ന്യൂഡല്‍ഹി: യുവനടിയെ ബലാത്സംഗം ചെയ്തെന്ന കേസിൽ ഒളിവിൽ കഴിയുന്ന നടന്‍ സിദ്ദിഖിന് സുപ്രീംകോടതി അനുവദിച്ചത് ഇടക്കാല ജാമ്യം.
തിരുവനന്തപുരം മ്യൂസിയം പോലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ചെയ്ത കേസിൽ അറസ്റ്റ് ചെയ്താല്‍ ജാമ്യത്തില്‍ വിടണമെന്ന് കോടതി നിര്‍ദേശിച്ചു. ജാമ്യവ്യവസ്ഥ വിചാരണക്കോടതിക്ക് തീരുമാനിക്കാമെന്നും സുപ്രീംകോടതി അറിയിച്ചു.
ജസ്റ്റിസ് ബേല എം. ത്രിവേദി, സതീഷ് ചന്ദ്ര ശര്‍മ്മ എന്നിവരടങ്ങിയ ബെഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്. കേസ് ഇനി പരിഗണിക്കുന്നതിനുമുമ്പ് അന്വേഷണ ഉദ്യോഗസ്ഥര്‍ ആവശ്യപ്പെടുമ്പോള്‍ അവര്‍ക്കുമുന്നില്‍ സിദ്ദിഖ് ഹാജരാകണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്.
സിദ്ദിഖിന്റെ മുന്‍കൂര്‍ ജാമ്യഹര്‍ജി ഒക്ടോബര്‍ 22-ന് കോടതി പരിഗണിക്കും.കേസിലെ എതിര്‍കക്ഷികളായ സംസ്ഥാന സര്‍ക്കാരിനും അതിജീവിതയ്ക്കും കോടതി നോട്ടീസ് അയച്ചിട്ടുണ്ട്.
സീനിയര്‍ അഭിഭാഷകന്‍ മുകുള്‍ റോത്തഗി, അഭിഭാഷകരായ രഞ്ജീത റോത്തഗി, ഫിലിപ്പ് വര്‍ഗീസ്, സുജേഷ് മേനോന്‍ എന്നിവരാണ് സുപ്രീംകോടതിയില്‍ സിദ്ദിഖിനുവേണ്ടി ഹാജരായത്. സംസ്ഥാന സര്‍ക്കാരിനുവേണ്ടി അഡീഷണല്‍ സോളിസിസ്റ്റര്‍ ജനറല്‍ ഐശ്വര്യ ഭട്ടി, സ്റ്റാന്‍ഡിങ് കോണ്‍സല്‍ നിഷേ രാജന്‍ ഷൊങ്കര്‍ എന്നിവരും അതിജീവിതയ്ക്കുവേണ്ടി പ്രമുഖ അഭിഭാഷക വൃന്ദ ഗ്രോവറും ഹാജരായി.
താര സംഘടനയായ ‘അമ്മ’യുടെ മുൻ ജനറൽ സെക്രട്ടറികൂടിയായ അദ്ദേഹം, കേരള ഹൈക്കോടതി മുൻകൂർ ജാമ്യം നിഷേധിച്ചതിന് പിന്നാലെ ഒളിവിൽ ആയിരുന്നു.
സിദ്ദീഖിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കവെ രൂക്ഷ പരാമര്‍ശങ്ങളാണ് കേരള ഹൈക്കോടതി നടത്തിയത്. പരാതി അങ്ങേയറ്റം ഗൗരവമുള്ളതും ഗുരുതരവുമാണെന്ന് പറഞ്ഞ കോടതി തെളിവുകള്‍ പരിശോധിച്ചതില്‍ നിന്ന് സിദ്ദീഖിനെതിരെ പ്രഥമദൃഷ്ട്യാ കുറ്റം നിലനില്‍ക്കുന്നുണ്ടെന്നും വ്യക്തമാക്കിയിരുന്നു.
ജസ്റ്റിസ് സി എസ് ഡയസ് ആണ് വിധി പ്രസ്താവം നടത്തിയത്. ഗുജറാത്തിലെ ബില്‍ക്കിസ് ബാനു കേസിലെ ഉത്തരവ് ചൂണ്ടിക്കാണിച്ചാണ് ജാമ്യ ഹര്‍ജി ഉത്തരവ് കോടതി അവസാനിപ്പിച്ചത്. സിദ്ദിഖിന്റെ ലൈംഗിക ശേഷി പരിശോധിക്കണമെന്നും മുന്‍കൂര്‍ ജാമ്യം നിഷേധിച്ചുകൊണ്ടുള്ള ഉത്തരവില്‍ വ്യക്തമാക്കുന്നു.
