April 19, 2025 3:24 am

സുനിതയേയും ബച്ച് വില്‍മോറിനെയും രക്ഷിക്കാൻ പേടകമെത്തി

ഫ്‌ളോറിഡ: നാസയുടെ ബോയിങ് സ്റ്റാര്‍ലൈനര്‍ ദൗത്യത്തില്‍ ബഹിരാകാശനിലയത്തിലെത്തി കുടുങ്ങിപ്പോയ സുനിത വില്യംസിനേയും ബച്ച് വില്‍മോറിനേയും തിരികെ എത്തിക്കാൻ സ്‌പേസ് എക്‌സ് വിക്ഷേപിച്ച ക്രൂ9 പേടകം ബഹിരാകാശ നിലയത്തിലെത്തി. അവർ ഫെബ്രുവരിയില്‍ മടങ്ങിയെത്തും എന്നാണ് നാസയുടെ പ്രതീക്ഷ.

നാസയുടെ ബഹിരാകാശ സഞ്ചാരിയായ നിക്ക് ഹേഗ്, റഷ്യന്‍ റോസ്‌കോസ്‌മോസ് സഞ്ചാരിയായ അലക്‌സാണ്ടര്‍ ഗോര്‍ബുനോവ് എന്നിവരെയാണ് ക്രൂ9 ൽ അഞ്ച് മാസ ദൗത്യത്തിനായി അയച്ചത്.

സുനിത വില്യംസിനോയും ബച്ച് വില്‍മോറിനേയും തിരികെ എത്തിക്കുക ക്രൂ9 പേടകത്തിലാണ്. മനുഷ്യരെ വഹിച്ചുള്ള സ്റ്റാര്‍ലൈനര്‍ പേടകത്തിന്റെ ആദ്യ പരീക്ഷണ ദൗത്യത്തിന്റെ ഭാഗമായാണ് സുനിത വില്യംസും ബച്ച് വില്‍മോറും ബഹിരാകാശ നിലയത്തിലെത്തിയത്.

എന്നാല്‍ സാങ്കേതിക പ്രശ്നങ്ങളെ തുടര്‍ന്ന് ഇരുവരും അവിടെ കുടുങ്ങുകയായിരുന്നു. സാങ്കേതിക പ്രശ്നങ്ങളുള്ള പേടകത്തില്‍ ഇവരെ തിരികെ എത്തിക്കുന്നത് വെല്ലുവിളിയായി മാറി.

നേരത്തെ നാല് സഞ്ചാരികളെ ക്രൂ 9 ദൗത്യത്തില്‍ നിലയത്തിലെത്തിക്കാനാണ് ലക്ഷ്യമിട്ടിരുന്നത്. എന്നാല്‍ സ്റ്റാര്‍ലൈനര്‍ സഞ്ചാരികളെ തിരികെ എത്തിക്കേണ്ടതിനാല്‍ രണ്ട് പേരെ ഒഴിവാക്കുകയായിരുന്നു. അഞ്ച് മാസം നീളുന്ന ദൗത്യം ഫെബ്രുവരിയില്‍ പൂര്‍ത്തിയാവും.

Leave a Reply

Your email address will not be published. Required fields are marked *

Related News

Latest News