ് പാർട്ടി നേതാക്കള്‍ പറയാറുള്ളത്. സിപിഎമ്മിന്റെ സമീപകാലത്തെ പ്രവർത്തനങ്ങള്‍ പൊതുവിലും മുഖ്യമന്ത്രിയുടെ നിലപാടുകള്‍ പരിശോധിക്കുമ്ബോള്‍ പ്രത്യേകിച്ചും വലത്തോട്ട് ചെരിഞ്ഞ് ഇടത്തോട്ട് സഞ്ചരിക്കുന്നതായാണ് ബോധ്യപ്പെടുന്നത്. പാർലമെന്റ് തെരഞ്ഞെടുപ്പിലെ കനത്ത പരാജയത്തിന്റെ കാരണം ശരിയാംവിധം ഉള്‍ക്കൊള്ളാതെ, ന്യൂനപക്ഷപ്രീണനമാണെന്ന ഹിന്ദുത്വ പ്രചാരണത്തില്‍ വീണുപോയ സിപിഎം, മൃദു ഹിന്ദുത്വ ലൈൻ സ്വീകരിച്ച് ചോർന്നുപോയ വോട്ടുകളെ തിരിച്ചുപിടിക്കാമെന്ന മിഥ്യാധാരണയിലാണെന്ന് തോന്നും വിധത്തിലാണ് അടുത്ത കാലത്ത് സ്വീകരിച്ച സമീപനങ്ങള്‍.
കഴിഞ്ഞ വർഷം വിവിധയിടങ്ങളില്‍ വച്ച് ആർഎസ് എസ്‌ജനറല്‍ സെക്രട്ടറി ദത്താത്രേയ ഹൊസബാളെയെയും ആർഎസ്‌എസ് നേതാവ് റാം മാധവിനെയും ക്രമസമാധാന ചുമതലയുള്ള എഡിജിപി അജിത് കുമാർ കണ്ടുവെന്നകാര്യം പൊലീസ് സ്പെഷ്യല്‍ ബ്രാഞ്ച് തന്നെ റിപ്പോർട്ട് ചെയ്തിട്ടും ഇതിലെന്ത് അസ്വാഭാവികതയെന്ന് ചോദിച്ച് നിസ്സാരവത്‌കരിക്കാനും നിർവീര്യമാക്കാനുമാണ് സിപിഎം ശ്രമിച്ചത്. നമ്മള്‍ പഠിച്ച, പരിചയിച്ച സിപിഎം ഇങ്ങനെയൊന്നുമായിരുന്നില്ല.
അതീവ ഗൗരവമുള്ള ഒരു വിഷയത്തില്‍ രാഷ്ട്രീയ നിലപാടും പരിഹാരവും പ്രഖ്യാപിക്കാൻ കഴിയാതെ മാളത്തിലൊളിക്കുന്ന സിപിഎം അപൂർവ കാഴ്ചയാണ്. കേരളത്തിന്റെ രാഷ്ട്രീയ ചരിത്രത്തെ തൃശൂരിലെ ബിജെപിയുടെ വിജയത്തിനു മുൻപും ശേഷവും എന്ന രീതിയില്‍ വിഭജിക്കാൻ ഗൗരവതരമായ ഒട്ടേറെ കാരണ ങ്ങളുണ്ട്. അങ്ങനെയൊരു തെരഞ്ഞെടുപ്പില്‍ ബിജെ പിക്ക് വിജയമൊരുക്കാൻ പുരം കലക്കിയത് എഡിജിപിയാണെന്ന് ഭരണപക്ഷത്തുനിന്നുതന്നെ ശക്തമായ വിമർശനമുയർന്നിട്ടും ഒരു നടപടിയും സ്വീകരിക്കാത്തത് എന്തിന്റെ തെളിവായാണ് ഞങ്ങള്‍ മനസ്സിലാക്കേണ്ടത്? ഇതിന്റെയെല്ലാം തുടർച്ചയി ലാണ് മലപ്പുറത്തെ ചൊല്ലിയുള്ള ഇപ്പോഴത്തെ വിവാദങ്ങള്‍ ഉണ്ടായിരിക്കുന്നത്.
ഒട്ടേറെ ദുരൂഹതകള്‍ അവശേഷിപ്പിക്കുന്ന ‘ദ ഹിന്ദു’ അഭിമുഖ വിവാദത്തില്‍ ഉയർന്നു വരുന്ന ചോദ്യങ്ങള്‍ക്കൊന്നും തൃപ്തികരമായ ഉത്തരം നല്‍കാൻ സിപിഎമ്മിന് സാധിക്കുന്നില്ല. വസ്തുതകള്‍ എന്തൊക്കെയായാലും ഗുണഭോക്താക്കള്‍ക്ക് അവർ ഉദ്ദേശിച്ചത് ലഭിച്ചു കഴിഞ്ഞു. ബിജെ പിക്ക് ഗുണകരമായ രീതിയില്‍ അതെല്ലാം പ്രചരിക്കപ്പെട്ടു കഴിഞ്ഞു എന്നത് ഇതോടൊപ്പം ചേർത്തു മനസ്സിലാക്കേണ്ടതുണ്ട്. സംഘപരിവാറിന് സന്തോഷം പകരുന്ന സാഹചര്യം സൃഷ്ടിച്ചതില്‍ നിന്ന് മുഖ്യമന്ത്രിക്ക് ഒഴിയാൻ കഴിയില്ല.
