ഇറാന് ഉടൻ തിരിച്ചടി എന്ന് പ്രധാനമന്ത്രി നെതന്യാഹു

ടെൽ അവീവ് : ഇറാന്റെ എണ്ണക്കിണറുകൾ, ആണവോർജ ശാലകൾ അടക്കമുള്ള ഊർജ ഉൽപ്പാദന കേന്ദ്രങ്ങൾ, തന്ത്രപ്രധാനമായ അടിസ്ഥാന സൗകര്യങ്ങൾ എന്നിവ ലക്ഷ്യമിട്ട് ഇസ്രായേൽ തിരിച്ചടിക്കും എന്നാണ് സൂചന.

ഇതു സംബന്ധിച്ച് പ്രതിരോധ വിഭാഗങ്ങളുടെ തലവന്മാരുമായി പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ചർച്ച നടത്തി. ഇറാനിലേക്ക് യാത്ര ചെയ്യരുതെന്ന് വിവിധ രാജ്യങ്ങൾ പൗരന്മാർക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

ഇതിനിടെ, ഐക്യരാഷ്ട്ര സഭ തലവൻ അന്റോണിയോ ഗുട്ടറസും ഇസ്രായേലുമായുള്ള ഭിന്നത രൂക്ഷമായി. ചൊവ്വാഴ്ച ഇസ്രായേലിനെതിരെ ഇറാൻ നടത്തിയ മിസൈൽ ആക്രമണത്തെ അസന്ദിഗ്ധമായി അപലപിക്കുന്നതിൽ ഗുട്ടറസ് പരാജയപ്പെട്ടെന്നും അതിനാൽ രാജ്യത്തേക്ക് പ്രവേശിക്കുന്നതിൽ നിന്ന് വിലക്കുകയാണെന്നും ഇസ്രായേൽ പ്രഖ്യാപിച്ചു.

ലെബനോനിൽ 8 സൈനികർ കൊല്ലപ്പെട്ടതിന് പിന്നാലെ ഇസ്രയേൽ വ്യോമാക്രമണം ശക്തമാക്കി. 6 പേർ കൊല്ലപ്പെട്ടതായാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.

അതേസമയം, പശ്ചിമേഷ്യയിൽ സംഘർഷം വ്യാപിച്ചാൽ സ്വന്തം പൗരന്മാരെ ഒഴിപ്പിക്കാനുള്ള പദ്ധതി തയ്യാറാക്കിയിരിക്കുകയാണ് ഇന്ത്യ. കപ്പൽ മാർഗ്ഗം ഒഴിപ്പിക്കാനുള്ള വഴികളും ചർച്ചയായിട്ടുണ്ട്.

ലെബനോനിൽ ഹിസ്ബുല്ലയുമായുണ്ടായ ഏറ്റുമുട്ടലിൽ ഇസ്രായേലിന്റെ എട്ട് സൈനികർ കൊല്ലപ്പെട്ടിരുന്നു. സൈനികർ കൊല്ലപ്പെട്ട വിവരം ഇസ്രായേലും സ്ഥിരീകരിച്ചിട്ടുണ്ട്. ലെബനോൻ അതിർത്തി കടന്നുള്ള ഏറ്റുമുട്ടലിൽ ആദ്യം കൊല്ലപ്പെട്ടത് ക്യാപ്റ്റൻ ഈറ്റൻ ഇറ്റ്സാക്ക് ഓസ്റ്റർ (22) ആണെന്ന് സൈന്യം അറിയിച്ചു.

ക്യാപ്റ്റൻ ഈറ്റൻ ഇറ്റ്സാക്ക് ഓസ്റ്റർ, ക്യാപ്റ്റൻ ഹരേൽ എറ്റിംഗർ, ക്യാപ്റ്റൻ ഇറ്റായി ഏരിയൽ ഗിയറ്റ്, സർജന്റ് ഫസ്റ്റ് ക്ലാസ് നോം ബാർസിലേ, സർജന്റ് ഫസ്റ്റ് ക്ലാസ് ഓർ മന്റ്സൂർ,സർജന്റ് ഫസ്റ്റ് ക്ലാസ് നസാർ ഇറ്റ്കിൻ, സ്റ്റാഫ്. സെർജന്റ് അൽമ്കെൻ ടെറഫ്, സ്റ്റാഫ് സർജന്റ് ഇഡോ ബ്രോയർ എന്നിവരാണ് തെക്കൻ ലെബനനിലെ കരയുദ്ധത്തിൽ കൊല്ലപ്പെട്ടത്.

തെക്കൻ ലെബനോനിൽ ഇസ്രായേൽ സൈനികർക്ക് നേരെ ആക്രമണം നടത്തിയതായി ഹിസ്ബുല്ല അവകാശപ്പെട്ടു. തെക്കൻ ലെബനോനിൽ തങ്ങളുടെ പോരാളികൾ നിരവധി ഇസ്രായേലി സൈനികരെ കൊലപ്പെടുത്തുകയും പരിക്കേൽപ്പിക്കുകയും ചെയ്തെന്നാണ് ഹിസ്ബുല്ല അറിയിച്ചിരിക്കുന്നത്.

തെക്കൻ ഗ്രാമമായ യാറൂണിലേക്ക് ഇസ്രായേൽ സൈന്യം മുന്നേറുന്നതിനിടെ ഒരു സ്ഫോടക വസ്തു പൊട്ടിത്തെറിച്ചാണ് സൈനികർ കൊല്ലപ്പെട്ടതെന്നും ഹിസ്ബുല്ല വ്യക്തമാക്കി. കരയുദ്ധത്തിൽ ആദ്യ സൈനികൻ കൊല്ലപ്പെട്ടതായി ഇസ്രായേൽ സൈന്യം വെളിപ്പെടുത്തിയതിന് പിന്നാലെയാണ് അവകാശവാദവുമായി ഹിസ്ബുല്ല രംഗത്തെത്തിയിരിക്കുന്നത്.