January 2, 2025 11:52 pm

നസ്റല്ലയെ വധിച്ചു; സഫിയെദ്ദീൻ ഹിസ്ബുല്ല തലവനാവാൻ സാധ്യത

ബെയ്റൂട്ട്: ലെബനനിലെ സായുധ സംഘമായ ഹിസ്ബുല്ലയുടെ മേധാവി ഹസൻ നസ്റല്ലയെ, ബെയ്റൂട്ടിന്റെ തെക്കൻ പ്രാന്തപ്രദേശങ്ങളിൽ ആക്രമണം തുടരുന്നതിനിടെ വധിച്ചെന്ന് അവകാശപ്പെട്ട് ഇസ്രയേൽ സൈന്യം രംഗത്തെത്തി. കഴിഞ്ഞ മൂന്ന് പതിറ്റാണ്ടുകാലമായി ഹിസ്ബുള്ളയുടെ തലവനാണ് നസ്റല്ല.

ഹിസ്ബുല്ല ആസ്ഥാനത്ത് നടത്തിയ വ്യോമാക്രമണത്തിലാണ് ഹസൻ നസ്റല്ല കൊല്ലപ്പെട്ടതെന്ന് അമേരിക്കൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഹിസ്ബുല്ല ഇക്കാര്യം സ്ഥിരീകരിച്ചു.എന്നാൽ നസ്റല്ലയുമായുള്ള ബന്ധം ഇന്നലെ വൈകുന്നേരം മുതൽ നഷ്ടപ്പെട്ടതായി ലെബനനിലെ ഹിസ്ബുള്ള ഗ്രൂപ്പുമായി അടുത്തുള്ള വൃത്തങ്ങൾ പറഞ്ഞു.

32 വർഷം ഹിസ്ബുല്ലയെ നയിച്ച നസ്റല്ലയുടെ കൊലപാതകം ലബനൻ സായുധ സംഘടനയിൽ വലിയ പ്രതിസന്ധിയാണ് സൃഷ്ടിച്ചിട്ടുള്ളത്. ഹിസ്ബുല്ല ഭരണനേതൃത്വത്തിലെ പ്രധാനികളായ പത്തോളം പേരെയും ഇസ്രയേൽ തുടച്ചുനീക്കിയിട്ടുണ്ട്.

നസ്റല്ലയുടെ സ്ഥാനത്തേക്ക് ഹാഷിം സഫിയെദ്ദീൻ വരാനാണ് കൂടുതൽ സാധ്യതയെന്ന് പറയുന്നു. നസ്‌റല്ലയുടെ ബന്ധുവും ഹിസ്‌ബുല്ല എക്സിക്യൂട്ടീവ് കൗൺസിൽ മേധാവിയുമാണ് സഫിയെദ്ദീൻ. ഹിസ്ബുല്ലയുടെ രാഷ്ട്രീയ–സാമ്പത്തിക കാര്യങ്ങളിൽ നിർണായക പങ്കു വഹിക്കുന്നയാളാണ് സഫിയെദ്ദീൻ. 1964ൽ ജനിച്ച ഇദ്ദേഹം ഇറാനുമായും അടുത്ത ബന്ധം പുലർത്തുന്നതിനാൽ അവർക്കും സ്വീകാര്യനാകും.

ഇറാൻ മതനേതാക്കളുടെ പഠനകേന്ദ്രമായ ഖോമിൽ തന്നെയായിരുന്നു സഫിയെദ്ദീന്റെ മതപഠനവും. മാത്രമല്ല ഇറാന്റെ കൊല്ലപ്പെട്ട മുൻ സൈനിക മേധാവി ഖാസിം സുലൈമാനിയുടെ മകളെയാണ് സഫിയെദ്ദീന്റെ മകൻ റിദ വിവാഹം ചെയ്തിട്ടുള്ളത്. 2017ൽ യുഎസ് ഭീകരരുടെ പട്ടികയിൽ സഫിയെദ്ദീനെയും ഉൾപ്പെടുത്തിയിരുന്നു. സൗദി അറേബ്യയും സഫിയെദ്ദീന് നേരത്തെ ഉപരോധമേർപ്പെടുത്തിയിരുന്നു.