പരാതിക്കാരിയെ വ്യക്തിഹത്യ നടത്തിയെന്ന് നിരീക്ഷിച്ച കോടതി സ്ത്രീ ഏതു സാഹചര്യത്തിലും ബഹുമാനം അര്‍ഹിക്കുന്നുണ്ടെന്നും വ്യക്തമാക്കി. പരാതിക്കാരിയെ വ്യക്തിഹത്യ ചെയ്യുന്ന വിധത്തിലാണ് സിദ്ദീഖിന്റെ അഭിഭാഷകന്‍ വാദിച്ചത് എന്ന് കോടതി ചൂണ്ടിക്കാട്ടി.
പരാതിക്കാരിയുടെ സ്വഭാവമല്ല, പരാതിയുടെ ഗൗരവമാണ് കോടതി കണക്കാക്കാറുള്ളത്. അതുകൊണ്ടു തന്നെ സിദ്ദീഖ് പരാതിയില്‍ പറയുന്ന കുറ്റം ചെയ്തതിന് പ്രഥമദൃഷ്ട്യാ ബോധ്യപ്പെടുന്നുണ്ടോ, മുന്‍കൂര്‍ ജാമ്യത്തിന് അര്‍ഹനാണോ എന്നുമാത്രമാണ് കോടതി പരിഗണിക്കുന്നത്. മുന്‍കൂര്‍ ജാമ്യം നല്‍കുന്നതിനു മുമ്ബ് പരാതിയുടെ സ്വഭാവവും ആരോപണവിധേയനായ ആള്‍ക്ക് അതിലുള്ള പങ്കും വിശദമായി പരിശോധിക്കുകയും വിലയിരുത്തുകയും വേണമെന്നാണ് സുപ്രീം കോടതി നിര്‍ദേശിച്ചിട്ടുള്ളത് എന്നും കോടതി പറഞ്ഞു.
തുടര്‍ന്ന്, സിദ്ദീഖിന്റെ അഭിഭാഷകന്‍ ഉയര്‍ത്തിയ വാദങ്ങള്‍ ഓരോന്നായി കോടതി തള്ളി.പരാതി നല്‍കാന്‍ വൈകി എന്നതുകൊണ്ട് അതില്‍ കഴമ്ബില്ല എന്നു പറയാന്‍ കഴിയില്ലെന്ന് വിവിധ സുപ്രീം കോടതി വിധിന്യായങ്ങള്‍ അടക്കം ഉദ്ധരിച്ച് കോടതി പറയുന്നു.
നിരന്തരം ഭീഷണപ്പെടുത്തി പരാതിക്കാരിയെ നിശബ്ദയാക്കാനുള്ള നീക്കമാണ് സിദ്ദീഖിന്റെ ഭാഗത്തുനിന്ന് ഉണ്ടായതെന്നും കോടതി കുറ്റപ്പെടുത്തി. പരാതിക്കാരിയെ വ്യക്തിഹത്യചെയ്യാന്‍ പാടില്ലായിരുന്നുവെന്നും കോടതി വ്യക്തമാക്കി. സിദ്ദീഖിന്റെ വൈദ്യപരിശോധനയടക്കം പൂര്‍ത്തിയാക്കേണ്ടതുണ്ടെന്നും റിമാന്‍ഡില്‍ വിടണമെന്നും ഉത്തരവില്‍ വ്യക്തമാക്കുന്നു.
ലൈംഗികാക്രമണ കേസുകളിലെ അതിജീവിതമാര്‍ അതുണ്ടാക്കിയ നടുക്കത്തില്‍ നിന്നു പുറത്തു വരാന്‍ സമയമെടുത്തേക്കും. അഭിമാനം നഷ്ടപ്പെടുമോ, ഭയം അടക്കമുള്ള അനേകം കാര്യങ്ങള്‍ പരാതി നല്‍കുന്നതില്‍ നിന്ന് വൈകിപ്പിക്കാറുണ്ട്. എന്തുകൊണ്ട് വൈകി എന്ന സാഹചര്യങ്ങളും മറ്റും വിചാരണ കോടതിയില്‍ പരിശോധിക്കാവുന്നതാണെന്നും കോടതി പറഞ്ഞു.
