ഭൂമിയിടപാട് കേസില്‍ മുഖ്യമന്ത്രി ഒന്നാം പ്രതി

ബെംഗളൂരു: കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യക്കെതിരെ, മൈസൂർ അർബൻ ഡെവലപ്‌മെൻ്റ് അതോറിറ്റി ഭൂമി ഇടപാട് കേസില്‍ പൊലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തു.

മൈസൂരു ലോകായുക്ത പൊലീസെടുത്ത കേസിൽ ഒന്നാം പ്രതിയാക്കിയാണ് സിദ്ധരാമയ്യ.ഭാര്യ പാർവതി, ഭാര്യാസഹോദരൻ മല്ലികാർജുൻ സ്വാമി, ദേവരാജ് എന്നിവരാണ് എഫ്‌ഐആറില്‍ പേരുള്ള മറ്റുള്ളവർ. കേസില്‍ സിദ്ധരാമയ്യയെ പ്രോസിക്യൂട്ട് ചെയ്യാമെന്ന ബെംഗളൂരുവിലെ പ്രത്യേക കോടതി ഉത്തരവിട്ട സാഹചര്യത്തിലാണ് പൊലീസ് നടപടി.

പാർവതിക്ക് മൈസൂരുവില്‍ ഭൂമി അനുവദിച്ചത് നിയമവിരുദ്ധമാണെന്നും ഇത് ഖജനാവിന് 50 കോടിയിലധികം രൂപയുടെ നഷ്ടമുണ്ടാക്കിയെന്നുമായിരുന്നു കേസ്.

ബുധനാഴ്ചയാണ്,ഈ കേസില്‍ സിദ്ധരാമയ്യക്കെതിരെ ലോകായുക്ത പൊലീസ് അന്വേഷണത്തിന് ബെംഗളൂരുവിലെ പ്രത്യേക കോടതി ഉത്തരവിട്ടത്. മൈസൂരു അർബൻ ഡെവലപ്‌മെൻ്റ് അതോറിറ്റിയുടെ ഭൂമി അനുവദിച്ചതില്‍ ക്രമക്കേട് നടത്തിയെന്ന കേസിലായിരുന്നു വിധി. സിദ്ധരാമയ്യയെ പ്രോസിക്യൂട്ട് ചെയ്യാമെന്ന ഗവർണരുടെ നിർദേശം ചോദ്യംചെയ്തുള്ള അദ്ദേഹത്തിന്റെ ഹർജി തള്ളിയായിരുന്നു കോടതി ഉത്തരവ്.

താൻ പ്രതിയോ പങ്കാളിയോ അല്ലാത്ത ഭൂമി ഇടപാടില്‍ തന്നെ പ്രോസിക്യൂട്ട് ചെയ്യാൻ അനുമതി നല്‍കിയ ഗവർണറുടെ നടപടി ചട്ടവിരുദ്ധമെന്ന് കാണിച്ചായിരുന്നു സിദ്ധരാമയ്യയുടെ ഹരജി. എന്നാല്‍ അസാധാരണ സാഹചര്യത്തില്‍ ഗവർണർക്ക് സ്വന്തം നിലയില്‍ തീരുമാനമെടുക്കാമെന്നായിരുന്നു കോടതിയുടെ നിലപാട്.

മൈസൂരു നഗരവികസന അതോറിറ്റി, ഏറ്റെടുത്ത ഭൂമിക്ക് പകരം അതിനെക്കാള്‍ മൂല്യമേറിയ ഭൂമി സ്ഥലം പകരം നല്‍കി എന്നതാണ് കേസ്. സിദ്ധരാമയ്യയുടെ ഭാര്യ പാര്‍വതിയില്‍നിന്ന് 3.2 ഏക്കര്‍ ഭൂമി (സഹോദരന്‍ മല്ലികാര്‍ജുനസ്വാമിയാണ് പാര്‍വതിക്ക് ഈ ഭൂമി നല്‍കിയത്) ഏറ്റെടുക്കുകയും അതിന് പകരമായി കണ്ണായസ്ഥലത്ത് 14 പ്ലോട്ടുകള്‍ പകരം നല്‍കിയെന്നുമാണ് ആരോപണം.

പാര്‍വതിയില്‍നിന്ന് ഏറ്റെടുത്ത സ്ഥലത്തേക്കാള്‍ പതിന്മടങ്ങ് വിലയുള്ള ഭൂമിയാണ് ഇവര്‍ക്ക് പകരം നല്‍കിയതെന്നാണ് വിമര്‍ശനം. മൂവായിരം കോടി മുതല്‍ നാലായിരം കോടി രൂപയുടെ അഴിമതിയാണ് നടന്നിരിക്കുന്നതെന്നാണ് പ്രതിപക്ഷ പാര്‍ട്ടികള്‍ ആരോപിക്കുന്നത്.

അതേസമയം, കോടതി ഉത്തരവിന്റെ പശ്ചാത്തലത്തില്‍ രാജിവയ്ക്കില്ലെന്നും കേസില്‍ നിയമപോരാട്ടം തുടരുമെന്നും സിദ്ധരാമയ്യ പ്രതികരിച്ചിരുന്നു. താനൊരു തെറ്റും ചെയ്തിട്ടില്ല. തനിക്കെതിരെ ഇതാദ്യമായാണ് ഒരു രാഷ്ട്രീയ കേസ് രജിസ്റ്റർ ചെയ്യുന്നത്.

ഇതൊരു രാഷ്ട്രീയ കേസാണ്. തന്നെ ഭയക്കുന്നത് കൊണ്ടാണ് പ്രതിപക്ഷമായ ബിജെപി വേട്ടയാടുന്നതെന്നും‌ സിദ്ധരാമയ്യ ആരോപിച്ചിരുന്നു.