ഹസൻ നസ്റല്ലയെ ലക്ഷ്യമിട്ടു തെക്കൻ ബെയ്റൂട്ടിലെ ദഹിയയിൽ ഇന്നലെ ഇസ്രയേൽ കനത്ത മിസൈൽ ആക്രമണം നടത്തിയിരുന്നു. വൻസ്ഫോടനങ്ങളോടെ 4 കെട്ടിടസമുച്ചയങ്ങൾ തകർന്നടിഞ്ഞു. ഹിസ്ബുല്ലയുടെ സെൻട്രൽ കമാൻഡ് ആസ്ഥാനം ലക്ഷ്യമിട്ടായിരുന്നു ആക്രമണമെന്ന് ഇസ്രയേൽ സൈന്യം വ്യക്തമാക്കി. ഒരു മരണം അധികൃതർ സ്ഥിരീകരിച്ചു. 50 പേർക്കു പരുക്കേറ്റു.

സ്ഫോടനത്തിന്റെ ആഘാതത്തിൽ 24 കിലോമീറ്റർ അകലെയുള്ള കെട്ടിടങ്ങളും കുലുങ്ങി. കഴിഞ്ഞ വെള്ളിയാഴ്ച, ഹിസ്ബുല്ലയുടെ മുതിർന്ന നേതാവ് ഇബ്രാഹിം ആക്വിൽ കൊല്ലപ്പെട്ടത് ദഹിയയിൽ ഇസ്രയേൽ നടത്തിയ സമാനമായ ആക്രമണത്തിലാണ്.

ഹസൻ നസ്റല്ലയ്ക്ക് ഇനി ലോകത്തെ ഭയപ്പെടുത്താൻ കഴിയില്ലെന്ന് ഇസ്രയേൽ സൈന്യം സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്സിൽ കുറിച്ചു. ഹസൻ നസ്രല്ല കൊല്ലപ്പെട്ടെന്ന് സൈനിക വക്താവ് ലെഫ്നന്റ് കേണൽ നദവ് ശോഷാനിയും എക്സിലൂടെ അറിയിച്ചു. വെള്ളിയാഴ്ച ലെബനൻ തലസ്ഥാനത്ത് നടന്ന ആക്രമണങ്ങളെത്തുടർന്ന് ഹിസ്ബുള്ള മേധാവിയെ വകവരുത്തിയെന്ന് സൈനിക വക്താവ് ക്യാപ്റ്റൻ ഡേവിഡ് അവ്രഹാം എഎഫ്പിയോട് സ്ഥിരീകരിച്ചു.

അതേസമയം, നസ്റല്ല കൊല്ലപ്പെട്ടിട്ടില്ലെന്ന് വ്യക്തമാക്കി നേരത്തെ ഹിസ്ബുള്ള രംഗത്തെത്തിയിരുന്നു. ഇസ്രയേൽ ലക്ഷ്യമിട്ടുള്ള സ്ഥലത്ത് അദ്ദേഹം ഇല്ലായിരുന്നെന്ന് സംഘടനയുടെ മീഡിയ റിലേഷൻ ഓഫീസർ ഹജ്ജ് മുഹമ്മദ് അഫീഫ് ഇറാനിയൻ മാദ്ധ്യമത്തെ അറിയിച്ചിരുന്നു. ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു യുഎന്നിൽ അഭിസംബോധന നടത്തിയതിന് പിന്നാലെയായിരുന്നു ബെയ്റൂട്ടിൽ സൈന്യം വ്യോമാക്രമണം നടന്നത്. ഹിസ്ബുള്ള കമാൻഡർമാരെ ഉന്നമിട്ട് ഇസ്രയേൽ തെക്കൻ ബെയ്റൂട്ടിൽ നടത്തിയ നാലാമത്തെ ആക്രമണമാണിത്.

കരയുദ്ധത്തിന്റെ മുന്നറിയിപ്പ് നൽകി ഇസ്രയേൽ സൈന്യം ലെബനന്റെ വടക്കൻ അതിർത്തിയിൽ കൂടുതൽ ടാങ്കുകളും കവചിത വാഹനങ്ങളും വിന്യസിച്ചിരിക്കുകയാണ്. കരവഴി ലെബനനിലേക്ക് കടക്കാൻ ഇസ്രയേൽ സൈന്യത്തിന് നിർദ്ദേശം നൽകിയതിന് പിന്നാലെയാണ് നീക്കം. യുദ്ധത്തിന് തയ്യാറായിരിക്കണമെന്ന് ഇസ്രയേൽ പ്രതിരോധമന്ത്രി യോവ് ഗാല്ലന്റ് സൈന്യത്തോട് നിർദ്ദേശിച്ചുവെന്നാണ് റിപ്പോർട്ട്.

Leave a Reply

Your email address will not be published. Required fields are marked *

Related News

Latest News