സെപ്റ്റംബർ 21ന് തിരുവനന്തപുരത്ത് മുഖ്യമന്ത്രി നടത്തിയ വാർത്താസമ്മേളനത്തില്‍, ഇക്കഴിഞ്ഞ വർഷങ്ങളില്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ പൊലീസ് പിടികൂടിയ കള്ളക്കടത്ത്, സ്വർണത്തിന്റേയും ഹവാല പണമിടപാടുകളുടേയും കണക്കുകള്‍ വിശദീകരിക്കവെ മലപ്പുറം ജില്ലയെ മാത്രം പേരെടുത്ത് പറഞ്ഞതാണല്ലോ ഇതിന്റെയെല്ലാം ആരംഭം. മലപ്പുറത്തെ മാത്രം അവിടെ ഉദ്ധരിക്കുന്നതിന്റെ സാംഗത്യം എന്തായിരുന്നു? മലപ്പുറത്തെ മഴയത്തു നിർത്തുന്നതില്‍ സിപിഎമ്മും പങ്കാളികളാകുന്നു എന്നാണോ അർഥമാക്കേണ്ടത്? പിണറായി ആഭ്യന്തരം കൈയാളുമ്ബോഴാണ് 2019 ല്‍ 12,642 കേസുകള്‍ രജിസ്റ്റർ ചെയ്തിരുന്ന മലപ്പുറം ജില്ല 2023 ആയപ്പോഴേക്കും 40,428 ലേക്ക് ക്രമാതീതമായി വളർന്നത്. അതിന്റെ യുക്തി വിശദീകരിക്കപ്പെട്ടിട്ടില്ല. ദുരൂഹത നിലനില്‍ക്കുകയും ചെയ്യുന്നു. മലപ്പുറം ജില്ലയെ രാജ്യത്തെ ക്രിമിനല്‍ തലസ്ഥാനമായി ചിത്രീകരിക്കാനുള്ള ഹിന്ദുത്വവർഗീയ സംഘങ്ങളുടെ പദ്ധതി ഇടതുപക്ഷത്തിന്റെ ചിലവില്‍ നടപ്പിലാക്കപ്പെടുന്നു എന്നത് എത്ര വലിയ ദുരന്തമാണ്.
പിണറായി സർക്കാർ അധികാരമേറ്റതു മുതല്‍ നാളിതുവരെയുള്ള ആഭ്യന്തര വകുപ്പിന്റെ പ്രവർത്തനങ്ങളിലെല്ലാം ഈ അസ്വാഭാവികത ദർശിക്കാം. I want the dead bodies of Muslim bastards (എനിക്ക് തന്തയില്ലാ മുസ്ലിംകളുടെ ശവശരീരം വേണം) എന്ന് ആക്രോശിച്ച രമണ്‍ ശ്രീവാസ്തവയെ ഉപദേശകനായി വാഴിച്ചാണ് പിണറായി ആരംഭിക്കുന്നത് തന്നെ. ഒരു ഇടതുപക്ഷ സർക്കാരില്‍ നിന്ന് ആരും പ്രതീക്ഷിക്കാത്ത പൊലീസ് നയങ്ങള്‍ അവിടെ തുടങ്ങുകയായിരുന്നു. പിന്നീട് വിവിധ ഘട്ടങ്ങളില്‍ അതിൻ്റെ ആവർത്തനം നമ്മള്‍ കണ്ടു. പൊലിസിന്റെ മനോവീര്യം തകർക്കരുത് എന്ന ക്യാപ്സൂള്‍ ഉരുവിട്ട് പൊലീസ് ഭാഷ്യങ്ങളെ മുഴുവൻ വെള്ളം തൊടാതെ നിരന്തരം ന്യായീകരിക്കുന്ന മുഖ്യമന്ത്രി ഇടതുപക്ഷത്തെ തന്നെയാണോ പ്രതിനിധീകരി ക്കുന്നത് എന്ന സംശയം ഉയരുകയാണ്.
ഇലക്ഷനില്‍ ജയിക്കുക എന്ന മിനിമം പരിപാടി മാത്രമാണോ സിപിഎമ്മിനുള്ളത്? വടകരയിലെ കാഫിർ സ്ക്രീൻ ഷോട്ട് വിവാദമടക്കമുള്ളവ നല്‍കുന്ന സൂചന പാർട്ടി അധികാര പങ്കാളിത്തത്തിന് വേണ്ടി ഏതറ്റം വരെയും പോകുമെന്നല്ലേ? പ്രധാനമന്ത്രിപദം വരെ തിരസ്കരിച്ച പാർട്ടി, ഒടുവില്‍ അധികാരാർത്തിയില്‍ ചെന്നു പതിച്ച അപചയത്തിന്റെ ആഴം അളക്കാൻ കഴിയാത്തതാണ്. പാർലമെന്ററി പ്രാതിനിധ്യത്തില്‍ പിറകില്‍ നില്‍ക്കുമ്ബോഴും ഇടതുപക്ഷത്തിന് അർഹിക്കുന്നതിലും അധികം പ്രാധാന്യം ലഭിച്ചിരുന്നത് നയങ്ങളിലെ കരുത്തുകൊണ്ടും ഉറച്ച മതനിരപേക്ഷ നിലപാടു കൊണ്ടുമായിരുന്നു. അതെല്ലാം പണയം വെച്ച് തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലെ താത്കാലിക ലാഭത്തിനു പിറകെ പോയാല്‍ പരസ്യത്തില്‍ പറയുന്നതുപോലെ പൊടിപോലുമുണ്ടാകില്ല കണ്ടുപിടിക്കാൻ.