സമൂഹത്തിന്റെ ഏതു തട്ടില്‍ നിന്നുള്ളതാണെങ്കിലും ഏതു വിശ്വാസം പുലര്‍ത്തുന്നതാണെങ്കിലും ഏതു സാഹചര്യത്തിലും ഒരു സ്ത്രീ ബഹുമാനം അര്‍ഹിക്കുന്നു എന്ന ബില്‍ക്കീസ് ബാനു കേസിലെ സുപ്രീം കോടതി നിരീക്ഷണവും ജസ്റ്റിസ് ഡയസ് വിധിന്യായത്തില്‍ എടുത്തു പറയുന്നു.
കുറ്റകൃത്യത്തെ പൂര്‍ണമായി നിരാകരിക്കുന്ന സാഹചര്യത്തില്‍ കേസന്വേഷണം ശരിയായി പൂര്‍ത്തിയാക്കാനും ലൈംഗികശേഷി പരിശോധിക്കുന്നതിനും കസ്റ്റഡിയില്‍ ചോദ്യം ചെയ്യണം. മാത്രമല്ല, പരാതിക്കാരിയെ ഭീഷണിപ്പെടുത്താനും തെളിവു നശിപ്പിക്കാനും സാധ്യതയുണ്ടെന്ന് പ്രോസിക്യൂഷന്‍ ചൂണ്ടിക്കാട്ടിയതും പരിഗണിച്ച് സിദ്ദീഖിന് മുന്‍കൂര്‍ ജാമ്യം അനുവദിക്കാനാവില്ലെന്ന് കോടതി വ്യക്തമാക്കി.
ബലാല്‍സംഗക്കുറ്റം ചുമത്തി തിരുവനന്തപുരം മ്യൂസിയം പൊലീസ് കേസെടുത്തിരുന്നു. 2016ല്‍ പീഡിപ്പിച്ചതായാണ് യുവനടി വെളിപ്പെടുത്തിയത്. ഭാരതീയ ന്യായ സംഹിതയിലെ 376, 506 വകുപ്പുകള്‍ അനുസരിച്ചാണ് കേസെടുത്തത്. ആരോപണം ഉയര്‍ന്നതിനെ തുടര്‍ന്ന് ‘അമ്മ’ സംഘടനയുടെ ജനറല്‍ സെക്രട്ടറി സ്ഥാനം സിദ്ദീഖ് രാജിവച്ചിരുന്നു.
നടന്‍ സിദ്ദിഖ് ഉപദ്രവിച്ചെന്നും പല സുഹൃത്തുക്കള്‍ക്കും സിദ്ദീഖില്‍ നിന്ന് ഇതേ അനുഭവം ഉണ്ടായിട്ടുണ്ടെന്നുമായിരുന്നു നടിയുടെ ആരോപണം.സിനിമയിൽ അവസരം വാഗ്ദാനംചെയ്ത് 2016-ൽ തിരുവനന്തപുരം മസ്കറ്റ് ഹോട്ടലിലെ മുറിയിലേക്ക് വിളിച്ചുവരുത്തി ബലാത്സംഗം ചെയ്തെന്നാണ് പരാതി.
ഒളിവിൽ കഴിയുന്ന നടനെ പിടികൂടാത്തതിൽ പോലീസിനെതിരെ രൂക്ഷവിമർശനം ഉയർന്നിരുന്നു. സിദ്ദിഖിനെ പിടികൂടുന്നതിൽ അന്വേഷണസംഘത്തിന് അമാന്തമുണ്ടായോ എന്ന് പോലും ചോദ്യങ്ങൾ ഉയർന്നു.
പ്രതിയുടെ ലൈംഗികശേഷി പരിശോധിക്കണമെന്നത് മുന്‍കൂര്‍ജാമ്യം നല്‍കാതിരിക്കാന്‍ കാരണമാക്കാമോ എന്നതുള്‍പ്പെടെ വിവിധ നിയമപ്രശ്‌നങ്ങള്‍ ഉന്നയിച്ചുള്ള സിദ്ദിഖിന്റെ ഹര്‍ജിയാണ് സുപ്രീംകോടതി പരിഗണിച്ചത്. ലൈംഗികപീഡനപരാതിയില്‍ തന്റെ മുന്‍കൂര്‍ജാമ്യാപേക്ഷ തള്ളിയ ഹൈക്കോടതിക്ക് പൂര്‍ണമായും തെറ്റുപറ്റിയെന്നാണ് ജസ്റ്റിസ് ബേല എം. ത്രിവേദി അധ്യക്ഷയായ ബെഞ്ചിനുമുന്‍പാകെ സിദ്ദിഖ് ഉന്നയിച്ചത് എന്നാണ് അറിയുന്നത്.